National
'ലൗ ജിഹാദ്' നിയമം കൊണ്ടുവരുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ഗുജറാത്ത്
ഗാന്ധിനഗര്‍ | “ലൗ ജിഹാദ്” നിയമം നിലവില്‍ കൊണ്ടുവരേണ്ടെന്ന നിലപാടുമായി ഗുജറാത്ത് സര്‍ക്കാര്‍. അഡ്വക്കറ്റ് ജനറല്‍ അടക്കമുള്ളവരുടെ നിയമോപദേശം അനുസരിച്ചാണ് ഈ തീരുമാനം. അതിനാല്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ “ലൗ ജിഹാദ്” ബില്‍ അവതരിപ്പിച്ചേക്കില്ല.
ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറുകളുടെ പാത പിന്തുടര്‍ന്നാണ് “ലൗ ജിഹാദ്” നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ബലംപ്രയോഗിച്ചോ പ്രലോഭിച്ചോയുള്ള മതംമാറ്റം തടയുന്ന നിയമം നിലവില്‍ ഗുജറാത്തിലുണ്ട്. ഇതിനാലാണ് “ലൗ ജിഹാദ്” നിയമം കൊണ്ടുവരുന്നതിനെതിരെ നിയമോപദേശം ലഭിച്ചത്.
പുതിയ നിയമമോ നിയമ ഭേദഗതിയോ വേണ്ടെന്നാണ് വിദഗ്‌ധോപദേശം. മറ്റ് സംസ്ഥാനങ്ങള്‍ പാസ്സാക്കിയ “ലൗ ജിഹാദ്” നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുമുണ്ട്. രാഷ്ട്രീയ ലക്ഷ്യമില്ലെങ്കില്‍ ബജറ്റ് സമ്മേളനത്തില്‍ ഈ ബില്‍ കൊണ്ടുവരില്ലെന്നാണ് സൂചന.
മോദി മുഖ്യമന്ത്രിയായിരുന്ന 2003ലാണ് ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം കൊണ്ടുവന്നത്. ഇതുപ്രകാരം ഗുജറാത്തില്‍ ഒരാള്‍ക്ക് മതംമാറാന്‍ ജില്ലാ അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടേണ്ടതുണ്ട്. ഹിന്ദു പെൺകുട്ടികളെ മുസ്ലിം യുവാക്കൾ പ്രണയിച്ച് മതം മാറ്റുന്നുവെന്ന സംഘ്പരിവാർ പ്രചാരണം അടിസ്ഥാനമാക്കിയാണ് ബി ജെ പി സർക്കാറുകൾ “ലൗ ജിഹാദ്” നിയമം കൊണ്ടുവരുന്നത്. “ലൗ ജിഹാദ്” എന്ന രൂപത്തിൽ സംഘടിത നീക്കമില്ലെന്ന് രാജ്യത്തെ വിവിധ സംസ്ഥാന പോലീസ്- സുരക്ഷാ ഏജൻസികളും കോടതികളും വ്യക്തമാക്കിയതാണ്.