International
ഇതിഹാസതാരത്തിന് വിട ചൊല്ലി ജനലക്ഷങ്ങൾ; കണ്ണീരണിഞ്ഞ് ഫുട്ബോൾ ലോകം
		
      																					
              
              
            ബ്യൂണസ് അയേഴ്സ് | ഇതിഹാസ ഫുട്ബോളർ ഡീഗോ മറഡോണക്ക് യാത്രാമൊഴി ചൊല്ലി ജനലക്ഷങ്ങൾ. ബ്യൂണസ് അയേഴ്സിലെ പ്രസിഡന്റിൻെറ കൊട്ടാരമായ കാസ റൊസാഡയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തുന്നത്. പത്ത് ലക്ഷത്തിലധികം പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു 60കാരനായ മറഡോണയുടെ അന്ത്യം.
മറഡോണയുടെ വിയോഗത്തെ തുടർന്ന് അർജൻറീനയിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിൻെറ പല ഭാഗങ്ങളിൽ നിന്നുമുള്ള ഫുട്ബോൾ പ്രേമികളെ കൊണ്ട് വീർപ്പുമുട്ടുകയാണ് ബ്യൂണസ് അയേഴ്സ്. ചിലർ അവിടെ എത്തി കരയുന്നു. മറ്റു ചിലർ ശവപ്പെട്ടിയിൽ അന്ത്യചുംബനം നടത്തുന്നു. ഹൃദയഭേദകമാണ് രംഗങ്ങൾ. പൊതുദർശനത്തിനായി കാസ റൊസാഡയുടെ വാതിലുകൾ തുറന്നതോടെ കൂടിനിന്നവർ ഉള്ളിലേക്ക് ഇരച്ചുകയറി. അണപൊട്ടി ഒഴുകിയെത്തിയ ഫുട്ബോൾ പ്രേമികളെ നിയന്ത്രിക്കാൻ പാടുപെടുകയാണ് സുരക്ഷാ സേന.
മറഡോണയെന്ന ഒരു ശബ്ദം മാത്രമാണ് അർജൻറീനിയൻ വഴിത്താരകളിൽ ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. ബ്യൂണസ് അയേഴ്സിലെ ബോക ജൂനിയേഴ്സ് സ്റ്റേഡിയമായ ലാ ബോംബൊനെറയിലേക്ക് മരണവാർത്ത അറിഞ്ഞത് മുതൽ ആരാധകരുടെ ഒഴുക്കാണ്. അവിടെ പലരും കണ്ണീരിൽ കുതിർന്നു. പിതാവിനെപ്പോലെ തങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നാണ് ആരാധകർ ഓരാേരുത്തരും പറയുന്നത്.

അർജൻറീനയുടെ ദേശീയ പതാക പുതപ്പിച്ചാണ് അദ്ദേഹത്തിൻെറ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. അതിന് മുകളിലായി മറഡോണയുടെ ഐക്കണായ പത്താം നമ്പർ ജെഴ്സിയും വെച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ച വരെ പ്രസിഡന്റ് കൊട്ടാരത്തിൽ പൊതു പ്രദർശനം തുടരും. ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സെമിത്തേരിയിലാകും അദ്ദേഹത്തിൻെറ സംസ്കാരം. അദ്ദേഹത്തിൻെറ മാതാപിതാക്കളെയും ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്.
എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായാ മറഡോണയെ തലച്ചോറിലെ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നവംബറിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും പിന്നീട് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്.
മറഡോണ 2004ൽ വിവാഹമോചനം നേടിയിരുന്നു. അദ്ദേഹത്തിന് അഞ്ച് മക്കളുണ്ട്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
