Connect with us

Articles

അതെ, ഗുജറാത്താണ് മാതൃക!

Published

|

Last Updated

വരൂ, കണ്ട് പഠിക്കൂ ഗുജറാത്തില്‍ നിന്ന് എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി അഭിപ്രായപ്രകടനം നടത്തിയത് 2011ലാണ്. കര്‍ഷകരും ദരിദ്രരും സ്വന്തം ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുന്ന പരാതികള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രവഹിക്കുമ്പോള്‍ ഗുജറാത്തില്‍ നിന്ന് മാത്രം ഇത്തരം പരാതികളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എച്ച് എല്‍ ദത്തു എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് അക്കാലം നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെട്ടിരുന്ന ഗുജറാത്തിന് പ്രശംസ മുക്തകണ്ഠമാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ നിന്ന് പരിശീലനം നേടണമെന്നുവരെ പറഞ്ഞു പരമോന്നത കോടതി. ഏതാണ്ട് രണ്ടരക്കൊല്ലത്തിനിപ്പുറം രാജ്യാധികാരം പിടിക്കാന്‍ നരേന്ദ്ര മോദി ഇറങ്ങിയപ്പോള്‍ “ഗുജറാത്ത് മാതൃക” ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചാരണം. രാജ്യത്തെല്ലായിടത്തും “ഗുജറാത്ത് മാതൃക” നടപ്പാക്കുമെന്ന വാഗ്ദാനമുണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൈവരിച്ച നേട്ടം, ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക്, വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള എളുപ്പം എന്നിങ്ങനെ പലതും ഈ “മാതൃക”യുടെ മികവിന് ഉദാഹരണങ്ങളായി നിരത്തുകയും ചെയ്തു. ഏതാണ്ടെല്ലാ മാധ്യമങ്ങളും സംഘ്പരിവാര്‍ പക്ഷത്തേക്ക് ചാഞ്ഞു തുടങ്ങിയിരുന്നതിനാല്‍ ഈ പ്രചാരണത്തിന്റെ ജിഹ്വകളായി അവ മാറി. രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്തുയര്‍ന്ന കൊടിയ അഴിമതി ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന തിരക്കിലായതിനാല്‍ ഈ “മാതൃക”യുടെ പൊള്ളത്തരം ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതുമില്ല. അങ്ങനെ “ഗുജറാത്ത് മാതൃക”യുടെ കൂടി പിന്‍ബലത്തില്‍ (വര്‍ഗീയമായ ഭിന്നിപ്പിക്കല്‍, ആസൂത്രണം ചെയ്ത് നടപ്പാക്കിയ വര്‍ഗീയ കലാപങ്ങളുടെ വിളവെടുപ്പ്, നുണകളുടെ ഉത്പാദനവും പ്രസരണവും വിതരണവും അങ്ങനെ മറ്റ് കാരണങ്ങളുമുണ്ടായിരുന്നു) നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തുകയും 2019ല്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

സുപ്രീം കോടതി പരാമര്‍ശത്തിന്റെ പത്താം വാര്‍ഷികത്തിലും നരേന്ദ്ര മോദി ഭരണത്തിന്റെ ഏഴാം വാര്‍ഷികത്തിലുമാണ് ഗുജറാത്ത് മാതൃകയുടെ യാഥാര്‍ഥ്യം രാജ്യം കാണുന്നത്. പ്രചാരണ കോലാഹലത്തിന്റെ കാലത്തു തന്നെ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്നിനെപ്പോലുള്ളവര്‍ ആ മാതൃക പൊള്ളയാണെന്നും സ്വീകരിക്കാവുന്ന മാതൃക രാജ്യത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ അത് കേരളത്തിലാണെന്നും പറഞ്ഞിരുന്നു. ആരും ചെവികൊടുത്തില്ലെന്ന് മാത്രം. നോവല്‍ കൊറോണ വൈറസ് ജനിതക ഘടനയിലെ മാറ്റത്തോടെ, രണ്ടാം വരവ് നടത്തിയപ്പോള്‍ അമര്‍ത്യാ സെന്‍ പറഞ്ഞതായിരുന്നു ശരിയെന്ന് തീവ്ര ഹിന്ദുത്വയില്‍ പൂര്‍ണമായി അലിഞ്ഞവര്‍ക്ക് പോലും ഇപ്പോള്‍ തോന്നുന്നുണ്ടാകും. തിരുവായ്ക്ക് എതിര്‍വായില്ലെന്നതിനാല്‍ പരസ്യമായി പറയില്ലെന്ന് മാത്രം.
കൊറോണയുടെ ആദ്യ വരവില്‍ തന്നെ ആ മാതൃകയുടെ പൊള്ളത്തരം കുറച്ചൊക്കെ പുറത്തുവന്നിരുന്നു. രോഗികളുടെയും നഷ്ടപ്പെട്ട ജീവനുകളുടെയും എണ്ണം കുറച്ചു കാണിച്ച് കാര്യങ്ങള്‍ നിയന്ത്രണവിധേയമെന്ന് നടിക്കാന്‍ അക്കാലത്ത് സാധിച്ചു. രോഗം വ്യാപിച്ച്, അഹമ്മദാബാദ് നഗരം സ്തംഭിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ആരോഗ്യ വിദഗ്ധരെയും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഉദ്യോഗസ്ഥരെയും നിയോഗിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ യത്‌നിച്ചിരുന്നു നരേന്ദ്ര മോദിയും അമിത് ഷായും. അത് ഫലം കാണുകയും ചെയ്തു. അങ്ങനെ നിലനിര്‍ത്തിയ യശസ്സിനെയാണ് രണ്ടാം വരവില്‍ നോവല്‍ കൊറോണ തകര്‍ത്തു കളയുന്നത്. വേണ്ടത്ര ആശുപത്രികളില്ല, ഉള്ള ആശുപത്രികളില്‍ കിടക്കകളില്ല, കിടക്ക കിട്ടിയ രോഗികള്‍ക്ക് കൊടുക്കാന്‍ ഓക്‌സിജനില്ല. ഓക്‌സിജന്‍ നല്‍കിയത് കൊണ്ടുമാത്രം രക്ഷിക്കാനാകാത്തവരെ ശുശ്രൂഷിക്കാന്‍ ആവശ്യത്തിന് ഐ സി യുകളില്ല, വെന്റിലേറ്ററുകളുമില്ല. ആശുപത്രികളിലേക്ക് കൊണ്ടുവന്നവര്‍ക്ക് ആംബുലന്‍സില്‍ കിടത്തി ചികിത്സ നല്‍കേണ്ട സ്ഥിതി. ഗുരുതരാവസ്ഥയിലായ രോഗിയെയും കൊണ്ട് പല ആശുപത്രികളില്‍ പോയി, ഇടം കിട്ടാതെ വലഞ്ഞ് ഒടുവില്‍ കാറിനുള്ളില്‍ അന്ത്യശ്വാസം വലിക്കേണ്ടി വന്നവര്‍ വരെയുണ്ട് “മാതൃകാ ഗുജറാത്തില്‍”. ഒരു ബെഡില്‍ ഒന്നിലധികം രോഗികളെ കിടത്തുന്നതിന്റെ, ഓക്‌സിജന്‍ മാസ്‌ക് മാറി മാറി ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്തുന്നതിന്റെയൊക്കെ ദൃശ്യങ്ങള്‍ അവിടെ നിന്ന് വരുന്നു. ഇതര രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, കൊവിഡ് കൂടി ബാധിക്കമൂലം പ്രയാസപ്പെടുമ്പോള്‍ നല്‍കേണ്ട അവശ്യ മരുന്നുകള്‍ കിട്ടാനില്ല. ഇങ്ങനെ ക്ഷാമമുള്ള മരുന്നുകള്‍ കരിഞ്ചന്തയില്‍ പത്തും പതിനഞ്ചും ഇരട്ടി വിലക്ക് സുലഭം. ആശുപത്രികളിലും ഫാര്‍മസികളിലും കിട്ടുന്ന മരുന്നുകള്‍ വാങ്ങുന്നതിന് അഞ്ചും ആറും മണിക്കൂറുകള്‍ വരി നില്‍ക്കണം. (പണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് ജനത്തെ വരി നിര്‍ത്തിയതിന്റെ ഓര്‍മ പുതുക്കല്‍) ജനസംഖ്യയുമായി തട്ടിച്ച് നോക്കുമ്പോള്‍, വാക്‌സീന്‍ വിതരണം ഏറ്റവും കൂടുതല്‍ നടന്ന സംസ്ഥാനമാണ് ഗുജറാത്ത്. ആ പക്ഷപാതിത്വം കൂടിയുണ്ടായിട്ടാണ് ഈ അവസ്ഥ.

അടിസ്ഥാന സൗകര്യ വികസനത്തില്‍, സാമ്പത്തിക വളര്‍ച്ചയിലൊക്കെ മുന്നില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെട്ട, വ്യാവസായിക വളര്‍ച്ചയില്‍ മുന്നിലേക്ക് കുതിച്ചതിന്റെ കിതപ്പാറാത്ത അതേ ഗുജറാത്ത്. ആ “മാതൃക”യുടെ മറുവശം. അടിസ്ഥാന സൗകര്യം വികസിപ്പിക്കുമ്പോള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന സൗകര്യങ്ങള്‍ കൂടി വികസിപ്പിക്കണമെന്ന തോന്നലുണ്ടാകാത്തതിന്റെ ഫലം. കൊവിഡിന് മുമ്പ്, രാജ്യം കണ്ട വലിയ മഹാമാരി – പ്ലേഗ് – പടര്‍ന്നത് 1994ല്‍ ഗുജറാത്തിലെ സൂറത്തിലാണ്. ഒരു മഹാമാരിയെ നേരിടാന്‍ പാകത്തിലുള്ള യാതൊന്നും ഗുജറാത്ത് സര്‍ക്കാറിന്റെ പക്കലില്ലെന്നും പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ത്രാണി പോലും അക്കാലത്തെ സംവിധാനങ്ങള്‍ക്കുണ്ടായില്ലെന്നും പിന്നീട് വിലയിരുത്തപ്പെട്ടു. ആ അനുഭവം മുന്നിലുണ്ടായിട്ടും പൊതു ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ അവിടുത്തെ ഭരണകൂടങ്ങള്‍ക്കായില്ല. പ്രധാനമന്ത്രി പദത്തില്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്ര മോദി, വ്യാഴവട്ടത്തോളം ഗുജറാത്ത് ഭരിച്ച കാലത്തും. പക്ഷേ, “ഗുജറാത്ത് മാതൃക”യെന്ന വീരവാദത്തിനും അതിന്റെ ഏറ്റുപാടലിനും കുറവൊന്നുമുണ്ടായില്ല.

വൈറസ് ബാധയേറ്റും അല്ലാതെയും മരിക്കുന്നവരെ ഉചിതമായ വിധത്തില്‍ സംസ്‌കരിക്കാന്‍ പോലും വഴി കാണാതെ പുതിയ “മാതൃക” സൃഷ്ടിക്കുകയാണ് ഗുജറാത്ത്. വംശഹത്യയോടടുത്ത കൂട്ടക്കുരുതികള്‍ക്ക് മടിക്കാത്ത, കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരന് എന്ത് ഉത്തരവാദിത്വമെന്ന് ആ കുരുതികള്‍ക്ക് ന്യായം തീര്‍ക്കുന്നവര്‍ക്ക് മൃതദേഹം കൂട്ടിയിട്ട് കത്തിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാകാന്‍ ഇടയില്ല. അതിനാല്‍ ഇതുമൊരു മാതൃകയായി തന്നെ കാണണം. അതിന്റെ ആവര്‍ത്തനം പ്രധാന സേവകന്‍ പാര്‍ലിമെന്റില്‍ പ്രതിനിധാനം ചെയ്യുന്ന വരാണസിയില്‍ (യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലെ മറ്റ് പലേടത്തും) ഉണ്ടാകുമ്പോള്‍, രാജ്യത്തെല്ലായിടത്തും ഗുജറാത്ത് മാതൃക നടപ്പാക്കുമെന്ന വാഗ്ദാനത്തിന്റെ പാലനമായും.

രാജ്യ തലസ്ഥാനമായ ഡല്‍ഹി, കൊവിഡിന്റെ ആദ്യ വ്യാപനക്കാലത്ത് തന്നെ ദൗര്‍ബല്യങ്ങളൊക്കെ പുറമെ കാണിച്ചതാണ്. രോഗികളായവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ ഇടമില്ലായിരുന്നു അന്നും. രണ്ടാം വ്യാപനമുണ്ടാകുമ്പോഴും ഇല്ലാത്ത കിടക്കകളെക്കുറിച്ച് വിലപിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രണ്ടാം വരവുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാതിരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാറിനേക്കാള്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ട് നിയമ നിര്‍മാണം നടത്താന്‍ മറന്നില്ല. കൊവിഡിന്റെ രണ്ടാം തരംഗം ഉറപ്പാണെന്ന്, ഇതര രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തി ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ കാലത്ത്, ഉചിത സമയത്ത് പ്രഖ്യാപിച്ച (മുന്നൊരുക്കങ്ങളൊന്നുമെടുക്കാതെ, ലക്ഷക്കണക്കിന് നിത്യക്കൂലിക്കാരെ തെരുവിലേക്ക് വലിച്ചെറിഞ്ഞ്) ലോക്ക്ഡൗണ്‍ കൊണ്ട് കൊവിഡിനെ രാജ്യം അതിജീവിച്ചതിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ പാടുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി. സംഘ്പരിവാരം അതേറ്റ് പാടുകയും. കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വന്തം നിലക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ലോക്ക്ഡൗണ്‍ മൂലം കഷ്ടത്തിലായവരെ സംരക്ഷിക്കാന്‍ ഭക്ഷ്യവസ്തുക്കളും മറ്റും വിതരണം ചെയ്യുകയും ചെയ്ത കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളെ നരേന്ദ്ര മോദി നല്‍കിയ സൗജന്യങ്ങള്‍ വിതരണം ചെയ്ത് ക്രെഡിറ്റെടുക്കുന്നവരെന്ന് ആക്ഷേപിക്കാനും മടിച്ചില്ല അക്കൂട്ടര്‍.
ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും രോഗബാധിതരുടെയും ജീവനഷ്ടമുണ്ടായവരുടെയും കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നില്ല. ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിട്ടും കൂട്ടമായി സംസ്‌കരിച്ചിട്ടും ഉറ്റവരുടെ ശരീരവുമായി കാത്തുനില്‍ക്കേണ്ടിവരുന്നവരുടെ ചിത്രങ്ങളാണ് രാജ്യം നേരിടുന്ന ഭയാനകമായ അവസ്ഥ കുറച്ചെങ്കിലും പ്രതിഫലിപ്പിക്കുന്നത്. ആശുപത്രിക്ക് മുന്നിലെ ആംബുലന്‍സുകളുടെ നിര നീളുന്നതും. ഈ അവസ്ഥ നേരിടാന്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിരുന്നോ നമ്മുടെ ഭരണകൂടം? താത്കാലിക ആശുപത്രികളുണ്ടാക്കുന്നതിനെക്കുറിച്ച്, നിലവില്‍ ഇതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കെട്ടിടങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ ആശുപത്രികളായി മാറ്റുന്നതിനെക്കുറിച്ച്, കൊവിഡ് ബാധിതരുടെ ചികിത്സക്ക് അനിവാര്യമായ മരുന്നുകള്‍ ശേഖരിക്കുന്നതിനെക്കുറിച്ച് – എന്തിനെക്കുറിച്ചെങ്കിലും ആലോചിച്ചിരുന്നോ. ഉണ്ടെന്ന് തോന്നുന്നില്ല. ആലോചിച്ചിരുന്നുവെങ്കില്‍ നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുണ്ടാകുമായിരുന്നില്ല. അത്തരം ആലോചനകളൊന്നുമില്ലാത്ത, ആലോചിക്കുന്നവരോട് സംസാരിക്കാന്‍ തയ്യാറാകാത്ത ഏകാധിപത്യമാണ് ഗുജറാത്ത് മാതൃക. അത് വ്യാപിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കൂടി ഫലമാണ് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്