Connect with us

Gulf

തിരക്കൊഴിവാക്കാന്‍ നടപടി; ആരോഗ്യ കേന്ദ്രങ്ങളില്‍ മന്ത്രാലയ പരിശോധന

Published

|

Last Updated

ദുബൈ | ആരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാരം വിലയിരുത്താന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അല്‍ ഉലാമ, എമിറേറ്റ്സ് ഹെല്‍ത് സര്‍വീസസ് കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. യൂസുഫ് അല്‍ സിര്‍കാല്‍ എന്നിവര്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന നടത്തി. ദുബൈയില്‍ അല്‍ അവീര്‍ ഹെല്‍ത് സെന്റര്‍, ഫുജൈറയില്‍ അല്‍ തവീന്‍ ഹെല്‍ത് സെന്റര്‍, റാസ് അല്‍ ഖൈമയിലെ ഖത്ത് ഹെല്‍ത് സെന്റര്‍ എന്നിവിടങ്ങളില്‍ വിശദമായ പരിശോധന നടന്നു. സേവനങ്ങളുടെ ഗുണനിലവാരം, മെഡിക്കല്‍ ടീമിന്റെ പ്രകടനം എന്നിവ വിലയിരുത്തി. കൊവിഡ് -19നെ നേരിടാനുള്ള കാര്യക്ഷമത ഉറപ്പു വരുത്തി. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തുന്ന പതിവ് പരിശോധനകളുടെ ഭാഗമാണിതെന്ന് ഡോ. മുഹമ്മദ് സലീം അല്‍ ഉലമ പറഞ്ഞു. വാക്സിന്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കര്‍ശനമായ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ എന്നിവ സൂക്ഷ്മമായി വിലയിരുത്തി.

ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ തുടര്‍ച്ചയായി നല്‍കുമെന്ന് ഉറപ്പുനല്‍കുന്ന ഉപകരണങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കാന്‍ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ടെന്ന് അല്‍ ഉലാമ പറഞ്ഞു. അല്‍ അവീര്‍ ഹെല്‍ത് സെന്ററിലെ പര്യടനത്തിനിടയില്‍, കേന്ദ്രത്തിന്റെ പ്രകടനത്തെക്കുറിച്ചും പ്രവര്‍ത്തന പദ്ധതിയെക്കുറിച്ചും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഭാവി ആവശ്യങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ടു. ഏറ്റവും പുതിയ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാമെന്ന് അവര്‍ക്ക് വാഗ്ദാനം ചെയ്തു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടയില്‍ തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ നവീകരിക്കുമെന്നും അല്‍ ഉലാമ അറിയിച്ചു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest