Connect with us

Education

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ആഗോള മികവിലേക്കുയരണം: എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ്

Published

|

Last Updated

എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ് സമാപന സെഷന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് | കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഏറെ നിരാശപ്പെടുത്തുന്നുവെന്നും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ കൈക്കൊള്ളണമെന്നും എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ്, പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. യൂനിവേഴ്‌സിറ്റി, കോളേജ്, എൻജിനീയറിംഗ്, ലോ, ഡെന്റല്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗ് പട്ടികയുടെ ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചത് ഒരു സ്ഥാപനം മാത്രമാണ്.

ഉന്നതവിദ്യാഭ്യാസരംഗം കൈകാര്യം ചെയ്യാനായി വകുപ്പ് മന്ത്രിയുള്ള സംസ്ഥാനമാണ് നമ്മുടേത്. ആ സാധ്യതയെ കൃത്യമായ ആസൂത്രണങ്ങളോടെ ഉപയോഗപ്പെടുത്താനാകണം. ഇതിനായി ലോകത്തെ മുന്‍നിര സര്‍വകലാശാലകളിലെ രീതികള്‍ പഠിച്ച് മാതൃകായോഗ്യമായവ സ്വീകരിക്കേണ്ടതുണ്ട്. മികച്ച അക്കാദമിക് അന്തരീക്ഷം ലഭിക്കുന്നതിന് കേരളത്തിന് പുറത്തേക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ ഗൗരവമായി കാണേണ്ടതുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി സൗഹൃദമായ പദ്ധതികളിലൂടെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരം മികച്ചതാക്കാന്‍ കഴിയുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. എസ് എസ് എഫ് സംസ്ഥാന കാമ്പസ് സെക്രട്ടറി ഡോ.അബൂബക്കര്‍ കാടാമ്പുഴ പ്രമേയം അവതരിപ്പിച്ചു.

മൂന്ന് ദിവസം നീണ്ടുനിന്ന പ്രൊഫ്‌സമ്മിറ്റില്‍ രാജ്യത്തെ വ്യത്യസ്ത കാമ്പസുകളില്‍ നിന്നായി പ്രൊഫഷണല്‍ കോഴ്‌സ് ചെയ്യുന്ന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പ്രതിനിധികളായിരുന്നു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി  14  വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ കോണ്‍ഫറന്‍സ് കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനിലാണ് സംഘടിപ്പിച്ചത്. മതം, രാഷ്ട്രീയം, സാമൂഹികം, പഠനം, കരിയര്‍, കല തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് പണ്ഡിതരും  വിദ്യാഭ്യാസ വിചക്ഷണരും നേതൃത്വം നല്‍കി. സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീര്‍ അല്‍ അഹ്ദല്‍ കാസര്‍കോട് സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍, ഡോ.പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ശഫീഖ് ബുഖാരി, ഡോ. നൂറുദ്ദീന്‍ റാസി നേതൃത്വം നല്‍കി.
---- facebook comment plugin here -----

Latest