Connect with us

Articles

രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിക്കല്‍; ഫെഡറലിസം പിന്നെയും ഭീഷണിയില്‍

Published

|

Last Updated

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ ഫെഡറലിസം അന്ത്യശ്വാസം വലിക്കുകയാണോ? കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ നിരന്തരമായി പാസ്സാക്കിയെടുത്തിട്ടുള്ള, ഫെഡറലിസത്തിന് വിരുദ്ധമായ നിയമങ്ങളും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ചെയ്തികളും ഈ സംശയമാണ് രാജ്യത്തെ ജനങ്ങളില്‍ ഉളവാക്കിയിട്ടുള്ളത്.

രാജ്യത്തെ സ്ഥിരമായി നിലനില്‍ക്കുന്ന ഉപരിസഭയായ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ നിന്ന് കൃത്യമായും സമയനിഷ്ഠമായും നടക്കേണ്ടതുണ്ട്. എന്നാല്‍ പരമ പ്രധാനമായ ഈ തത്വത്തെ കാറ്റില്‍പറത്തിക്കൊണ്ട് കേരള അസംബ്ലിയില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് വെറും രാഷ്ട്രീയ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ ഭരണഘടനയെയും ഫെഡറലിസത്തെയും പിച്ചിച്ചീന്തുന്ന ഒന്നാണ്. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര ഭരണകൂടം തങ്ങളുടെ ഏറാന്‍മൂളികളായി മാറ്റിയതിന്റെ ദൃഷ്ടാന്തവുമാണിത്.

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത് ഏറെ ആശങ്കയുളവാക്കുന്ന ഒരു സംഭവമാണ്. നേരത്തേ പ്രഖ്യാപിച്ച നിര്‍ദിഷ്ട തിരഞ്ഞെടുപ്പ് പ്രഖ്യാപനവും തീയതികളും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരം അടുത്തൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാറ്റിവെക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയം എന്ത് നിര്‍ദേശമാണ് മുന്നോട്ട് വെച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നില്ല. ഈ മാസം 24ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും 31വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. നിലവിലെ അംഗബലം അനുസരിച്ച് എല്‍ ഡി എഫിന് രണ്ടും യു ഡി എഫിന് ഒന്നും സീറ്റിലാണ് ജയിക്കാനാകുക.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ദുരൂഹമാണ്. ഏപ്രില്‍ 12ന് നടക്കേണ്ട തിരഞ്ഞെടുപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്. കേന്ദ്ര നിര്‍ദേശ പ്രകാരം വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ തിരഞ്ഞെടുപ്പിനായുള്ള എല്ലാ നടപടികളും ആരംഭിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് നടപടി നിര്‍ത്തിവെച്ചുകൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്.
രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കേണ്ട തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഇടപെടാന്‍ പാടില്ലെന്ന് നിരവധി സുപ്രീം കോടതി വിധികള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന ഒന്നാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണമെന്നും നിയമസഭയുടെയും അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 അനുസരിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടവും നിര്‍ദേശങ്ങള്‍ നല്‍കലും നിയന്ത്രണങ്ങളും എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇതിലിടപെടാന്‍ സര്‍ക്കാറിന് യാതൊരു അധികാരവും ഇല്ല. ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനവുമാണ്.
രാജ്യത്തെ പരമോന്നതമായ ഉപരിസഭയായ രാജ്യസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്ത് അയക്കുക എന്നത് നിയമസഭാ അംഗങ്ങളുടെ മുഖ്യമായ അവകാശമാണ്. യാതൊരു നീതീകരണവുമില്ലാതെ ഈ അവകാശം ഇവര്‍ക്ക് നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഭരണഘടനയെ തന്നെ വെല്ലുവിളിക്കലാണിത്. കരി നിയമങ്ങള്‍ ഓരോന്നായി പാസ്സാക്കിയെടുത്ത് രാജ്യത്തിന്റെയും ജനങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇതില്‍ക്കൂടി നിയമസഭാ അംഗങ്ങളുടെ മൗലിക അവകാശങ്ങള്‍ക്ക് നേരേയും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. രാജ്യസഭ സംസ്ഥാനങ്ങളുടെ പ്രതിനിധികളുടെ പരമോന്നത സഭയാണ്. ഈ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് തടസ്സമുണ്ടാക്കുന്നതിന് പിന്നില്‍ കേന്ദ്രത്തിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടാകണം.
ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടികള്‍ ഓരോന്നായി തുടരുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ഡല്‍ഹി ദേശീയ തലസ്ഥാന കേന്ദ്രഭരണ പ്രദേശ് സര്‍ക്കാര്‍ (ഭേദഗതി ബില്‍) 2021 എന്ന പേരില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസ്സാക്കിയ ബില്‍. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സര്‍ക്കാറുകളുടെ അധികാരം കവര്‍ന്നെടുത്ത് കേന്ദ്ര സര്‍ക്കാറിന്റെ കൈകളില്‍ സുരക്ഷിതമാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഈ ബില്ലുകളും മറ്റും.

ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമാണ്. എന്നാല്‍ ഈ ഫെഡറല്‍ സംവിധാനം ബോധപൂര്‍വം ഭരണാധികാരികള്‍ തന്നെ നിരന്തരം തകര്‍ത്തുകൊണ്ടിരിക്കുന്ന ചിത്രമാണ് ഓരോ ദിവസം കഴിയുന്തോറും വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ഒരുകാര്യം പകല്‍പോലെ വ്യക്തമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ തിരഞ്ഞെടുക്കപ്പെടേണ്ട മൂന്ന് രാജ്യസഭാംഗങ്ങളില്‍ രണ്ട് പേരും ഇടതുപക്ഷ പ്രതിനിധികളാകും. ഇത് തന്നെയാണ് രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി മാത്രം കാര്യങ്ങള്‍ ചെയ്യുന്ന കേന്ദ്ര ഭരണകൂടം ഈ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നതിന് പിന്നിലും. എന്തായാലും രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനതയുടെ മുമ്പാകെ ഈ തിരഞ്ഞെടുപ്പ് നീട്ടിവെച്ചതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനും സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ജനാധിപത്യവിരുദ്ധവും ഫെഡറല്‍വിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരായി ഏറ്റവും ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്നുവരണം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest