Connect with us

National

അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തയാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി

Published

|

Last Updated

ഭുവനേശ്വര്‍ | ഒഡീഷയില്‍ വിവാദമായ അഞ്ചു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് ആവശ്യമെങ്കില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കൊലപാതകത്തിന് പിന്നില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി അരുണ്‍ സാഹുവിന്റെ വിശ്വസ്തരില്‍ ഒരാളാണെന്ന് പ്രതിപക്ഷമായ ബി ജെ പിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. സാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇരു കക്ഷികളും പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് പട്‌നായികിന്റെ പ്രസ്താവന.

റിക്ഷാ ഡ്രൈവറുടെ മകളായ പാരി എന്ന അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ് ഐ ടിയെ നിയോഗിക്കാമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ നിയമസഭാ സമ്മേളനത്തിലാണ് പട്‌നായിക് പ്രസ്താവിച്ചത്. “സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. സംഭവത്തില്‍ എനിക്ക് അതീവ ദുഃഖമുണ്ട്. നിയമ ക്രസമാധാനം പാലിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ എല്ലായിപ്പോഴും നിലകൊള്ളുന്നത്.”- സഭാ നടത്തിപ്പിന് പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൊലപാതക സംഭവത്തില്‍ സി ഐ ഡി അന്വേഷണത്തിന് പട്‌നായിക് നേരത്തെ ഉത്തരവിട്ടിരുന്നു.

യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് സ്പീക്കര്‍ സുര്‍ജയ പത്രോ സഭാ നടപടികള്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. എസ് ഐ ടി അന്വേഷണം ആവശ്യമെങ്കില്‍ പ്രഖ്യാപിക്കാമെന്ന് പറയുന്നതിനു പകരം അതിന് അടിയന്തര നടപടി സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് ബി ജെ പി നേതാവ് ജയനാരായണ്‍ മിശ്ര പറഞ്ഞു. അതേസമയം എസ് ഐ ടി അന്വേഷണമല്ല, മന്ത്രിയുടെ രാജിയാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും മിശ്ര പ്രതികരിച്ചു.

Latest