Connect with us

Editorial

അമരത്ത് റഈസി; ഇറാന് ഇനി ഏത് വഴി?

Published

|

Last Updated

ഇറാന്റെ പുതിയ പ്രസിഡന്റായി കണ്‍സര്‍വേറ്റീവ് നേതാവും ചീഫ് ജസ്റ്റിസും സുപ്രീം കൗണ്‍സില്‍ തലവന്‍ ആയത്തുല്ല അലി ഖാംനഈയുടെ അടുത്തയാളുമായ ഇബ്‌റാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 60 ശതമാനത്തിലധികം വോട്ട് നേടിയാണ് അദ്ദേഹം വിജയം കൈപ്പിടിയിലൊതുക്കിയത്. ഈ ഫലം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ചേരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ റഈസിയുടെ വിജയം നേരത്തേ തന്നെ ഉറപ്പായതാണ്. രണ്ട് ഊഴം പ്രസിഡന്റ് പദവിയിലിരുന്ന ഹസന്‍ റൂഹാനിക്ക് ഇത്തവണ മത്സരിക്കാനാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പലരും സ്ഥാനാര്‍ഥിത്വത്തിന് ശ്രമിച്ചെങ്കിലും സുപ്രീം കൗണ്‍സിലിന്റെ അനുമതി ലഭിച്ചില്ല. ഇറാന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുപ്രധാന സവിശേഷതയാണിത്. നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും നാമനിര്‍ദേശ പത്രിക നല്‍കാം. എന്നാല്‍ പരമോന്നത ശിയാ സമിതി ചേര്‍ന്ന് അനുമതി നല്‍കുന്നവര്‍ക്ക് മാത്രമേ മത്സരരംഗത്തിറങ്ങാനാകൂ. 1979ലെ വിപ്ലവത്തിന് ശേഷം കെട്ടുറപ്പുള്ള ഒരു ഭരണസംവിധാനം നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രിത സംവിധാനം ആവിഷ്‌കരിച്ചതെന്ന് ഇറാനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ റഈസിക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സെന്‍ട്രല്‍ ബേങ്ക് മുന്‍ മേധാവി അബ്ദുന്നാസര്‍ ഹിമ്മതി ഏറെ പിന്നില്‍ പോയപ്പോള്‍ മുന്‍ സൈനിക കമാന്‍ഡര്‍ മുഹ്‌സിന്‍ റിസായിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇത്തവണത്തെ ഇറാന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തുക പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞതിന്റെ പേരിലാകും. 1979ന് ശേഷം ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇത്തവണ ഇറാനില്‍ നടന്നത്. റൂഹാനിയുടെ അനുയായികള്‍ക്കും നവീകരണവാദികള്‍ക്കും അയോഗ്യത കല്‍പ്പിച്ചതോടെ തിരഞ്ഞെടുപ്പ് ഒരു വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. ഒടുവില്‍ പരമോന്നത നേതാവ് അലി ഹുസൈന്‍ ഖാംനഈ തന്നെ വോട്ടിംഗ് ആഹ്വാനവുമായി രംഗത്തെത്തിയതോടെയാണ് പോളിംഗ് ബൂത്തുകളില്‍ ആളുകള്‍ അല്‍പ്പമെങ്കിലും എത്തിത്തുടങ്ങിയത്. 48.8 ശതമാനം മാത്രമാണ് പോളിംഗ്.
1988ല്‍ റവല്യൂഷനറി കോടതിയില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായിരിക്കെ മാര്‍ക്‌സിസ്റ്റുകളെയും ഇടതുപക്ഷക്കാരെയും കൂട്ട വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ വ്യക്തിയാണ് റഈസി. ഉപരോധം നിലനില്‍ക്കെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഇറാന്‍ നേതാവെന്ന പ്രത്യേകതയും റഈസിക്കുണ്ട്. 2015ലെ ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്ന ഘട്ടത്തിലാണ് ഇറാന്റെ പുതിയ പ്രസിഡന്റായി റഈസിയെത്തുന്നത്. 2018ല്‍ അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെ വലിയ പ്രതിസന്ധികളിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്.

ആഗസ്റ്റില്‍ സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റ് ഹസന്‍ റൂഹാനി വലിയ ജനസമ്മതിയോടെയാണ് രണ്ടാമൂഴവും പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണ പോളിംഗ് ബൂത്തില്‍ കണ്ടതിന്റെ നേര്‍ വിപരീതമായിരുന്നു അന്നത്തെ കാഴ്ച. അന്ന്, യോഗ്യരായ വോട്ടര്‍മാരില്‍ 70 ശതമാനം പേര്‍ പങ്കാളികളായ തിരഞ്ഞെടുപ്പില്‍ 57 ശതമാനത്തിലധികം വോട്ടുകളാണ് റൂഹാനി സ്വന്തമാക്കിയത്. നാല് മണിക്കൂറിലധികം സമയം നീട്ടി നല്‍കിയപ്പോള്‍ രാത്രി വൈകി വരെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താനായി വരി നിന്നു. തിന്‍മയുടെ അച്ചുതണ്ടെന്ന് പാശ്ചാത്യര്‍ വിളിക്കുന്ന ഇറാനില്‍ ജനാധിപത്യ അവബോധം അതിശക്തമാകുന്നതിന്റെ സൂചനയായാണ് ആഗോള മാധ്യമങ്ങള്‍ ഇതിനെ കണ്ടത്.

റൂഹാനിയെ എന്തുകൊണ്ടാണ് ഇറാന്‍ ജനത ഇത്രമേല്‍ വിശ്വാസത്തിലെടുത്തത്? ഈ ചോദ്യത്തിന്റെ ഉത്തരം പുതിയ പ്രസിഡന്റും ഇറാന്‍ ഭരണ സംവിധാനവും ഗൗരവത്തില്‍ കണക്കിലെടുക്കേണ്ടതാണ്. അഹ്്മദി നജാദിനെപ്പോലെ തീവ്ര പാശ്ചാത്യവിരുദ്ധത പ്രകടിപ്പിച്ചയാളല്ല റൂഹാനി. ലോക രാജ്യങ്ങളുമായി കൂടുതല്‍ ഊഷ്മളമായ ബന്ധത്തിന് ശ്രമിക്കണമെന്നും സംഘര്‍ഷാത്മക വിദേശനയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതുമായിരുന്നു റൂഹാനിയുടെ അടിസ്ഥാന കാഴ്ചപ്പാട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണകാലത്ത് യു എസുമായി ആണവ കരാര്‍ യാഥാര്‍ഥ്യമായി. ഒരു പരിധിവരെ ഉപരോധം നീങ്ങി. എണ്ണ വിപണനം ഉണര്‍ന്നു. സാമ്പത്തികമായ ഉന്നതിയിലേക്ക് രാജ്യം ചുവടുവെച്ചു. റവല്യൂഷനറി ആര്‍മിയുടെയും ശിയാ നേതൃത്വത്തിന്റെയും സ്വാധീനത്തില്‍ സഊദിയോടും മറ്റും ഏറ്റുമുട്ടല്‍ നയം റൂഹാനി തുടര്‍ന്നുവെങ്കിലും ഒരു തരം മിതത്വം അദ്ദേഹം പാലിച്ചു. ഈ മിതത്വം ഇറാനിലെ മധ്യവര്‍ഗം മാത്രമല്ല സാമാന്യ ജനം പൂര്‍ണമായി ആഗ്രഹിക്കുന്നുണ്ട്. അതാണ് റൂഹാനി രണ്ടാമതും മത്സരിച്ചപ്പോള്‍ ബൂത്തില്‍ കണ്ടത്.

ഡൊണാള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുകയും വാക്‌സീന്‍ പോലും വാങ്ങാന്‍ സാധിക്കാത്തവിധം ഇറാനെ വരിഞ്ഞുമുറുക്കുന്ന ഉപരോധം തിരിച്ചുവരികയും ചെയ്ത ഘട്ടത്തിലാണ് ഇബ്‌റാഹീം റഈസി ഭരണ സാരഥ്യത്തില്‍ വരുന്നത്. ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഇറാനെ ശിക്ഷിക്കാനിറങ്ങുന്ന യു എസിന്റെ സമീപനത്തില്‍ വലിയ വ്യത്യാസം പ്രതീക്ഷിക്കേണ്ടതില്ല. ജോ ബൈഡന്‍ വന്നതു കൊണ്ട് മാത്രം ഫലമില്ലെന്ന് ഇതിനകം വ്യക്തമായതാണ്. ഈ ഘട്ടത്തില്‍ കഴിയാവുന്നിടത്തോളം രാജ്യങ്ങളുടെ പിന്തുണ ആര്‍ജിച്ച് യു എസ് ഉപരോധത്തെയും ഇസ്‌റാഈലിന്റെ വെല്ലുവിളിയെയും മറികടക്കണമെന്നാണ് ഇറാന്‍ ജനത ആഗ്രഹിക്കുന്നത്. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി ശിഥിലമായിക്കൊണ്ടിരിക്കുമ്പോള്‍ കെട്ടുറപ്പോടെ നിലനിന്ന് സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് ഊര്‍ജം പകരുന്നുവെന്നത് ഇറാന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. എണ്ണ സമ്പന്നമായ ഈ രാഷ്ട്രം പെട്രോ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നു. അമേരിക്കന്‍ ഉപരോധത്തിന്റെ വാള്‍ ചുഴറ്റലില്‍ പകച്ചു പോകുന്നവര്‍ക്ക് ഇറാന്‍ ആത്മവിശ്വാസം പകരുന്നു. ചൈനയും റഷ്യയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ബദല്‍ ചേരിയില്‍ സജീവ സാന്നിധ്യമാണ് ഈ രാഷ്ട്രം. ഇന്ത്യയുമായി പുലര്‍ത്തുന്ന സൗഹൃദം ഏഷ്യയിലാകെ ചലനമുണ്ടാക്കുന്നു. ഈ സ്ഥാനം മനസ്സിലാക്കിയുള്ള ഉത്തരവാദിത്വ പൂര്‍ണമായ ഇടപെടലാണ് ഇറാനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കുടുസ്സായ ശിയാ രാഷ്ട്രീയ ലക്ഷ്യങ്ങളെയും ശത്രുതകളെയും ഉപേക്ഷിച്ചുകൊണ്ട് മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. യാഥാസ്ഥിതിക ചേരിയിലെ പുതിയ പ്രസിഡന്റിന് അത് സാധിക്കുമോ എന്നതാണ് ചോദ്യം.

Latest