Connect with us

Kerala

ആഡംബര ബൈക്ക് കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍ ആഡംബര ബൈക്കുകള്‍ കവരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. കുറ്റിക്കാട്ടൂര്‍ ഭൂമി ഇടിഞ്ഞ കുഴിയില്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22), അജയ് (22) എന്നിവരെയാണ് വാഹനങ്ങള്‍ സഹിതം പിടികൂടിയത്. ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്ക് മോഷണം നടത്തിവന്ന പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചേവായൂര്‍ എസ് ഐ. ഷാന്‍ എസ് എസിന്റെ നേതൃത്വത്തില്‍ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടെ, കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

നഗരത്തില്‍ ബൈക്കുകള്‍ മോഷണം പോവുന്നത് അടുത്തിടെയായി പതിവായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ കര്‍ശന വാഹന പരിശോധനക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രാത്രി കാലങ്ങളില്‍ കറങ്ങി നടക്കുന്ന പ്രതികള്‍ വീടുകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും മറ്റും നിര്‍ത്തിയിടുന്ന വില കൂടിയ ന്യൂജന്‍ ബൈക്കുകള്‍ മോഷണം നടത്തുകയാണ് ചെയ്തിരുന്നത്. വാഹനത്തിന്റെ ഹാന്‍ഡ് ലോക്ക് തകര്‍ത്ത് വയര്‍ ഷോട്ടാക്കിയാണ് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത്. വാഹനത്തിന്റെ നമ്പര്‍ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി.

---- facebook comment plugin here -----

Latest