Connect with us

Kerala

മരംമുറിക്കാന്‍ അനുമതിയില്ല; കര്‍ഷകരെ മരംമുറി വിവാദത്തില്‍ ബലിയാടാക്കാന്‍ നീക്കം

Published

|

Last Updated

പത്തനംതിട്ട | പതിറ്റാണ്ടുകളായി മലയോര മേഖലയില്‍ കൈവശാവകാശവും പട്ടയവും സ്വന്തമായുള്ള കര്‍ഷകരെ മരംമുറി വിവാദത്തില്‍ ബലിയാടാക്കാന്‍ നീക്കം. കര്‍ഷക ഭൂമിയില്‍ നട്ടുവളര്‍ത്തിയതും കിളിര്‍ത്തു വന്നതുമായ മരങ്ങള്‍ മുറിക്കാന്‍ വനമേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളില്‍ നല്‍കിവന്ന അനുമതിയും മരവിപ്പിച്ചു. കേരളത്തില്‍ എല്ലാ വില്ലേജുകളിലും 1964 ഭൂപതിവ് നിയമം അനുസരിച്ച് നല്‍കിയിട്ടുള്ള പട്ടയങ്ങള്‍ നിലവിലുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മലയോര മേഖലകളിലാണ് മരംമുറിക്കു തടസ്സമുണ്ടാകുന്നത്. മറ്റു പ്രദേശങ്ങളിലും ഇത്തരം പട്ടയങ്ങള്‍ ഉണ്ടെങ്കിലും അവിടെ നിന്നെല്ലാം പാസ് വാങ്ങി ഈട്ടിയും തേക്കും അടക്കമുള്ള മരങ്ങള്‍ മുറിച്ചു കൊണ്ടുപോകുന്നതിനു തടസ്സമുണ്ടായിരുന്നില്ല.

മുട്ടില്‍ മരംമുറി വിവാദമായതോടെ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദേശ പ്രകാരം എല്ലാ മേഖലകളിലും മരങ്ങള്‍ മുറിക്കുന്നതിനു പാസ് നല്‍കുന്നതില്‍ തടസ്സമുണ്ടായിട്ടുണ്ട്. ഇതോടൊപ്പം മുമ്പ് പാസ് നല്‍കിയ മരങ്ങളുടെ പട്ടിക എടുക്കാനും നിര്‍ദേശമുണ്ട്. 1,458 വില്ലേജുകളിലെയും കൈവശ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പട്ടയം ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അംഗീകരിച്ചതും തുടര്‍ന്ന് അനുവദിച്ചു തന്നതുമായ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടുള്ള നീക്കം നേരത്തെയുമുണ്ടായതാണ്. ഇതേത്തുടര്‍ന്നാണ് ഉത്തരവുകള്‍ പലതും മാറിമാറിഞ്ഞത്.

പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശങ്ങള്‍ റവന്യു പാട്ടഭൂമിയിലും അവകാശപ്പെട്ട് ചിലര്‍ നടത്തിയ മരം മുറിക്കല്‍ വിവാദമായതോടെ അതിനു ബലിയാടുകളായി മലയോര കര്‍ഷകരെ മാറ്റരുതെന്ന ആവശ്യമാണ് വിവിധ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇതിനിടെ റവന്യൂ വകുപ്പ് നിര്‍ദേശ പ്രകാരം മരങ്ങളുടെ പട്ടിക തയാറാക്കുമെന്ന തീരുമാനവും ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. റവന്യൂ ട്രീ രജിസ്റ്ററിന്‍ പ്രകാരം കാലങ്ങള്‍ക്കു ശേഷം പട്ടിക തയാറാക്കാനാകില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഇക്കാലയളവില്‍ വെട്ടിമാറ്റപ്പെട്ടതും നശിച്ചു പോയതുമായ മരങ്ങള്‍ ഉണ്ടാകാം. വില്ലേജ് മാനുവല്‍ പ്രകാരം ഓരോ വര്‍ഷവും മരങ്ങളുടെ എണ്ണം പരിശോധിക്കാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കേ അതിനു മുതിരാതെ ഇപ്പോള്‍ നടത്തുന്ന പരിശോധനകള്‍ കര്‍ഷകരെ കുരുക്കിലാക്കുകയെന്ന ലക്ഷ്യത്തോടെയാകുമെന്നും ആശങ്കയുണ്ട്.

കര്‍ഷകരുടെ പട്ടയം റദ്ദാക്കല്‍, വൃക്ഷ വില ഈടാക്കുക തുടങ്ങിയ നടപടികളിലേക്ക് കടക്കാനുള്ള നീക്കവും ഇതിനു പിന്നില്‍ സംശയിക്കുന്നു. കര്‍ഷക ഭൂമിയില്‍ റിസര്‍വ് ഇനത്തിലുള്ളതായി പറയുന്ന മരങ്ങള്‍ അഞ്ചുശതമാനം പോലും ഉണ്ടാകില്ല. എന്നാല്‍ ഇത്തരത്തില്‍ മരം റിസര്‍വ് ചെയ്തിട്ടുള്ളവയാണോയെന്നതു സംബന്ധിച്ചും തര്‍ക്കങ്ങള്‍ ബാക്കിയാണ്. കാലകാലങ്ങളായി തര്‍ക്കത്തില്‍ നിലനില്‍ക്കുന്ന ഉത്തരവുകളും വനംവകുപ്പ് നടപടികളും വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യത്തിനുമൊക്കെയായി സ്വന്തം കൃഷിയിടങ്ങളിലെ മരങ്ങള്‍ മുറിക്കേണ്ട ചെറുകിട, ഇടത്തരം കര്‍ഷകരാണ് വലയുന്നത്.