Connect with us

Articles

രാഹുല്‍ ഇന്ത്യക്ക് പുതിയ ദിശനിര്‍ണയിക്കുമോ?

Published

|

Last Updated

ഇന്നലെ രാവിലെയാണ് രാഹുല്‍ ഗാന്ധി പതിനാല് പ്രതിപക്ഷ പാര്‍ട്ടികളിലെ പാർലിമെന്റംഗങ്ങള്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കി ഐക്യ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തമായ സന്ദേശം നല്‍കിയത്. രാഷ്ട്രീയ വീക്ഷണങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടാകുമ്പോഴും രാജ്യം, രാജ്യത്തെ ജനങ്ങള്‍, അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍, രാജ്യത്തിന്റെ മൂല്യങ്ങള്‍ എന്നിവയില്‍ നമുക്ക് യോജിച്ചുപോകാന്‍ കഴിയുന്ന തത്വശാസ്ത്രമാണ് എല്ലാവര്‍ക്കുമുള്ളതെന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. പ്രധാന നേതാക്കളെല്ലാം ഐക്യത്തിന്റെ അനിവാര്യതയെ സംബന്ധിച്ച് ഊന്നല്‍ നല്‍കി സംസാരിച്ചു.
രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് സുകുതാ റായ്, സി പി എം നേതാവ് എളമരം കരീം, ആര്‍ ജെ ഡി നേതാവ് മനോജ് ജാ, ശിവസേന നേതാവ് സഞ്ജയ് റൗത് തുടങ്ങി വിവിധ പാര്‍ട്ടി എം പിമാര്‍ക്കൊപ്പമാണ് ഭക്ഷണം കഴിക്കാന്‍ ഇരുന്നത്. ബി ജെ പിയുടെ ജനവിരുദ്ധ ഭരണത്തിനെതിരില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ നിര ഐക്യപ്പെടണമെന്ന ആവശ്യം മുന്നേയുള്ളതാണെങ്കിലും പെഗാസസ് വിഷയത്തോടെ പ്രവൃത്തിയില്‍ വന്നതാണ് കാഴ്ച. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബംഗാളില്‍ തൃണമൂലും തമിഴ്നാട്ടില്‍ ഡി എം കെയും ബി ജെ പിയെയോ സഖ്യത്തെയോ പരാജയപ്പെടുത്തി രാജ്യത്തുടനീളം നല്‍കിയ സന്ദേശവും ഇപ്പോഴുള്ള ഐക്യ ശ്രമങ്ങള്‍ക്ക് വലിയ അളവില്‍ ഊര്‍ജം നല്‍കിയിട്ടുണ്ട്.

ബി ജെ പിക്ക് ആര് ബദലാകും എന്ന ചോദ്യം 2019ലെ പൊതു തിരെഞ്ഞെടുപ്പിന്റെ അവസരത്തില്‍ തന്നെ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നടത്തിയ മുന്നേറ്റവും ഹിന്ദി ഹൃദയ ഭൂമിയില്‍ രേഖപ്പെടുത്തിയ വിജയവും ബി ജെ പിയുടെ ബദല്‍ കോണ്‍ഗ്രസ്സ് തന്നെയാണെന്ന പ്രതീതി ഉണ്ടാക്കി. പലയിടത്തും കോണ്‍ഗ്രസ്സ് സഖ്യ ശ്രമങ്ങള്‍ നടത്തിയപ്പോഴും ചിലയിടങ്ങളില്‍ സഖ്യ രൂപവത്കരണങ്ങള്‍ അലങ്കോലപ്പെട്ടു. ഒറ്റക്ക് ജയിച്ചുകയറാമെന്ന, യാഥാര്‍ഥ്യത്തോട് യാതൊരു ബന്ധവുമില്ലാത്ത ചില നേതാക്കളുടെ അമിത ആത്മവിശ്വാസം അവിടെയൊക്കെ തിരിച്ചടിയായി. ചിലയിടങ്ങളില്‍ പ്രാദേശിക തലങ്ങളില്‍ നിലനില്‍ക്കുന്ന എതിര്‍പ്പുകളെ ദേശീയ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മറക്കാന്‍ കൂട്ടാക്കാതിരുന്നതും വലിയ വിനയായിത്തീര്‍ന്നു.
കോണ്‍ഗ്രസ്സ് പാര്‍ട്ടി പോലെ വിശാലമായ വേരുകളും സ്വാധീനവും ചരിത്രവും പാരമ്പര്യവും അവകാശപ്പെടാന്‍ മാത്രം മറ്റൊരു പാര്‍ട്ടിക്കും കഴിയാത്ത സാഹചര്യം ചൂണ്ടിത്തന്നെയാകണം ബി ജെ പി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള മൊത്തം ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്റെ തന്നെ തലയില്‍ കെട്ടിവെച്ച് അവര്‍ രംഗമൊഴിഞ്ഞത്. സുരക്ഷിത സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച് ബലിയാടുകളെ തേടുകയാണ് പലപ്പോഴും മറ്റു പാര്‍ട്ടികള്‍ ചെയ്തുവന്നിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നതിന്റെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിയില്‍ തന്നെ ഏല്‍പ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമം വിവിധ കോണുകളില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലെ തിരഞ്ഞെടുപ്പ് കാലത്ത് കളത്തില്‍ സജീവമായിരുന്ന വേറെ ഒരു നേതാവ് ഇവിടെയുണ്ടായിരുന്നില്ലതാനും.

അതേസമയം, കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധിക്കും മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ എന്ന വ്യവഹാര നിര്‍മിതിയില്‍ നിന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും പുറത്തുകടക്കണം. പകരം പ്രതിപക്ഷമാകുക എന്നത് എല്ലാ ചെറുതും വലുതുമായ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുത്തണം. ഐക്യമുന്നണിയുടെ ചാലകങ്ങളും ചട്ടുകങ്ങളുമായി കോണ്‍ഗ്രസ്സ് നില്‍ക്കട്ടെ. അവര്‍ പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം. അപ്പോള്‍ തന്നെ ദേശീയ തലത്തില്‍ മമതാ ബാനര്‍ജി, ശരത് പവാര്‍ തുടങ്ങിയ നേതാക്കളെ പ്രതിപക്ഷ ഐക്യ നിരയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. ദേവെഗൗഡ, ലാലുപ്രസാദ് യാദവ്, മുലായം സിംഗ് യാദവ് തുടങ്ങിയ നേതാക്കന്മാരും ഐക്യ നിരയെ ആശീര്‍വദിക്കട്ടെ.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ തന്നെയുള്ള ഭിന്ന സ്വരങ്ങളെ എങ്ങനെയാണ് പാര്‍ട്ടിയുടെ ഏറ്റവും നിര്‍ണായക നേതാവായ രാഹുല്‍ ഗാന്ധി കാണുന്നത് എന്ന ചോദ്യങ്ങള്‍ക്ക് ഏകദേശ ഉത്തരമായിക്കഴിഞ്ഞത് പാര്‍ട്ടിക്ക് മാത്രമല്ല മുഴുവന്‍ പ്രതിപക്ഷത്തിനും വലിയ ആശ്വാസമാകും. ഗുലാം നബി ആസാദ്, ജയറാം രമേശ്, ചിദംബരം, ആനന്ദ് ശര്‍മ, ശശി തരൂര്‍ തുടങ്ങിയ നേതാക്കളുമായി സംസാരിക്കാനും സംവദിക്കാനും കൂടുതല്‍ സമയം കണ്ടെത്തുന്ന രാഹുല്‍ ഗാന്ധി 2024ലെ പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടിക്ക് പുതിയ ദിശ നിര്‍ണയിക്കുകയാണെന്ന് വിലയിരുത്താം.
വര്‍ഷകാല പാര്‍ലിമെന്റ് സമ്മേളനം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് പ്രതിപക്ഷ എം പിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതും സംസാരിക്കുന്നതും.

അതിനിടക്ക് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യ ശ്രമങ്ങള്‍ ദേശീയ തലത്തില്‍ വലിയ തിരയിളക്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സോണിയാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളുമായും വിവിധ പ്രതിപക്ഷ നേതാക്കളുമായും മമതാ ബാനര്‍ജി നടത്തിയ ചര്‍ച്ചകള്‍ നേതാവിനെ സംബന്ധിച്ചല്ല മറിച്ച് അനിവാര്യമായും ഉണ്ടാകേണ്ട ഐക്യത്തെ പറ്റിയായിരുന്നു. സര്‍വ സന്നാഹങ്ങളുമായി വന്ന ബി ജെ പിയെ മമതാ ബാനര്‍ജി ഒറ്റക്ക് തോല്‍പ്പിച്ചു എന്ന പ്രതിച്ഛായ അവര്‍ക്ക് നല്‍കിയിരിക്കുന്ന ദൃശ്യതയും പ്രാധാന്യവും തീരെ ചെറുതല്ല. പാര്‍ലിമെന്റിനകത്ത് കോണ്‍ഗ്രസ്സ്- തൃണമൂല്‍ എം പിമാര്‍ വെവ്വേറെ ബ്ലോക്കുകളായാണ് സാധാരണ ഗതിയില്‍ പ്രതിഷേധിച്ചിരുന്നതെങ്കില്‍ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ്സിന്റെ കൂടെയാണ് തൃണമൂല്‍ സഭയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നില്‍ക്കുന്നത്.
വലിയ ഭൂരിപക്ഷം അവകാശപ്പെടുമ്പോഴും ഇരു സഭകളിലും ബി ജെ പിക്ക് പ്രതിപക്ഷ ബഹളങ്ങളെയും പ്രതിഷേധങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്നില്ല. പെഗാസസ്, കര്‍ഷക സമരം, ഇന്ധന വില വര്‍ധന തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ സഭ മുടങ്ങാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. അതായത് ഇത്തവണത്തെ സഭാ സമ്മേളനത്തില്‍ ഒരൊറ്റ ദിവസം പോലും സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചു വിടാതിരുന്നിട്ടില്ല. ഇങ്ങനെയൊരു സഭാസമ്മേളനം ചരിത്രത്തില്‍ ഒരുപക്ഷേ ഇതാദ്യമായിരിക്കും.

കൊവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ പരാജയമായിരുന്നു എന്ന സത്യം മാധ്യമങ്ങളെ സ്വാധീനിച്ച് മൂടിവെക്കാമെന്ന് മോദി ധരിക്കുന്നത് വിഡ്ഢിത്തമാണെന്ന് തെളിഞ്ഞതാണ്. ഇതുതന്നെയാണ് ഇന്ധന വില വര്‍ധനവിന്റെ വിഷയത്തിലും രാജ്യത്ത് നടക്കുന്നത്. പെഗാസസ് വിവാദത്തില്‍ നിലനില്‍ക്കുന്ന പ്രതിഷേധങ്ങളുടെ ഊക്കും ഊര്‍ജവും ചോരുന്നില്ലെന്ന് ഓരോ ദിവസത്തെയും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നു.

എന്‍ എസ് അബ്ദുല്‍ഹമീദ്‌

Latest