Articles
മന്ത്രിപ്പട്ടികയിലെ ബംഗാൾ മോഹം
 
		
      																					
              
              
            പ്രത്യേക ജനവിഭാഗ- ഭൂപ്രദേശങ്ങളിലേക്ക് അധിനിവേശം നടത്തുകയെന്നത് അധികാരമോഹികളുടെ ഏക്കാലത്തേയും സ്വഭാവ ഗുണങ്ങളിലൊന്നാണ്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഇതിന് നിരവധി ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. ജനാധിപത്യത്തിൽ അധിനിവേശ മോഹത്തിന് അതിന്റേതായ വേർഷനുകളുണ്ട്. ഇത്തരത്തിലൊന്നാണ് അമിത് ഷാ- മോദി കൂട്ടുകെട്ടിന്റെ ബംഗാൾ മോഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബംഗാൾ മോഹം അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയോടെ വ്യക്തമാകുന്നത്. രണ്ടാം മോദി സർക്കാറിന്റെ അഴിച്ചുപണിയിൽ സംസ്ഥാനത്തു നിന്നു മന്ത്രിസഭയിൽ ഉണ്ടായിരുന്ന ബാബുൽ സുപ്രിയോയും ദേബശ്രീ ചൗധരിയും പുറത്തേക്ക് പോയെങ്കിലും പകരമായി പശ്ചിമ ബംഗാളിന് ലഭിച്ചത് നാല് പുതിയ മന്ത്രിമാരെയാണ്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ബംഗാളിന് മതിയായ പ്രാതിനിധ്യം നൽകാൻ തയ്യാറാണെന്ന സന്ദേശമാണ് മോദി- അമിത് ഷാ കൂട്ടുക്കെട്ട് ഇതിലൂടെ നൽകുന്നത്.
നിയമസഭയിലെ അംഗബലം മൂന്നിൽ നിന്ന് 77ലെത്തിച്ചതിന്റെ നന്ദി പ്രകടനമല്ല ഇതിന് പിന്നിലെന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിശകലനങ്ങളിൽ നിന്ന് വ്യക്തമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മോഹങ്ങളാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്ന് വേണം മനസ്സിലാക്കാൻ. സംസ്ഥാനത്തെ പരമ്പരാഗത പാർട്ടി നേതൃത്വം ആവശ്യപ്പെട്ടവർക്കൊന്നും നൽകാതെ വിവിധ പാർട്ടികളിൽ നിന്ന് എത്തിവർക്കും ചില സമുദായങ്ങൾക്കും മന്ത്രിപദവി നൽകുന്നതിനാണ് അമിത് ഷായും മോദിയും ശ്രദ്ധിച്ചത്. മന്ത്രിമാരുടെ തിരഞ്ഞെടുപ്പിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് എതിർപ്പ് ഉയർന്നെങ്കിലും നാല് മന്ത്രിമാരേയും പ്രത്യേക ലക്ഷ്യത്തോട് കൂടിയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ വിഭജന ആവശ്യം ഉന്നയിച്ച ജോൺ ബാർല, പൗരത്വ ഭേദഗതി നിയമം വഴി പൗരത്വം നൽകുമെന്ന് ഉറപ്പുനൽകപ്പെട്ട മാതുവ വിഭാഗത്തിൽ നിന്നുള്ള ശാന്തനു താക്കൂർ, തൃണമൂലിൽ നിന്നെത്തിയ നിശീഥ് പ്രമാണിക്, സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാവ് ഡോ. സുഭാഷ് സർക്കാർ എന്നിവർക്കാണ് മന്ത്രിപദം നൽകിയത്. ഇവർ പട്ടിക ജാതി- വർഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.
2014ൽ മോദി അധികാരത്തിലെത്തിയത് മുതൽ ബി ജെ പിക്കുള്ളിൽ ബംഗാൾ മോഹം ഉടലെടുത്തിട്ടുണ്ട്. ബി ജെ പിക്ക് ബംഗാൾ പിടിക്കണമെന്ന ആഗ്രഹം ഉദിച്ചതിന് പല കാരണങ്ങളുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കടന്നുകയറ്റം സാധ്യമാകുന്നതിന് ബംഗാൾ പിടിക്കുകയെന്നത് നിർണായകമാണ്.
ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയഭൂമിശാസ്ത്രം മാറ്റിമറിക്കാനുള്ള അവസരം, ഇടത് പാർട്ടികളോടുള്ള പ്രത്യയശാസ്ത്ര പോരാട്ടം തുടങ്ങിയ നിരവധി കാരണങ്ങൾ അടങ്ങിയതാണ് ബി ജെ പിയുടെ ബംഗാൾ മോഹം. എന്നാൽ ബംഗാളിൽ ചുവടുവെക്കാൻ ആവശ്യമായ രാഷ്ട്രീയ അടിത്തറയും സാമൂഹിക സമവാക്യങ്ങളും ബി ജെ പിക്ക് സംസ്ഥാനത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മറ്റു പാർട്ടികളിൽ നിന്ന് നേതാക്കളേയും പ്രവർത്തകരേയും വിലക്കെടുക്കാൻ പദ്ധതി ആവിഷ്‌കരിച്ചത്. ആദ്യ ഘട്ടത്തിൽ വിവിധ പാർട്ടി പ്രവർത്തകരെ ബി ജെ പിയിലെത്തിക്കാനാണ് ശ്രമിച്ചത്. അമിത് ഷാ നേരിട്ടാണ് ബംഗാൾ വിഷയം കൈകാര്യം ചെയ്തത്. ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗീയയുടെ നേതൃത്വത്തിലുള്ള സംഘം ബംഗാളിൽ ക്യാമ്പ് ചെയ്തു ആസൂത്രണങ്ങൾ നടത്തി. ഹിന്ദു ഐക്യമെന്ന പ്രധാന അജൻഡ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ദളിത്, ആദിവാസി മേഖലകളിലും ഉന്നത ജാതി വിഭാഗങ്ങളിലും ഇതുവഴി സ്വധീനം ചെലുത്താനായി. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളെ അടർത്തി ബി ജെ പിയിലെത്തിച്ചു. തൃണമൂൽ കോൺഗ്രസിലെ രണ്ടാമനായിരുന്ന മുകുൾ റോയിയെ ബി ജെ പിയിലെത്തിച്ചാണ് ഈ പദ്ധതിക്ക് ഔദ്യോഗിക തുടക്കമിട്ടത്. 2017ൽ മുകുൾ റോയി ബി ജെ പിയിലെത്തുകയും ദേശീയ ഉപാധ്യക്ഷനായി നിയമിതനാകുകയും ചെയ്തു. ഈ തന്ത്രങ്ങളുടെയെല്ലാം ഫലമായി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ രാഷ്ട്രീയം ആദ്യമായി ബി ജെ പിക്ക് പ്രതീക്ഷ നൽകുന്ന വിജയം സമ്മാനിച്ചു. ഈ ആത്മവിശ്വാസത്തിലാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി ജെ പി എല്ലാ അസ്ത്രങ്ങളുമെടുത്ത് ഇറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ, കോൺഗ്രസ് എന്നിവയിൽ നിന്ന് ഇരുനൂറോളം നേതാക്കളെ ചാക്കിട്ടുപിടിച്ചു.
മമതാ ബാനർജിയുടെ ഉറ്റ അനുയായിയും മമതയെ അധികാരത്തിലെത്തിച്ച കർഷക പ്രതിഷേധം അരങ്ങേറിയ നന്ദിഗ്രാം ഉൾപ്പെടുന്ന പൂർവ മിഡ്നാപ്പൂർ പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള നേതാവുമായ സുവേന്ദു അധികാരിയെ ബി ജെ പി പാളയത്തിൽ എത്തിക്കാനായതും ആത്മ വിശ്വാസം വർധിപ്പിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മമത കൂടുതൽ കരുത്തയായി തിരിച്ചുവന്നു. അത്ര വേഗത്തിൽ വിലയിരുത്തിപ്പോകാവുന്ന കാരണങ്ങളല്ല മമതയുടെ വിജയത്തിൽ ഉണ്ടായിരുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊയാണെങ്കിലും ബംഗാൾ പിടിക്കണമെന്ന ബി ജെ പി മോഹത്തിന് അറുതി വന്നിട്ടില്ലെന്നാണ് മന്ത്രിസഭാ പുനഃസംഘടനയിലൂടെ വ്യക്തമാകുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ബംഗാളിൽ നിന്ന് വലിയൊരു ശതമാനം സീറ്റുകൾ വേണമെന്നാണ് അമിത് ഷായുടെ ആഗ്രഹം. ശാന്തനു താക്കൂറിനെ തിരഞ്ഞെടുത്തിരിക്കുന്നത് മാതുവ സമുദായങ്ങളിൽ നിന്നുള്ളവരെ സ്വധീനിക്കാനാണ്. ഏകദേശം രണ്ട് കോടിയോളം വരുന്ന മാതുവ സമുദായം ബംഗാളിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും. നോർത്ത് 24 പർഗാനകൾ, നാദിയ, ഹൗറ, ദിനാജ്പൂർ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുകയാണിവർ. ഈ മേഖലയിലാണ് മാതുവ വിഭാഗത്തിൽ നിന്ന് അടക്കമുള്ള ബംഗ്ലാദേശി ഹിന്ദുകുടിയേറ്റക്കാർ താമസിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പിൽ ഈ വിഭാഗത്തിന്റെ പിന്തുണ ബി ജെ പിക്ക് ലഭിച്ചിട്ടില്ല. ഇവരെ അടുപ്പിക്കാനാണ് ശാന്തനു താക്കൂറിന് മന്ത്രി പദവി നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിനെ വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന വ്യക്തിയാണ് ജോൺ ബാർല. വടക്കൻ ബംഗാളിലെ പട്ടിക വർഗ വിഭാഗങ്ങൾക്കിടയിലും തേയില തൊഴിലാളികൾക്കിടയിലും ബാർലക്ക് നല്ല സ്വധീമുണ്ട്. വടക്കൻ ബംഗാളിലെ നാല് ജില്ലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണ പ്രദേശം രൂപവത്കരിക്കണമെന്ന ആവശ്യം ഇദ്ദേഹം ഉന്നയിച്ചിരുന്നു. ഇത്തരത്തിലൊരു പ്രചാരണം അദ്ദേഹം ഈ മേഖലകളിൽ നടത്തുകയും ചെയ്തിരുന്നു. ആദിവാസി മേഖലകളിൽ സ്വാധീനമുള്ള വ്യക്തിയാണ് നിശീഥ്് പ്രമാണിക്.
അതേസമയം, അമിത് ഷാ- മോദി കൂട്ടുകെട്ടിന്റെ ഈ മന്ത്രിപ്പട്ടികയിൽ സംസ്ഥാന ബി ജെ പി നേതൃത്വത്തിലെ എല്ലാവരും തൃപ്തരല്ല. സുവേന്ദു അധികാരിയുടെ ഇഷ്ടക്കാർക്ക് മാത്രമാണ് അധികാര സ്ഥാനങ്ങൾ നൽകുന്നതെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ബി ജെ പിയുടെ യുവ നേതാവും എം പിയുമായ സൗമിത്ര ഖാൻ യുവമോർച്ച സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് തന്റെ വിയോജിപ്പ് അറിയിച്ചിരുന്നു. അമിത് ഷായുടെ ഇടപെടലിന് പിന്നാലെ സൗമിത്ര ഖാൻ രാജി പിൻവലിച്ചെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾ ഇപ്പോവും പാർട്ടിയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്. സൗമിത്ര ഖാൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് അമിത് ഷാ അടക്കമുള്ളവർ ഉറപ്പു നൽകി രംഗം ശാന്തമാക്കാൻ നോക്കുന്നത് ആ കലാപത്തിന്റെ ശക്തി അറിയുന്നത് കൊണ്ടാണ്. ചാക്കിട്ട്പിടിത്ത തന്ത്രത്തിലൂടെ പാർട്ടിയിലെത്തിച്ചവർ മമത വീണ്ടും അധികാരത്തിലെത്തിയതോടെ തിരിച്ചുപോക്ക് ആരംഭിച്ചതും ബി ജെ പിയുടെ പുതിയ മോഹങ്ങൾക്ക് തിരിച്ചടിയാണ്.
ബി ജെ പിയുടെ വർഗീയ രാഷ്ട്രീയത്തെ “ബംഗാൾ ദേശീയത” കൊണ്ട് മറികടക്കാനാണ് മമത ശ്രമിക്കുന്നത്. ഇടതു പാർട്ടികളുടെ ക്ഷീണം അവർ മുതലാക്കുന്നത് ബംഗാൾ വികാരം കത്തിച്ച് നിർത്തിയാണ്. കേന്ദ്രവുമായുള്ള അവരുടെ ഏറ്റുമുട്ടലുകൾ നോക്കിയാൽ ഇത് മനസ്സിലാകും. പിന്നെ, സംഘടനാ സംവിധാനം. ബി ജെ പിക്കുള്ളത് നുണ പറയാനുള്ള കുറേ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ്. അടിത്തട്ടിൽ പാർട്ടിയുണ്ടാക്കിയെടുക്കാൻ കാവി പാർട്ടിക്ക് ഒരു പാട് വിയർക്കേണ്ടി വരും.
ശാഫി കരുമ്പിൽ

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


