Connect with us

Covid19

മൃതനഗരമായി ഡൽഹി; കണക്കിൽ പെടാതെ ആയിരക്കണക്കിന് മരണങ്ങൾ; വീർപ്പുമുട്ടി ശ്മശാനഭൂമികൾ

Published

|

Last Updated

ന്യൂഡല്‍ഹി | തീവ്ര കൊവിഡ് വ്യാപനത്തില്‍ ദുരിതക്കയത്തിലായ രാജ്യതലസ്ഥാനത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ഗവണ്‍മെന്റ് കണക്കില്‍പെടാതെ ആയിരക്കണക്കിന് കൊവിഡ് മരണങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ 26 ശ്മശാനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 18 മുതല്‍ 24 വരെ 1938 കൊവിഡ് മരണങ്ങളാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാല്‍ ശ്മശാനങ്ങളിലെ ഡാറ്റകള്‍ പ്രകാരം ഈ കാലയളവില്‍ 3,096 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. ഇതു ശരിയെങ്കിൽ 1,158 മരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല എന്നര്‍ഥം.

കൊവിഡ് മൂലം ആശുപത്രികളില്‍ മരിക്കുന്നവര്‍ മാത്രമാണ് സര്‍ക്കാറിന്റെ പട്ടികയില്‍ ഇടം പിടിക്കുന്നത്. എന്നാല്‍ നൂറുക്കണക്കിന് ആളുകള്‍ വീടുകളില്‍ രോഗബാധിതരായി മരിക്കുന്നുണ്ട്. ഇത്തരം നിരവധി മൃതദേഹങ്ങളാണ് പ്രതിദിനം ശ്മശാനങ്ങളില്‍ എത്തുന്നതെന്ന് ശ്മശാന ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രികളില്‍ നിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സിലാണ് എത്തിക്കുന്നത്. എന്നാല്‍ ഇതുകൂടാതെ നിരവധി മൃതദേഹങ്ങള്‍ വീടുകളില്‍ നിന്ന് ബന്ധുക്കള്‍ കൊണ്ടുവരുന്നുണ്ട്. ഇവരുടെ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഭൂരിഭാഗവും ശ്വാസതടസ്സം മൂലമാണ് മരിച്ചതെന്ന് വ്യക്തമാകുമെന്ന് ഗാസിപൂര്‍ ശ്മശാന ജീവനക്കാരനായ അനുജ് ബന്‍സാല്‍ എന്‍ഡിടിവിയോട് വെളിപ്പെടുത്തി.

വീടുകളില്‍ നിന്ന് എത്തിക്കുന്ന മൃതദേഹങ്ങളുടെ മരണകാരണം കൊവിഡാണെന്നതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ സാധാരണ മരണമായാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി കൊവിഡ് മൂലമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞാല്‍ തന്നെയും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അത്തരം മരണങ്ങള്‍ കൊവിഡ് സംശയിക്കുന്നവരുടെ പട്ടികയില്‍ മാത്രമാണ് ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ അതിഭയാനകമായ സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. ആശുപത്രികള്‍ തിങ്ങിനിറഞ്ഞതിനാല്‍ കൊവിഡ് രോഗികളെ വീടുകളില്‍ തന്നെ നിര്‍ത്തേണ്ട സ്ഥിതിയാണുള്ളതെന്ന് അവർ കണ്ണീരോടെ വെളിപ്പെടുത്തുന്നു.

തന്റെ പിതാവ് ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചതെന്നും പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും അവിടെ ഒന്നും ചികിത്സ ലഭിച്ചില്ലെന്നും മരിച്ചവരില്‍ ഒരാളുടെ മകന്‍ വെളിപ്പെടുത്തി.

ചികിത്സക്ക് മാത്രമല്ല, മൃതദേഹം സംസ്‌കരിക്കാനും സ്ഥലമില്ലാതെ വീര്‍പ്പ് മുട്ടുകയാണ് രാജ്യതലസ്ഥാനം. മൃതദേഹങ്ങളുമായി മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്താനാകുന്നത്. ഡല്‍ഹിയിലെ പുരാതനമായ നിഗംബോധ് ശ്മശാനത്തില്‍ ഒരു ദിവസം പരാമാവധി 15 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30ല്‍ അധികം മൃതദേഹങ്ങളാണ് സംസ്‌കാരത്തിനായി എത്തുന്നത്. ഇതുമൂലം ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി അഞ്ച് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.

മറ്റൊരു ശ്മശാനമായ സറായ് ഖാലെ ഖാന്‍ ശ്മശാനത്തിലും സ്ഥിതി മറ്റൊന്നല്ല. പ്രതിദിനം 20 സംസ്‌കാരം മാത്രം നടത്താന്‍ സാധിക്കുന്ന ഇവിടെ ഇപ്പോള്‍ അറുപതും എഴുപതും മൃതദേഹങ്ങളാണ് ഒരേസമയം എത്തുന്നത്. ഇതിനിടയില്‍ സംസ്‌കാരം വേഗത്തില്‍ നടത്തിക്കിട്ടാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ കൂടി ഉണ്ടാകുന്നതോടെ അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ശ്മശാനം ജീവനക്കാര്‍.

Latest