Connect with us

Covid19

നാല് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

Published

|

Last Updated

മുംബൈ | നാല് സംസ്ഥാനങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫീക്കറ്റ് നിര്‍ബന്ധമാക്കിയത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കി. വ്യോമമാര്‍ഗം വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്തതും ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ എടുത്തതുമായ നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് ആണ് ഹാജരാക്കേണ്ടതെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു. വിമാനത്തില്‍ കയറാന്‍ യാത്രക്കാരെ അനുവദിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പരിശോധിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഇല്ലാത്ത വിമാന യാത്രക്കാരെ അവരുടെ സ്വന്തം ചെലവില്‍ ബന്ധപ്പെട്ട വിമാനത്താവളങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

റോഡ് മാര്‍ഗം വരുന്ന ആളുകള്‍ക്ക് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിര്‍ബന്ധിത പരിശോധന ഉണ്ടാകും. ലക്ഷണങ്ങളില്ലാത്ത യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കും. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചയക്കും.

Latest