Connect with us

Kerala

ലൈഫ് മിഷൻ വിധി: സർക്കാറിന്റെ മുഖത്തേറ്റ അടിയാണെന്ന് ചെന്നിത്തല, അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷൻ അഴിമതിക്കേസിൽ സി ബി ഐ അന്വേഷണം തുടരാം എന്ന ഹൈക്കോടതി വിധി പിണറായി സർക്കാറിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മടിയിൽ കനമില്ല എന്ന് ആവർത്തിച്ചു പറയുകയും നിഷ്പക്ഷമായ അന്വേഷണം ഏതു വിധേനയും ആട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടി കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാർക്ക് വീട് വെച്ച് നൽകാനായി വിഭാവനം ചെയ്ത ഒരു പദ്ധതിയിൽ 40 ശതമാനത്തിന് മുകളിൽ കമ്മീഷൻ വാങ്ങാൻ പാകത്തിന് അഴിമതിക്ക് കളമൊരുക്കുകയും ആരോപണം ഉന്നയിച്ചവരെ തേജോവധം ചെയ്യുകയും ഒടുവിൽ അന്വേഷണം തടയാൻ കോടതി കയറുകയും ചെയ്യേണ്ടി വരുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാറിന് അപമാനകരമാണ്.

സ്വർണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യമൊരുക്കാനുള്ള പദ്ധതിയായി ലൈഫിനെ മാറ്റുകയായിരുന്നു കേരള സർക്കാർ. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ലൈഫ്മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ആദ്യാവസാനം വരെ ശ്രമിച്ചത്. സി ബി ഐ അന്വേഷണത്തിലൂടെ കൂടുതൽ സത്യം പുറത്ത് വരുമെന്ന് പ്രത്യാശിക്കാം. പാവപ്പെട്ടവർക്ക് വീട് വയ്ക്കാനുള്ള പദ്ധതിയെ വരെ കമ്മീഷൻ അടിക്കാനുള്ള അവസരമായി കണ്ട പിണറായി വിജയൻ സർക്കാരിനെതിരേയുള്ള യു ഡി എഫിന്റെ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി കേസില് സി ബി ഐ അന്വേഷണം തുടരാന് അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതിരഹിത സര്ക്കാറെന്ന് യശസ്സ് നേടിയെന്ന് പെരുമ്പറ മുഴക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് ലൈഫ് മിഷന് കേസില് സി ബി ഐ അന്വേഷണത്തെ ഭയക്കുന്നത്. കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കില് സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആര്ജ്ജവവും സത്യസന്ധതുമായിരുന്നു അദ്ദേഹം കാട്ടേണ്ടിയിരുന്നത്. എന്നാല് അത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒളിച്ചുവെയ്ക്കാന് പലതും ഉള്ളതിനാലാണ് മുഖ്യമന്ത്രി സി ബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന് ശ്രമിച്ചത്.

പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില് കൈയിട്ട് വാരാനും കോടികള് വെട്ടിക്കാനും മടിയില്ലാത്തവരാണ് സി പി എം നേതാക്കളും മന്ത്രിമാരും. അഴിമതി തൊട്ടുതീണ്ടാത്തവരാണ് തങ്ങളെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട് നിമിഷങ്ങള്ക്കകമാണ് ലൈഫ് മിഷന് പദ്ധതി ക്രമക്കേട് അന്വേഷിക്കാന് ഹൈക്കോടതി സി ബി ഐയ്ക്ക് അനുമതി നല്കിയത്.

വിജിലന്സ് അന്വേഷണത്തിലൂടെ ആശ്രിതസംഘത്തെ ഉപയോഗിച്ച് സ്വയം വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനേറ്റ കനത്ത തിരിച്ചടിയാണ് ലൈഫ് പദ്ധതിയിലെ ക്രമക്കേട് സി ബി ഐക്ക് അന്വേഷിക്കാന് അനുമതി നല്കിയ ഹൈക്കോടതി ഉത്തരവ്. തുടക്കം മുതല് ഈ കേസ് അട്ടിമറിക്കാനാണ് സര്ക്കാര് ശ്രമിച്ചത്. സെക്രട്ടേറിയറ്റില് നിന്നും ഇതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള് വിജിലന്സ് കടത്തി കൊണ്ടുപോയതിലും ദുരൂഹതയുണ്ട്.

അഴിമതിയുടെ ഉള്ളറകള് സി ബി ഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നതില് സംശയമില്ല. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഉപജാപകവൃന്ദത്തിന്റെയും മന്ത്രിമാരുടെയും പങ്ക് അന്വേഷണത്തിലൂടെ കൂടുതല് വ്യക്തമാകും. പ്രതീക്ഷയോടെയാണ് വിധിയെ കേരളീയസമൂഹം നോക്കി കാണുന്നത്. സംശുദ്ധമായ രാഷ്ട്രീയരംഗമാണ് കേരളീയ പൊതുസമൂഹം ആഗ്രഹിക്കുന്നത്. അഴിമതി പൂര്ണ്ണമായും നിര്മാര്ജ്ജനം ചെയ്യപ്പെടണം. അതിനുള്ള തുടക്കമാകട്ടെ കോടതിവിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest