Connect with us

Articles

വേണം, ഹരിത കെട്ടിടങ്ങൾ

Published

|

Last Updated

ജൈവ ഇന്ധനം മൂലമുണ്ടാകുന്ന മലിനീകരണം 2022ൽ വലിയ തോതിൽ വർധിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്റർനാഷനൽ എനർജി ഏജൻസി റിപ്പോർട്ടിൽ പറയുന്നു. പാരമ്പര്യ ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തിയുള്ള വികസനം വർധിച്ചു വരുന്നുണ്ടെങ്കിലും അവയുടെ ഉത്പാദന തോതിനേക്കാൾ കൂടുതലാണ് ഇപ്പോഴുള്ള ആവശ്യവും ഉപയോഗവുമെന്നതിനാൽ ഊർജോത്പാദനത്തിന് കൽക്കരി പോലെയുള്ള ജൈവ ഇന്ധന മാർഗങ്ങളെ തന്നെ ആശ്രയിക്കുകയാണിപ്പോൾ. 2021ൽ കണക്കാക്കുന്ന അഞ്ച് ശതമാനം വർധനവിന്റെ പകുതിയും ജൈവ ഇന്ധനം ഉപയോഗിച്ചു ഉത്്പാദിപ്പിക്കേണ്ടതായത് കൊണ്ട് തന്നെ കാർബൺ ഡൈഓക്‌സൈഡ് ഉദ്വമനം ഏറ്റവും ഉയർന്ന നിരക്കിലെത്തും.

2020ൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണുകൾ കാരണം ലോകത്തെ പല വ്യവസായശാലകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നതിനാൽ ആ വർഷം വൈദ്യുതി ഉപഭോഗം ആഗോളാടിസ്ഥാനത്തിൽ തന്നെ കുറവായിരുന്നു. എന്നാൽ അൺലോക്ക് പ്രക്രിയകൾ തുടങ്ങിയതോടെ 2021ൽ അഞ്ച് ശതമാനവും 2022ൽ നാല് ശതമാനവും വർധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ, ചൈന ഉൾപ്പെടുന്ന ഏഷ്യ പസഫിക് മേഖലയിൽ നിന്നായിരിക്കും വൈദ്യുതിക്ക് കൂടുതൽ ആവശ്യം ഉണ്ടാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ ഡിമാൻഡ് ഉണ്ടാവുമ്പോൾ അതിനാവശ്യമായ ഊർജോത്്പാദനം കാരണമായി അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിലാണ് ആശങ്കപ്പെടേണ്ടത്. ഇങ്ങനെ വികസനത്തിന് വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്താൽ അത് നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമായി മാറും. ഇപ്പോൾ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങൾ മൂലം പ്രയാസം അനുഭവിക്കുകയാണ്.

കാർബൺ മലിനീകരണം കുറക്കേണ്ടതിന്റെ ആവശ്യകതയെ ആഗോള സമൂഹം അഭിസംബോധന ചെയ്യുന്നതിനാൽ റിന്യൂവബിൾ എനർജി മേഖലയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുക തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ലോകത്ത് പല ഭാഗങ്ങളിലും സൗരോർജം, കാറ്റ്, ബയോ മാസ് തുടങ്ങിയ പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾ വലിയ രീതിയിൽ തന്നെ നടന്നു വരുന്നുണ്ട്. അതിനെ എല്ലായിടത്തേക്കും വ്യാപിപ്പിക്കുക എന്നതാണ് പ്രധാനം. ഏതു ചെറിയ പ്രവർത്തനത്തിൽ പോലും പരിസ്ഥിതി സൗഹാർദമായ രീതികൾ അവലംബിക്കുക നല്ലതായിരിക്കും. മലേഷ്യ പോലെയുള്ള രാജ്യങ്ങൾ നടപ്പാക്കിയ ഗ്രീൻ ബിൽഡിംഗ് ഇൻഡക്‌സ് അതിനുദാഹരണമാണ്. വിഭവ ഉപയോഗത്തിൽ കാര്യക്ഷമത ഉണ്ടാകും വിധത്തിൽ നിർമാണം രൂപപ്പെടുത്തുന്നതാണ് ഗ്രീൻ ബിൽഡിംഗ് എന്നത് കൊണ്ട് അർഥമാക്കുന്നത്. അത്തരത്തിലുള്ള നിർമാണം കാരണം മനുഷ്യർക്കോ, പ്രകൃതിക്കോ വലിയ ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ഗ്രീൻ ബിൽഡിംഗുകൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ അതിന്റെ ചുറ്റുമുള്ള പരിസ്ഥിതിക്കുണ്ടായേക്കാവുന്ന ആഘാതങ്ങൾ കുറക്കുവാൻ സാധിക്കും.

ലോകത്തെ പല രാജ്യങ്ങളും അവരുടെ ഭൂമിശാസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ വിവിധ ഇൻഡെക്‌സുകളും പ്രോട്ടോകോളുകളും തുടർന്ന് പോരുന്നുണ്ട്. ഹരിത കെട്ടിടങ്ങൾ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് പുറമേ “വർക്ക് പ്ലേസ് പ്രൊഡക്ടിവിറ്റി” വർധിപ്പിക്കാനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പ്രാദേശികതലത്തിലും ആഗോളതലത്തിലും ആവാസവ്യവസ്ഥയുടെ ശേഷി നിലനിർത്തിക്കൊണ്ടുതന്നെ മനുഷ്യജീവിതത്തിന്റെ നിലവാരം നിലനിർത്താനും മെച്ചപ്പെടുത്താനും ഹരിത കെട്ടിടങ്ങൾക്ക് കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഊർജ സംരക്ഷണത്തിനും വിഭവ സംരക്ഷണത്തിനും പുറമേ ഒരു കെട്ടിടത്തിൽ നിന്നും പുറത്തേക്ക് പകരാൻ സാധ്യതയുള്ള വിഷ വസ്തുക്കളുടെ അല്ലെങ്കിൽ വാതകങ്ങളുടെ പുറന്തള്ളലും ഇത്തരത്തിലുള്ള കെട്ടിടങ്ങൾ നിയന്ത്രിക്കുന്നു. അതിനുപുറമേ ഇത്തരം കെട്ടിടങ്ങൾ പ്രാദേശിക കാലാവസ്ഥ, പാരമ്പര്യം, സംസ്‌കാരം, ചുറ്റുമുള്ള പരിസ്ഥിതി എന്നിവയോട് അടുത്ത് നിൽക്കുന്നതുമായിരിക്കും.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിക്ക് കീഴിൽ 2001ലാണ് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ രൂപവത്കരിക്കപ്പെടുന്നത്. ഏകദേശം 6,300 പ്രൊജക്ടുകളാണ് ഐ ജി ബി സിക്ക് കീഴിൽ രജിസ്റ്റർ ചെയ്തത്. 2,100ലധികം പ്രൊജക്ടുകൾക് റേറ്റിംഗ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ പരിസ്ഥിതി സൗഹൃദപരവും മലിനീകരണം കുറക്കുന്നതുമായ രീതികൾ അവലംബിക്കുന്നതിലൂടെ ലോകം നേരിട്ട് കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ നല്ലൊരു ശതമാനവും കുറക്കാവുന്നതാണ്. സർക്കാറുകൾ ഗ്രീൻ ബിൽഡിംഗ് പ്രോട്ടോകോളുകൾ പാലിക്കുമെങ്കിൽ നല്ലൊരു ശതമാനം കെട്ടിടങ്ങളും പരിസ്ഥിതിക്ക് ഇണങ്ങുന്നതായിത്തീരും. സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങി കോർപറേറ്റ് പ്രൊജക്ടുകൾ വരെ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാൽ അത് മറ്റുള്ളവർക്ക് മാതൃകയായിത്തീരും. ചില മുസ്‌ലിം രാജ്യങ്ങൾ അവരുടെ പള്ളികളെ ഇത്തരത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മൊറോക്കോയിലെ ജാമിഅ ഖുതുബിയ, ഹസൻ മോസ്‌ക് തുടങ്ങി രാജ്യത്തെ 15,000 പള്ളികളാണ് ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ ഗ്രീൻ ബിൽഡിംഗ് പ്രോട്ടോകോളിൽ രൂപപ്പെടുത്തിയത്. പള്ളികളിലെ വിളക്കുകൾ, ശീതീകരണികൾ, വെള്ളം ചൂടാക്കുന്ന സംവിധാനങ്ങൾ തുടങ്ങിയവ ഊർജ ക്ഷമതയുള്ളവയാകുകയും ഇതിലേക്കാവശ്യമായ വൈദ്യുതിക്ക് വേണ്ടി സോളാർ പാനലുകൾ സംവിധാനിക്കുകയും ചെയ്തതിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു.

ഇങ്ങനെ ചെയ്തതിലൂടെ മാസത്തിൽ വരുന്ന ചെലവിന്റെ 80 ശതമാനത്തോളം ലാഭിക്കാൻ കഴിഞ്ഞുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്തോനേഷ്യയിൽ അവരുടെ പണ്ഡിത സഭയായ മജ്‌ലിസുൽ ഉലമയുടെ കീഴിലാണ് ഇക്കോ മസ്ജിദ് പദ്ധതി നടന്നു വരുന്നത്. ആശയ കൈമാറ്റത്തിനും സാങ്കേതിക സഹായത്തിനുമായി വിവിധ സർവകലാശാലകളുമായും ടെക്‌നിക്കൽ സ്ഥാപനങ്ങളുമായും മജ്‌ലിസുൽ ഉലമ ധാരണയിലെത്തിയിട്ടുണ്ട്. പദ്ധതിക്കായി ആദ്യം തിരഞ്ഞെടുത്ത മസ്ജിദായിരുന്നു സെന്റുളിലെ “മസ്ജിദ് അൽ ദിക്‌റാ”. പദ്ധതി നടപ്പിലാക്കിയ ശേഷം മാസത്തിൽ മസ്ജിദിന് രണ്ടായിരത്തോളം ഡോളർ ലാഭിക്കാനാവുന്നു. ജോർദാനിൽ 2012ൽ ഊർജ, ധാതു മന്ത്രാലയം സ്ഥാപിച്ച ജോർദാൻ റിന്യൂവബിൾ എനർജി ആൻഡ് എനർജി എഫിഷ്യൻസി ഫണ്ടിനു കീഴിൽ രാജ്യത്തെ 6,500 പള്ളികളിലാണ് സോളാർ പാനൽ ഘടിപ്പിക്കുകയും അതുകൊണ്ടുള്ള ഊർജത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത്.

വിവിധ സ്ഥാപനങ്ങൾ തങ്ങൾക്ക് കഴിയുന്ന രൂപത്തിൽ നൂതന മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ആത്യന്തികമായി ജൈവ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഊർജോത്പാദനത്തിലാണ് കുറവ് വരുന്നത്. ഇത് കാരണമായി കാർബൺ ഡൈ ഓക്‌സൈഡ് കൊണ്ടുള്ള മലിനീകരണത്തിൽ കുറവ് വരുത്താൻ സാധിക്കും. എണ്ണ സമ്പന്ന രാജ്യങ്ങളിലെ അസ്ഥിരമായ സാഹചര്യങ്ങൾ, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങൾ എല്ലാം ചേർത്ത് വെച്ച് നോക്കുമ്പോൾ ഫോസിൽ ഇന്ധനത്തിന്റെ വിലയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും. ഇങ്ങനെയുള്ള ഏറ്റക്കുറച്ചിലുകൾ തീർച്ചയായും എണ്ണയെ അല്ലെങ്കിൽ ജൈവ ഇന്ധനങ്ങളെ ആശ്രയിച്ചു കഴിയുന്ന ഒരു സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. അത് മറ്റു ഉപഭോഗ, ഉത്പാദന പ്രവർത്തനങ്ങളെയും ബാധിക്കുമല്ലോ.

എന്നാൽ ഫോസിൽ ഇന്ധനത്തിന് ബദൽ ഊർജ മാർഗങ്ങൾ ഉപയോഗിക്കുന്ന സാമ്പത്തിക വ്യവഹാരങ്ങൾ രൂപപ്പെടുമ്പോൾ ഉത്പാദന, ഉപഭോഗ മേഖലയിലെ ആഘാതം കുറക്കാൻ സാധിക്കും. അതുവഴി, സാമ്പത്തിക വ്യതിയാനങ്ങളില്ലാത്ത സുസ്ഥിര സാമ്പത്തിക ക്രമം രൂപപ്പെടുത്താനുമാകും.

---- facebook comment plugin here -----

Latest