Connect with us

Ongoing News

വോട്ടു കൊണ്ട് നൽകണം കൂട്ട്... പാട്ടു പാടി ഞാൻ വരുന്നു...

Published

|

Last Updated

കോഴിക്കോട് | വോട്ടു കൊണ്ട് നൽകണം കൂട്ട് ….. പാട്ടു പാടി ഞാൻ വരുന്നു…. ഇമ്പമാർന്ന മാപ്പിളപ്പാട്ടിന്റെ രീതികൾ അവലംബിച്ചുകൊണ്ടുള്ള ഈരടികൾ അരങ്ങു തകർക്കുകയാണ് നാട്ടിലെങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ മലബാറിൽ പാട്ട് തന്നെയാണ് താരം. പാട്ട് വശമുള്ള സ്ഥനാർഥികൾ സ്വയം പാടിയും അനൗൺസ്‌മെന്റ് വാഹനങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം പാട്ടിന്റെ പാലാഴി തീർത്തുമാണ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നത്.

കടക്കണ്ണിൻ മുനകൊണ്ടെൻ…. എന്ന് തുടങ്ങുന്ന യേശുദാസിന്റെ ഈരടികൾ ചേർത്ത് തിരഞ്ഞെടുപ്പ് കാലത്ത് പലരും പലതും നിർമിച്ചിട്ടുണ്ട്. കൊടുവള്ളി 18ൽ വികസനം വരുത്താൻ… എന്നിങ്ങനെയുള്ള തുളുമ്പുന്ന മധുര ഗാനങ്ങൾ ഇതിൽ ചിലത് മാത്രം. തിരഞ്ഞെടുപ്പ് വേദികളിൽ പല തരത്തിലുള്ള പാട്ടുകൾ അരങ്ങ് തകർക്കുമ്പോൾ മറക്കപ്പുറത്ത് നിന്ന് ചിരിക്കുന്ന അണിയറ പ്രവർത്തകരുണ്ട്. അവരോട് ചോദിച്ചാലറിയാം….ഈ പാട്ടുകളെക്കുറിച്ച്. ഈ തിരഞ്ഞെടുപ്പുകൾക്ക് 150ലധികം സ്ഥാനാർഥികൾക്ക് പാട്ട് രചിച്ചയാളാണ് കൊടുവള്ളി സ്വദേശി ഫസൽ. വലിയപറമ്പ് കത്തറമ്മൽ യു പി സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പാട്ടിന്റെ പണിപ്പുരയിലായിരുന്നു. തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ അവശേഷിക്കുമ്പോഴും അദ്ദേഹത്തിന് തിരക്കൊഴിഞ്ഞിട്ടില്ല. പുതിയ തരം പാട്ടുകൾ തേടിയുള്ള ആവശ്യക്കാർ ഇപ്പോഴും ക്യൂവിലാണ്. തിരഞ്ഞെടുപ്പ് ഗാനങ്ങൾ രചിക്കുമ്പോൾ മാപ്പിളപ്പാട്ടിന്റെ ഈരടികൾക്ക് തന്നെയാണ് ഡിമാന്റെന്ന് ഫസൽ മാസ്റ്റർ പറയുന്നു.

സ്ഥാനാർഥി ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാപ്പിളപ്പാട്ടിൽ കൂടുതൽ പറയാൻ കഴിയുമെന്നത് തന്നെയാണ് പ്രധാനം. പല്ലവി, അനുപല്ലവി, ചരണം, അനുചരണം എന്നിങ്ങനെയുള്ള മാപ്പിളപ്പാട്ടിന്റെ സ്റ്റെപ്പുകൾ ഈ വിഷയത്തിൽ കൂടുതൽ ഉപകാരപ്പെടുന്നുണ്ട്. പാട്ടിന്റെ തുടക്കത്തിൽ തന്നെ സ്ഥാനാർഥിയുടെ പേരും ചിഹ്നവുമെല്ലാം ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ടെന്ന് ഫസൽ പറഞ്ഞു. സ്ഥാനാർഥിയുടേയും പ്രവർത്തകരുടേയും മനസ്സ് വായിച്ച ശേഷമാണ് പാട്ട് നിർമിക്കുന്നത്. അവർ കേൾക്കാൻ ആഗ്രഹിക്കുന്നതെന്ത് എന്നത് തന്നെയാണ് പ്രധാനം. തുടർ ഭരണം, വികസന പോരായ്മ, ഭരണ മാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങൾ പാട്ടിൽ വിഷയമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് പാട്ട് തരംഗമായതോടെ ഒരു സ്ഥാനാർഥിക്ക് തന്നെ നാലും അഞ്ചും പാട്ടുകൾ രചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ രചനയും ആലാപനവുമെല്ലാം ഏറ്റെടുക്കുന്ന ധാരാളം പേരാണ് സംസ്ഥാനത്തുടനീളമുള്ളത്.

Latest