Connect with us

Travelogue

മണൽക്കാട്ടിലെ പച്ചത്തുരുത്ത്

Published

|

Last Updated

സപ്ത പ്രവിശ്യകളുടെ സംഗമ നാമമാണ് ഇമാറാത്ത്. അഥവാ യു എ ഇ . ഐക്യ അറബ് നാടിന്റെ തലസ്ഥാന നഗരി അബൂദബിയും വാണിജ്യ നഗരം ദുബൈയിയുമാണ്. അബൂദബിയിൽ നിന്നും 165 കിലോമീറ്റർ കിഴക്കോട്ടും ദുബൈയിൽ നിന്ന് 135 കിലോമീറ്റർ തെക്ക് മാറിയും സഞ്ചരിച്ചാൽ എത്തുന്ന “ഹരിത”നഗരിയാണ് അൽഐൻ. ഇമാറാത്തിന്റെ കണ്ണെന്നും പൂന്തോട്ട നഗരിയെന്നും അറിയപ്പെടുന്ന നയന മനോഹരമായ പച്ചിലച്ചാർത്തുകൾ കൊണ്ട് മരുഭൂ മണ്ണിനെ കുളിരണിയിക്കുന്ന ദേശം. തോട്ടങ്ങൾക്കിടയിൽ ഈന്തപ്പനകളും മാവുകളും നാരകങ്ങളും വാഴത്തോട്ടങ്ങളും മറ്റു പഴവർഗങ്ങളും ഇടതൂർന്ന് നിൽക്കുന്ന ഒരിടമുണ്ട് ഈ നഗരത്തിൽ. അൽ ഐൻ ബസ് സ്റ്റേഷനോട് ഓരം ചാരി അൽ മുത്വവ്വ ദേശത്തിനുള്ളിൽ അൽ ജാഹിലിക്ക് കിഴക്ക് വശത്തായി നഗരത്തിന് മധ്യത്തിൽ വടക്ക് പടിഞ്ഞാറ് ബുറൈമിയുമായി അതിർത്തി പങ്കിടുന്ന വ്യത്യസ്ത നാമത്തിൽ തരംതിരിച്ച പ്രദേശങ്ങളുടെ നടുവിൽ ചെമ്മൽ നിറത്തോട് കുടിയ ചുറ്റുമതിലുകളിൽ അതിരിടുന്ന 1200 ഹെക്ടർ സ്ഥലത്ത് വിശാലമായിക്കിടക്കുന്ന ഈന്തപ്പന തോട്ടങ്ങൾ അൽ ഐൻ ഒയാസീസ് എന്ന് വിളിക്കപ്പെടുന്നു. പ്രാചീന ചരിത്രം പറയുന്ന വെങ്കല യുഗത്തിന് സമാനമായി നിർമിക്കപ്പെട്ട നീർച്ചാലുകൾ കൃഷിയിടങ്ങളിലേക്ക് ജലസേചനം ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുന്നു.


ഇതിന് പുറമേ, ഹഫീത്ത് മലയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഹജർ കുന്നിന്റെ താഴ്‌വരയിൽ നിന്നും ഒഴുകിവരുന്ന നീരുറവകളും ഭൂഗർഭ ജലവും ഈ മരുപ്പച്ചക്ക് കനകകാവ്യമായി തിലകം ചാർത്തുന്നു. തോട്ടങ്ങളുടെ വ്യത്യസ്ത സമതലങ്ങളിൽ ജലസേചനം ലഭ്യമാക്കുന്നതിന് സംഭരണികളിൽ ശേഖരിച്ച് വെക്കുകയും ആവശ്യാനുസരണം ഓവുചാലുകൾ വഴി വെള്ളം ഒഴുക്കിവിടുകയും ചെയ്യുന്നു. അൽഐനിലെ ഏറ്റവും വലിയ ഈന്തപ്പന തോട്ടമായ ഈ മരുപ്പച്ചയിൽ ആയിരത്തി ഇരുനൂറ് ഹെക്ടറിൽ ഒരു ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തിൽ പരം ഈന്തപ്പനകളുണ്ട്. ഇവയിൽ ലോകത്തെ വ്യത്യസ്തമായ നൂറിൽ പരം ഈന്തപ്പന ഇനങ്ങളും ഇടം പിടിച്ചിട്ടുണ്ട്. മനോഹരമായ ചുറ്റുമതിലുകൾ കൊണ്ട് കമനീയമാക്കിയ ഒരോ തോട്ടങ്ങൾക്കും ഇടയിലൂടെ കട്ടകൾവിരിച്ച നടപ്പാതയും ഒരോന്നിലേക്കും കടക്കാൻ പ്രത്യേക വാതിലുകളുമുണ്ട്. ശാന്തസുന്ദരമായി ഒഴുകുന്ന നീർച്ചാലുകൾക്ക് ഇളം കാറ്റിന്റെ തലോടലേൽക്കുമ്പോൾ കുളിരേകുന്ന പരിസരം. പ്രകൃതിയുടെ ഉറവ വറ്റാത്ത ഉർവരതയിൽ പരദേശിയുടെ തേഞ്ഞ് മാഞ്ഞ് പോകാത്ത പാദങ്ങൾക്ക് ശക്തിയും കാഴ്ചകൾക്ക് ഭംഗയും മനസ്സിനാനന്ദവും വിരുന്നൊരുക്കിയ സഞ്ചാരികളുടെ പറുദീസയാണ് ഈ പച്ചത്തുരുത്ത്. ലോക പൈതൃക പട്ടികയിൽ രണ്ടായിരത്തി പതിനൊന്നിൽ ഇടം പിടിച്ചിട്ടുണ്ട്. പൗരാണിക കാലത്തിന്റെ കാൽപ്പെരുമാറ്റം പതിഞ്ഞ ഈ പച്ചത്തുരുത്തിൽ പൂർവസൂരികളായ മഹത്തുക്കളുടെ ഓർമകൾക്ക് നിത്യസ്മരണകളെന്നോണം നിരവധി പള്ളികളും കാണപ്പെടുന്നു. നാഗരികതയുടെ തിരുശേഷിപ്പുകളും പൈതൃകങ്ങളുടെ നിത്യസ്മരണയും കുടികൊള്ളുന്ന അൽ നാഷനൽ മ്യൂസിയവും 1910ൽ ശൈഖ് സായിദ് പണി കഴിപ്പിച്ച് വർഷങ്ങളോളം താമസിച്ച അൽഐൻ പാലസ് മ്യൂസിയവും ഈ മരുപ്പച്ചയോട് ചേർന്ന് വ്യത്യസ്ത ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നു.


എല്ലാ ദിവസവും രാവിലെ ഒന്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ സന്ദർശകരെ അനുവദിക്കുന്ന ഇവിടം ദിനംപ്രതി സ്വദേശികളും വിദേശികളുമായി നുറുക്കണക്കിനാളുകൾ വന്നുപോകുന്നു. പൈതൃകങ്ങൾ തച്ചുടക്കുന്ന ലോകത്തിന് മുന്നിൽ വിസ്മയിപ്പിക്കുന്ന ഒരായിരം ഓർമകളുടെ വിളക്ക് കെടാതെ കാത്തുസൂക്ഷിക്കുകയാണ് അബൂദബി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പും ഒരു ജനതയും.

Latest