Connect with us

Articles

ഇത് എന്തു ഫോബിയ ആണ്?

Published

|

Last Updated

കാസർകോട് ജില്ലയിലെ പഴയകടപ്പുറത്തു വെച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അരുംകൊല ചെയ്യപ്പെട്ട കല്ലൂരാവി യൂനിറ്റ് എസ് വൈ എസ് പ്രവർത്തകൻ അബ്ദുറഹ്്മാൻ ഔഫിന്റെ കൊലപാതകം കേരളത്തിലെ സുന്നി മുസ്‌ലിംകൾക്കെതിരെ മുസ്‌ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയ പരമ്പരയിലെ ഏറ്റവും അവസാനത്തെ പതിപ്പ് മാത്രമാണ്. മുസ്‌ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന ഈ അതിക്രമ പരമ്പരക്ക് ഏറ്റവും ചുരുങ്ങിയത് അമ്പതു വർഷമെങ്കിലും പഴക്കമുണ്ട്. എന്നു മാത്രമല്ല, ഈ കാലയളവിൽ കേരളത്തിലെ മുസ്‌ലിം ഉൾനാടുകളിൽ മുസ്‌ലിം ലീഗ് തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യവും മേധാവിത്വവും ഉറപ്പുവരുത്തിയതു തന്നെ സുന്നി മുസ്‌ലിംകൾക്കെതിരെ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ഇത്തരം അതിക്രമങ്ങളിലൂടെയാണ്. ഉൾനാടൻ മുസ്‌ലിം ഗ്രാമങ്ങളിലെ സുന്നി മുസ്‌ലിംകൾ ഓരോ നിമിഷവും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ യാഥാർഥ്യത്തെ അടുത്തറിയാൻ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഉൾഭാഗത്ത് മുസ്‌ലിം ലീഗ് ദൈനം ദിനാടിസ്ഥാനത്തിൽ എങ്ങനെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ചുള്ള സാമാന്യമായ ഒരു പഠനം നടത്തിയാൽ മതി.

അതുകൊണ്ടു തന്നെ, മുസ്‌ലിം ലീഗ് നേതാക്കളും അഭ്യുദയകാംക്ഷികളും അവകാശപ്പെടുന്നതു പോലെ മുസ്‌ലിം ലീഗ് അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണെന്നും മുസ്‌ലിം ലീഗ് അക്രമരാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ലെന്നുമുള്ള അവകാശ വാദവും അബ്ദുറഹ്്മാൻ ഔഫിന്റെ കൊലപാതകത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കുള്ള പങ്ക് അനിതരസാധാരണമായ ഒരു സംഭവം മാത്രമാണെന്നുമുള്ള ന്യായീകരണവും ബാലിശമാണെന്നു മാത്രമല്ല, ചരിത്ര വിരുദ്ധവും കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ ദൈനം ദിനാനുഭവങ്ങളെ പരിഹസിക്കുന്നതുമാണ്. എന്നു മാത്രമല്ല, പഴയകടപ്പുറത്തൊഴുകിയ അബ്ദുറഹ്്മാൻ ഔഫിന്റെ രക്തം മുസ്‌ലിം ലീഗുകാരാൽ കൊലചെയ്യപ്പെടുന്ന കേരളത്തിലെ അവസാനത്തെ സുന്നി മുസ്‌ലിമിന്റേതായിരിക്കും എന്നു വിശ്വസിക്കാൻ ഏറ്റവും ചുരുങ്ങിയത് സുന്നി മുസ്‌ലിംകളുടെയെങ്കിലും മുസ്‌ലിം ലീഗ് അനുഭവങ്ങൾ സമ്മതിക്കുന്നുമില്ല. മറിച്ചൊരു അനുഭവം ഉണ്ടാകണമെങ്കിൽ ഒരു പുതിയ മുസ്‌ലിം ലീഗ് തന്നെ ഉണ്ടാകണം. അതുണ്ടാകാനുള്ള സാധ്യത ഇല്ല തന്നെ. അതുകൊണ്ടു തന്നെ നിലവിലുള്ള മുസ്‌ലിം ലീഗ് തുടരുന്ന കാലത്തോളം കേരളത്തിൽ ഇനിയും മുസ്‌ലിം ലീഗ് കൊലപാതക രാഷ്ട്രീയം തുടരും.

മുസ്‌ലിം യൂത്ത് ലീഗ് നേതാക്കൾ പങ്കാളികളായ അബ്ദുറഹ്്മാൻ ഔഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രാദേശിക വിഷയങ്ങളാണെന്നും അതല്ലാതെ മുസ്‌ലിം ലീഗിന്റെ ഉന്നത തലത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതല്ല ഇതെന്നുമാണ് മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം ഇതേ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നതാണ് മുസ്‌ലിം ലീഗിന്റെ ഈ വിശദീകരണം. കേരളത്തിൽ സുന്നി മുസ്‌ലിംകൾക്കെതിരെ മുസ്‌ലിം ലീഗ് നടത്തിയ/ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകം ഉൾപ്പടെയുള്ള അതിക്രമങ്ങൾക്ക് എല്ലാ കാലത്തും മുസ്‌ലിം ലീഗ് നൽകിപ്പോന്ന വിശദീകരമാണ് ഈ “പ്രാദേശിക വിഷയം” എന്ന കാരണം. സുന്നി മുസ്‌ലിംകൾക്കെതിരെ കത്തിയോങ്ങാൻ മുസ്‌ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും ആത്മ വിശ്വാസം നൽകുന്ന എന്തു ഘടകമാണ് ഈ “പ്രാദേശിക വിഷയത്തിൽ” ഉൾച്ചേർന്നിരിക്കുന്നത്? മുസ്‌ലിം ലീഗിന്റെ ജനിതക ഘടനയെ കുറിച്ചുള്ള സവിശേഷമായ ചില നിരീക്ഷണങ്ങളിലേക്കായിരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം നമ്മെ കൊണ്ടു ചെന്നെത്തിക്കുക.

അടിസ്ഥാനപരമായി ഫ്യൂഡൽ മൂല്യങ്ങളിലും അതിനെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക സാഹചര്യങ്ങളിലും അധിഷ്ഠിതമായ ഒരു ഘടനയിലാണ് മുസ്‌ലിം ലീഗ് പ്രവർത്തിക്കുന്നത്. പഴയ ജന്മികുടിയാൻ ബന്ധമാണ് ആ ഘടനയുടെ ആധാരം. മുസ്‌ലിം സാമാന്യ ജനങ്ങളെ തങ്ങളുടെ ഈ ജൻമികുടിയാൻ ബന്ധത്തിലേക്ക് കണ്ണി ചേർത്തുകൊണ്ടാണ് മുസ്‌ലിം ലീഗ് അതിന്റെ അടിത്തറ വിപുലപ്പെടുത്താൻ ശ്രമിച്ചത്. ഓരോ കാലത്തെയും സവിഷശ സാഹചര്യങ്ങൾക്കൊപ്പിച്ച് ഈ അധികാര ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകാൻ മുസ്‌ലിം ലീഗ് എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യം തലശ്ശേരിയിലും പിന്നീട് കൊയിലാണ്ടി വഴി മലപ്പുറത്ത് എത്തിയപ്പോഴും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് ഈ അധികാര ഘടനയാണ്.

മുസ്‌ലിംകൾക്കിടയിലെ കീഴാള ജനവിഭാഗങ്ങൾ വിഭവാധികാര വിതരണത്തിൽ പങ്കു കൊള്ളുകയും അതുവഴി ജനാധിപത്യ പ്രക്രിയയിൽ പൗരന്മാർ എന്ന നിലക്ക് ഇടപെടുകയും ചെയ്യുന്നത് ഈ ഘടന ഇഷ്ടപ്പെടുന്നില്ല. ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിനകത്തു നിന്നുകൊണ്ട് മുസ്‌ലിംപൗരന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്നതതിന് പകരം മുസ്‌ലിം/പൗരൻ എന്നിവയെ പരസ്പരപൂരകമല്ലാത്ത ഒരു ബന്ധമായാണ് മുസ്‌ലിം ലീഗ് കാണുന്നത്. അതാകട്ടെ പഴയ ജന്മികുടിയാൻ ബന്ധത്തിന്റെ തുടർച്ചയാണ് താനും.

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ ഫ്യൂഡൽ മൂല്യങ്ങളെ ഇസ്‌ലാമിക സമൂഹങ്ങളിലെ ഉമറാ (പൗര പ്രധാനികൾ) എന്ന പരികല്പനയിലേക്കു പരിവർത്തിപ്പിച്ചെടുത്താണ് പ്രാദേശിക തലങ്ങളിൽ മുസ്‌ലിം ലീഗ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുത്തത്. ഉമറാ എന്നാൽ ഭൂവുടമകൾ എന്ന അർഥത്തിലാണ് കേരളത്തിലെ പ്രാദേശിക മുസ്‌ലിം സാഹചര്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു പോന്നത്. ഇതാകട്ടെ, ഒരു രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗമായിരുന്നു താനും. മുസ്‌ലിം ലീഗ് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ച ഈ അധികാര ശ്രേണീ ബന്ധത്തെ സൂക്ഷ്മാർഥത്തിൽ വെല്ലു വിളിച്ചത് കേരളത്തിലെ സുന്നി പണ്ഡിതന്മാരായിരുന്നു. ഓരോ പ്രദേശത്തെയും മുസ്‌ലിം ഫ്യൂഡൽ സാഹചര്യങ്ങളെ സ്വാംശീകരിച്ചു വളർന്ന സലഫി ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങൾ അധികാര ഘടനയിൽ മുസ്‌ലിം ലീഗിന്റെ സ്വാഭാവിക കൈകാര്യക്കാർ മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ ഇസ്‌ലാമിനകത്തു നിന്നും മതപരമായ മൂല്യങ്ങളിൽ ഊന്നി കൊണ്ട് മുസ്‌ലിം ലീഗിനെതിരെ വ്യവസ്ഥാപിതവും ദീർഘകാലാടിസ്ഥാനത്തിൽ ഉള്ളതുമായ വെല്ലുവിളി ഉയർത്തിയത് സുന്നി പണ്ഡിതന്മാർ ആയിരുന്നു. മുസ്‌ലിം ലീഗ് മുന്നോട്ടു വെച്ച ശ്രേണീ ബന്ധങ്ങളിൽ നിന്ന് പുറത്തു കടക്കാൻ ഇത് വലിയൊരു വിഭാഗം സുന്നി മുസ്‌ലിംകൾക്ക് ആത്മവിശ്വാസം നൽകി. ഇ കെ ഹസ്സൻ മുസ്‌ലിയാരുടെയും 197085 കാലങ്ങളിലെ ഇ കെ അബൂബക്കർ മുസ്‌ലിയാരുടെയും പ്രവർത്തനങ്ങളിലൂടെ ഉയർന്നുവന്ന ഈ വെല്ലുവിളി, എൺപതുകളുടെ അവസാനത്തോടെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ വലിയൊരു മുന്നേറ്റമായി വികസിച്ചു വന്നു. മുസ്‌ലിം ലീഗും അനുബന്ധ സംഘടനകളും മുന്നോട്ടു വെച്ച (ഭൂവുടമകൾ എന്ന പരിമിതാർഥത്തിൽ ഉള്ള) “ഉമറാ” ക്കളിൽ ഊന്നിയ പ്രാദേശിക മുസ്‌ലിം സമൂഹങ്ങളെ, ഉലമാ (പണ്ഡിതന്മാർ) ക്കളിൽ ഊന്നിക്കൊണ്ടുള്ള മറ്റൊരു സാമൂഹിക ഭാവനയിലേക്കു കൊണ്ടുപോകാൻ ഈ മുന്നേറ്റത്തിനു കഴിഞ്ഞു.
സ്വാഭാവികമായും ഈ സാമൂഹിക മാറ്റം മുസ്‌ലിം ലീഗിനെ വിറളി പിടിപ്പിച്ചു. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ മുസ്്ലിം ലീഗിന്റെ കൊലക്കത്തിക്ക് ഇരയായവരിൽ ഭൂരി ഭാഗവും മതപണ്ഡിതന്മാരോ, മത പഠനം നടത്തുന്ന വിദ്യാർഥികളോ ആയിരുന്നു എന്ന വസ്തുത ഉലമാക്കൾ മുന്നോട്ടു വെച്ച മുസ്‌ലിംകളെ കുറിച്ചുള്ള സാമൂഹിക വിചാരങ്ങൾ മുസ്‌ലിം ലീഗിനെ എത്ര ആഴത്തിൽ പരുക്കേൽപ്പിച്ചിട്ടുണ്ട് എന്നതിന്റെ കൂടി അടയാളമാണ്. സുന്നികളുടെ സ്വാഭാവികമായ വരേണ്യ വിരുദ്ധ രാഷ്ട്രീയം മുസ്‌ലിം ലീഗിനെതിരെ നിലപാടുകളെടുക്കാൻ സുന്നികളെ പ്രേരിപ്പിച്ചിട്ടും ഉണ്ട്. തങ്ങൾക്ക് അധീശത്വം ഉള്ള പ്രദേശങ്ങളിൽ മുസ്‌ലിം ലീഗ് എങ്ങനെയാണ് ഈ സുന്നി മുസ്‌ലിംകളോട് ഇടപെടുന്നത് എന്ന് അന്വേഷിച്ചു നോക്കിയാൽ മുസ്‌ലിം ലീഗിന് അടിസ്ഥാനപരമായുള്ള വംശീയതയും കീഴാള വിരുദ്ധതയും കൂടുതൽ ബോധ്യപ്പെടും. അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് മുസ്‌ലിം ലീഗുകാർ മുസ്‌ലിം പ്രാന്ത പ്രദേശങ്ങളിൽ തങ്ങളുടെ കഠാരകൾക്ക് മൂർച്ച കൂട്ടുന്നത്. കേരളത്തിലെ ഏതാണ്ട് എല്ലാ മുസ്‌ലിം ഗ്രാമങ്ങളിലും സുന്നി മുസ്‌ലിംകൾക്കെതിരെ മൂർച്ച കൂട്ടി കാത്തിരിക്കുന്ന കഠാരകൾ ഉണ്ട് എന്നതാണ് യാഥാർഥ്യം. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള മുസ്‌ലിം സമൂഹം കേരളത്തിലേതാണ്. എന്നാൽ ഈ കേരളത്തിൽ പാരമ്പര്യ സുന്നീ മുസ്‌ലിംകൾ ഏറ്റവും കൂടുതൽ അക്രമങ്ങൾ സഹിക്കേണ്ടിവന്നത് മുസ്‌ലിം ലീഗ് എന്ന ഒരു സാമുദായിക രാഷ്ട്രീയ പാർട്ടിയിൽ നിന്നാണ്. അത് അവരുടെ വിശ്വാസത്തിന് നേർക്കുള്ള ആശയപരമായ അതിക്രമങ്ങളായാലും കായികമായ അതിക്രമങ്ങളായാലും മറ്റു തലത്തിലുള്ള രാഷ്ട്രീയ കുത്സിത നീക്കങ്ങളായാലും. മുസ്‌ലിംലീഗുകാരുടെ കൈകൊണ്ടാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ആക്രമിക്കപ്പെട്ടത് എന്നത് അതിശയോക്തിപരമായ ഒരു പ്രസ്താവനയല്ല. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ സ്ഥിതിവിവരക്കണക്ക് നോക്കിയാൽ മതി.

ഇതുകൊണ്ടൊക്കെയാണ് അബ്ദുറഹ്്മാൻ ഔഫിന്റെ കൊലപാതകം മുസ്‌ലിം ലീഗ് ഇനിയും തുടരും എന്നുറപ്പുള്ള കൊലപാതക പരമ്പരയിലെ ഒരെണ്ണം മാത്രമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. കാരണം മുസ്‌ലിം സമുദായത്തിനകത്തു നടക്കുന്ന ജാഗരണ പ്രവർത്തനങ്ങളെ പ്രതിയുള്ള ഭീതിയാണ് മുസ്‌ലിം ലീഗിനെ കൊണ്ടു കത്തിയെടുപ്പിക്കുന്നത്. മുസ്‌ലിംകളെ വിഭവ, അധികാര വിതരണത്തിൽ പങ്കുകാരാക്കുകയും അതുവഴി ജനാധിപത്യ പ്രക്രിയയിൽ പൗരന്മാർ എന്ന നിലക്ക് ഇടപെടാൻ പ്രേരിപ്പിക്കുകയും അതുവഴി അവരെ ആത്മാഭിമാനം ഉള്ള മുസ്‌ലിംകൾ ആക്കുകയും ചെയ്തു എന്നതാണ് സുന്നികൾ ചെയ്ത കുറ്റം. വിധേയത്വ രാഷ്ട്രീയത്തിനെതിരെ അഭിമാന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു എന്നതാണ് ആ സാമൂഹിക മുന്നേറ്റത്തിന്റെ പ്രത്യേകത. ആ കുറ്റം സുന്നികൾ ഇനിയും ആവർത്തിക്കും. അതുകൊണ്ടു തന്നെ അണച്ചുവെച്ച കത്തി അരയിൽ തിരുകിയായിരിക്കും ഓരോ മുസ്‌ലിം ലീഗുകാരനും സുന്നികളെ കാത്തു നിൽക്കുന്നത് . ആ കത്തി താഴെ വെക്കണമെങ്കിൽ മുസ്‌ലിം ലീഗ് മറ്റൊരു കേരളീയ മുസ്്ലിംസമൂഹത്തെ തന്നെ ഭാവന ചെയ്യേണ്ടി വരും. അതിനുള്ള ധൈഷണിക കരുത്താകട്ടെ, ആ പാർട്ടിക്കില്ല താനും. അത്തരമൊരു ശൂന്യതയിൽ നിന്നാണ് മുസ്‌ലിം ലീഗുകാർ സുന്നികൾക്കെതിരെ വാൾ ചുഴറ്റിക്കൊണ്ടിരിക്കുന്നത്.

Latest