Connect with us

Articles

രാജ്യത്തിന് ശ്വാസം മുട്ടുമ്പോൾ വീണവായിക്കുന്ന മാധ്യമങ്ങള്‍

Published

|

Last Updated

2020 മാര്‍ച്ച് 24ന് രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ രംഗത്തെ പതിനൊന്ന് ഭാഷകളിലെ പ്രധാനപ്പെട്ട ഇരുപത് മാധ്യമങ്ങളിലെ പത്രാധിപന്മാരോടും ഉടമകളോടും വ്യക്തിപരമായി നടത്തിയ അഭ്യര്‍ഥന കൊറോണയുമായി ബന്ധപ്പെട്ട നെഗറ്റീവ് വാര്‍ത്തകള്‍ പൂര്‍ണമായി ഒഴിവാക്കണം എന്നായിരുന്നു. നിലവില്‍ കൊവിഡ് 19മായി ബന്ധപ്പെട്ട മുഴുവന്‍ നെഗറ്റീവ് ഉള്ളടക്കങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിടാന്‍ കഴിയാതെ പൗരന്മാരോട് സ്വയം കരുതിക്കൊള്ളാന്‍ പറഞ്ഞ് കൈയൊഴിഞ്ഞ പ്രധാനമന്ത്രിയാണ് ഈ ദുരിതമുഖത്ത് സാധാരണക്കാര്‍ പ്രാണവായുപോലും ലഭിക്കാതെ നെട്ടോട്ടമോടുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇമേജ് സംരക്ഷിക്കാന്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്.

കൊവിഡിനെ പ്രതിരോധിക്കുന്നതിലും വാക്‌സീനേഷന്‍ വിതരണം ചെയ്യുന്നതിലും കൃത്യമായ ആരോഗ്യനയം നടപ്പാക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുന്നത് മറച്ചുവെക്കാനും ചര്‍ച്ചയാക്കാതിരിക്കാനും ദേശീയ രംഗത്തെ അച്ചടി മാധ്യമങ്ങളും വാര്‍ത്താ ചാനലുകളും ജാഗ്രത കാണിച്ചു. രാജ്യത്തെ സാധാരണക്കാര്‍ അകപ്പെട്ടിരിക്കുന്ന അതിഭീകരമായ അവസ്ഥയും കൃത്യമായി അവഗണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായി. കൊവിഡ് ബാധിച്ച് മരിച്ച നൂറുകണക്കിന് ശവശരീരങ്ങള്‍ ഒന്നിച്ചു കത്തിക്കുന്നതിന്റെ ഉള്ളുലക്കുന്ന വാര്‍ത്താചിത്രങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടതോടെയാണ് നിലവില്‍ രാജ്യം എത്രമേല്‍ ഭയാനകമായ അവസ്ഥയിലാണുള്ളതെന്നും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ പരാജയമാണെന്നും ലോകമറിയുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, ദി ടൈം, ദി ഇന്റിപെന്‍ഡന്റ്, ബി ബി സി, അല്‍ ജസീറ, ഹഫിംഗ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ് തുടങ്ങിയ മാധ്യമങ്ങള്‍ കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രാജ്യം എത്ര ദയനീയമായാണ് പരാജയപ്പെടുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന വിശദമായ കവറേജുകള്‍ നല്‍കുകയുണ്ടായി. അപ്പോഴും ജനങ്ങളുടെ ദുരിതങ്ങളിലേക്ക് ക്യാമറ തിരിക്കാന്‍ കഴിയാതെ നില്‍ക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പതിവ് തെറ്റിച്ചില്ല. സുപ്രധാന വാര്‍ത്താ ചാനലുകളില്‍ പ്രൈംടൈം ചര്‍ച്ചകളില്‍ ആരോഗ്യമേഖല കടന്നുവന്നതേയില്ല.

ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രം സത്യങ്ങള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ അപ്രിയ സത്യങ്ങള്‍ പറയുന്ന മാധ്യമങ്ങളില്‍ നിലപാടുകളുള്ള പത്രാധിപന്മാര്‍ക്ക് നടപടികള്‍ നേരിടേണ്ടിയും വന്നു. കൊറോണ വ്യാപനത്തിന്റെ സത്യാവസ്ഥകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള ബംഗാളി ദിനപത്രമായ ആനന്ദ്ബസാര്‍ പത്രികയുടെ എഡിറ്റര്‍ അനിര്‍ഭന്‍ ചാധോപാധ്യായിനെ പുറത്താക്കിയത് കഴിഞ്ഞ ദിവസമാണ്. കൊറോണ പ്രതിസന്ധി രാജ്യത്തെ ജനങ്ങളുടെ മാത്രമല്ല, മാധ്യമങ്ങളുടെ കൂടി പ്രതിസന്ധിയായി മാറിക്കഴിഞ്ഞു. വേണ്ടത്ര ആരോഗ്യ പരിപാലന സംവിധാനങ്ങളില്ലാത്ത ആശുപത്രികളിലെ ദയനീയത അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമായി കവര്‍ ചെയ്യുന്നതിനിടയിലാണ്, സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ ദയനീയ ജീവിതങ്ങള്‍ നിരന്തരം സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്നതിനിടയിലാണ്, ദേശീയ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിനെ സംരക്ഷിക്കാനുള്ള തത്രപ്പാടുകള്‍ ചെയ്യേണ്ടിവരുന്നത്.

കൊവിഡ് പ്രതിസന്ധി തീര്‍ത്ത ദുരിത ജീവിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ആറ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഹിമാചല്‍ പ്രദേശ് പോലീസ് കേസെടുത്തത് കഴിഞ്ഞ മാസമാണ്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടത്ര സുരക്ഷാ മാര്‍ഗങ്ങള്‍ ലഭിച്ചില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് കേസ്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ പരാജയപ്പെട്ടുവെന്ന് വിശദീകരിക്കുന്ന രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് ഏപ്രില്‍ 18ന് സിംപ്ലിസിറ്റി ന്യൂസ്‌പോര്‍ട്ടല്‍ എഡിറ്ററായ ആന്‍ഡ്ര്യൂ സാം രാജ പാണ്ഢ്യനെ തമിഴ്‌നാട്ടില്‍ അറസ്റ്റ് ചെയ്തത്. കൊവിഡിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് ഒരു ക്രൈം ആയി മാറിക്കഴിഞ്ഞതായി സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിര്‍ദേശം നല്‍കി ലേഖനം പ്രസിദ്ധീകരിച്ച കുറ്റത്തിനാണ് ഫേസ് ഓഫ് നാഷന്‍ എഡിറ്റര്‍ ധവാന്‍ പട്ടേലിനെ അടുത്തിടെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് വാര്‍ത്തകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ 12 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നാണ് യു എന്‍ ഹൈക്കമ്മീഷനര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.

ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോകുമ്പോഴും നേരത്തേ ഏറെ വിവാദങ്ങളുണ്ടാക്കിയ പി എം കെയര്‍ ഫണ്ടിലൂടെ രാജ്യത്തെ ഓക്‌സിജന്‍ പ്രശ്‌നം നരേന്ദ്ര മോദി പരിഹരിച്ചുകഴിഞ്ഞുവെന്നാണ് റിപ്പബ്ലിക് ചാനല്‍ ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത പ്രധാന വാര്‍ത്ത. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ സഹായിക്കുന്ന റിലയന്‍സിന്റെ മഹാമനസ്‌കതയും വാനോളം പുകഴ്ത്തിയാണ് അര്‍ണബ് ഗോസ്വാമിയുടെ ന്യൂസ്‌റൂമിലെ ഷോ. പ്രധാനമന്ത്രി മഹാവീര്‍ ജയന്തി ആശംസിക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് റിപ്പബ്ലിക് ചാനലിന്റെ പ്രൈംടൈം ഉള്ളടക്കത്തിലെ മറ്റൊരു പ്രധാന വാര്‍ത്ത. അപ്പോഴൊക്കെയും ആശുപത്രികളില്‍ ബെഡും ഓക്‌സിജനും ലഭിക്കാതെ മരണത്തോട് മല്ലിടുന്ന സാധാരണക്കാരെക്കുറിച്ച് ഒന്നും പറയാതിരിക്കാന്‍ റിപ്പബ്ലിക് ടിവി പ്രത്യേകം ശ്രദ്ധിച്ചു. അതെല്ലാം കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം നെഗറ്റീവ് ന്യൂസ് ആയതിനാല്‍ മറ്റുള്ള ഇംഗ്ലീഷ്, ഹിന്ദി ചാനലുകളും അവഗണിച്ചു.

ഡല്‍ഹിയിലെ ഭീകരമായ അവസ്ഥക്ക് മുഖ്യകാരണം മുഖ്യമന്ത്രി കെജ് രിവാളാണെന്ന ഗൗതം ഗംഭീരിന്റെ പ്രസ്താവനയാണ് ഞായറാഴ്ച സീ ന്യൂസിലെ സുപ്രധാന ചര്‍ച്ച. സൗജന്യ വാക്‌സീനേഷന്‍ എല്ലാവര്‍ക്കും എത്തിക്കണമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞ വന്‍ പരിഹാര മാര്‍ഗമാണ് ടൈംസ് നൗ ചാനലിലെ സുപ്രധാന വാര്‍ത്ത. ഈ സമയത്ത് ആരും രാഷ്ട്രീയം കളിക്കരുതെന്നും ചാനല്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ഉപദേശിക്കുകയും ചെയ്യുന്നു. മിക്ക ചാനലുകളിലും നിറഞ്ഞുനില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിലവിലെ പ്രതിസന്ധി സാഹസികമായി പരിഹരിക്കും എന്നുതന്നെ. കൊവിഡ് ദുരിതത്തില്‍ പൊതുജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പോഴും പുറത്തുതന്നെ.

കൊവിഡ് പ്രതിസന്ധിയില്‍ ഏറ്റവും വലിയ രാഷ്ട്രീയം കളിക്കുന്നത് രാജ്യത്തെ മാധ്യമങ്ങളാണ്. കേന്ദ്ര സര്‍ക്കാറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളേക്കാള്‍ ഭീകരം കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നു എന്നതു തന്നെയാണ്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. പ്രാദേശികമായി ഓരോ സ്ഥലത്തും കൂടുതല്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മാധ്യമങ്ങള്‍ക്ക് സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്തുതിപാഠകരായ മാധ്യമങ്ങള്‍ ഇനിയെന്നാണ് യഥാര്‍ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുക?

Latest