Connect with us

Articles

ആരോഗ്യജാഗ്രതയിൽ ബലിപെരുന്നാള്‍ ആഘോഷിക്കാം

പ്രവാചക കുലപതി എന്നാണ് ഹസ്രത്ത് ഇബ്‌റാഹീം നബി (അ)യെ ഇസ്‍ലാം പരിചയപ്പെടുത്തുന്നത്. തീക്ഷ്ണമായ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോവുകയും അല്ലാഹുവിലുളള സമഗ്രമായ സമര്‍പ്പണത്തിലൂടെ പ്രതിസന്ധികളെ അതിജയിക്കുകയും ചെയ്ത വിസ്മയമാണ് അവരുടെയും കുടുംബത്തിന്റെയും ചരിത്രം. ഈ സ്മരണകളുമായാണ് വീണ്ടും ബലിപെരുന്നാള്‍ എത്തിയിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം കഅ്ബ പടുത്തുയര്‍ത്തി ഇബ്‌റാഹീം നബി വിശ്വാസികളെ മക്കയിലേക്ക് ക്ഷണിച്ചു. ആ വിളിക്കുത്തരം നല്‍കിക്കൊണ്ട് അല്ലാഹുവിന്റെ അതിഥികളായി വിശ്വാസി സഞ്ചയം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു.

ത്യാഗത്തിനും സമര്‍പ്പണത്തിനും സമ്മാനമെന്താണെന്ന് ഇബ്‌റാഹീമീ മാര്‍ഗം കാണിച്ചു തരുന്നു. യുഗാബ്ദങ്ങളെ നേര്‍വഴിക്കു നടത്തിയ പ്രവാചക പരമ്പര ആ താവഴിയിലൂടെയാണ് കടന്നു വന്നത്. അവസാനം തിരു നബിയിലൂടെ (സ) സുന്ദരമായ സമാപ്തി കുറിച്ചു.

മനുഷ്യ ചരിത്രത്തിലെ പ്രമുഖ ദര്‍ശനങ്ങളെല്ലാം കടന്നു വന്നത് ഇബ്‌റാഹീമീ താവഴിയിലൂടെയാണ്. പ്രവാചക കുലപതിയുടെ ത്യാഗബോധവും അനുസരണാ ശീലവും അധര്‍മത്തിനെതിരെയുള്ള ധീര നിലപാടുകളുമൊക്കെയാണ് ഈ ധര്‍മദര്‍ശനങ്ങളുടെ അന്തസ്സത്ത. വിട്ടൊഴിയാത്ത മാരികള്‍ക്കും വിടുതലില്ലാത്ത തിരിച്ചടികള്‍ക്കുമുള്ള മറുപടി ക്ഷമയും സഹനവും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയുമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ബലിപെരുന്നാള്‍. പരസ്പരം പങ്കിട്ടും സഹായവും സഹകരണങ്ങളും നല്‍കിയും വെല്ലുവിളികളെ അതിജയിക്കാനാകുമെന്ന് ഈ പുണ്യദിനം പഠിപ്പിക്കുന്നു.

ശരീരത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യല്‍ എല്ലാവരുടെയും നിര്‍ബന്ധ ബാധ്യതയാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാകണം. ഭിന്നതക്ക് ആക്കം കൂട്ടുന്ന പ്രവണത എല്ലാവര്‍ക്കും ആപത്താണ്. സമുദായ, രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇക്കാര്യം തിരിച്ചറിയണം.

മഹാമാരിക്കെതിരെയുള്ള ജാഗ്രത തുടരണം. എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുകയെന്ന യജ്ഞത്തോട് സഹകരിക്കണം. രോഗപ്രതിരോധത്തിന് ആരോഗ്യ വിദഗ്ധരും സര്‍ക്കാറും നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന പ്രവണത ആത്മഹത്യാപരമാണ്. ആള്‍ക്കൂട്ടങ്ങളില്ലാതെയും ആരോഗ്യജാഗ്രത പുലര്‍ത്തിയുമുള്ളതാവണം ബലിപെരുന്നാള്‍ ആഘോഷം.

എല്ലാവര്‍ക്കും ഈദുല്‍ അക്ബര്‍ ആശംസകള്‍.

Latest