Connect with us

Ongoing News

യൂറോയിലെ ഡച്ച് മുന്നേറ്റത്തിന് ചെക്കിന്റെ അട്ടിമറി 'ചെക്ക്'

Published

|

Last Updated

ബുഡാപെസ്റ്റ് | യൂറോ 2020യില്‍ മൂന്ന് മത്സരങ്ങളിലും ആധികാരിക ജയം നേടി പ്രീക്വാര്‍ട്ടറിലെത്തിയ നെതര്‍ലാന്‍ഡ്‌സിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡച്ച് മുന്നേറ്റത്തെ ചെക്ക് തടഞ്ഞത്. ഇതോടെ നെതര്‍ലാന്‍ഡ്‌സ് യൂറോയില്‍ നിന്ന് പുറത്താകുകയും ചെക്ക് റിപ്പബ്ലിക് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 68ാം മിനുട്ടില്‍ തോമസ് ഹോള്‍സും 80ാം മിനുട്ടില്‍ പാട്രിക് ഷിക്കുമാണ് ചെക്കിന് വേണ്ടി ഗോളുകള്‍ നേടിയത്. ഒന്നാം പകുതി പിന്നിട്ട് അധികം വൈകും മുമ്പ് നെതര്‍ലാന്‍ഡ്‌സ് പത്ത് പേരിലേക്ക് ചുരുങ്ങിയതാണ് ചെക്ക് മേധാവിത്വത്തിന് പ്രധാന കാരണം.

ബോക്‌സിനടുത്ത് വെച്ച് കൈകൊണ്ട് ബോള്‍ തൊട്ടതിന് മത്തിസ് ഡി ലൈറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെയാണ് നെതര്‍ലാന്‍ഡ്‌സ് പത്ത് പേരിലേക്ക് ചുരുങ്ങിയത്. വാറിന്റെ സഹായത്തോടെയാണ് റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തത്. ബോക്‌സിലേക്കുള്ള ചെക്ക് താരത്തിന്റെ മുന്നേറ്റം തടയുമ്പോഴാണ് മത്തിസ് കൈ കൊണ്ട് ബോള്‍ തൊട്ടത്.

യൂറോയില്‍ ഒരു തോല്‍വിയും ഒരു ജയവും ഒരു സമനിലയുമായി ഭാഗ്യം കൊണ്ട് പ്രിക്വാര്‍ട്ടറിലെത്തിയ ചെക്കിന് ആധികാരിക വിജയം നല്‍കുന്നതായി ഈ പോരാട്ടം. തുടക്കത്തില്‍ ഇരു ടീമുകളും തുല്യശക്തികളെന്ന പോലെയാണ് കളിച്ചത്. മിസ് പാസിംഗും മുന്നേറ്റത്തിലെ പോരായ്മയും ഇരു കളങ്ങളിലും പ്രകടമായിരുന്നു. നിശ്ചിത സമയം പൂർത്തിയായതിനെ തുടർന്ന് റഫറി ആറ് മിനുട്ട് അനുവദിച്ചെങ്കിലും ആശ്വാസ ഗോൾ പോലും നേടാൻ ഓറഞ്ച് പടക്കായില്ല.