Connect with us

Articles

മാന്ദ്യം: ഒടുവില്‍ കുറ്റസമ്മതം

Published

|

Last Updated

മോദിയുടെ പട്ടാഭിഷേകത്തിന് ശേഷം, അഥവാ 2014 മെയ് മാസത്തിന് ശേഷം ഇന്നേവരെയുള്ള ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് നിലവില്‍ രാജ്യത്തുള്ളത്. രണ്ടാം യു പി എ സര്‍ക്കാറിനെതിരെ മോദിയും സംഘവും ഉയര്‍ത്തിയ വിമര്‍ശങ്ങളില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ലല്ലോ. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലും എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമാണ് കാര്യങ്ങള്‍. ഉപഭോക്തൃ വിലവിവര സൂചികയിലും ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിലും അസാധാരണമായ സ്ഥിതി വിശേഷം രാജ്യത്തുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

റിസര്‍വ് ബേങ്കിന്റെ നിയന്ത്രണ സാധ്യതകള്‍ക്കപ്പുറത്തേക്ക് കാര്യങ്ങളെത്തിയിട്ടുണ്ടെന്നും നിലവിലെ വിലക്കയറ്റ പ്രവണത ഇനിയും തുടര്‍ന്നേക്കുമെന്നും ഐ സി ഐ സി ഐ നിരീക്ഷിക്കുന്നു. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ഇനിയും ഇന്ത്യയിലെ വാണിജ്യ മേഖലകള്‍ തിരിച്ചുവന്നിട്ടില്ല. തൊഴില്‍ നഷ്ടങ്ങളുടെ കണക്കുകളാകട്ടെ സങ്കീര്‍ണമാണ്. അസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടം ഏറ്റവും വേഗത്തില്‍ അടിത്തട്ടിലെ ജനങ്ങളെ ബാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങളിലൊന്നും തന്നെ സര്‍ക്കാറിന് താത്പര്യമില്ല.
ജി ഡി പി വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിലേക്ക് മൂക്കുകുത്തി വീണ സാഹചര്യത്തിലും തിരഞ്ഞെടുപ്പ് മോഡല്‍ വാഗ്ദാനങ്ങള്‍ പറഞ്ഞു നടക്കാനും ജി ഡി പി എന്ന സങ്കേതത്തിന്റെ മെക്കിട്ട് കയറാനും സാധിക്കുന്ന ബി ജെ പി നേതാക്കളെയും സര്‍ക്കാറിനെയും കാണുമ്പോള്‍ കടുത്ത നിരാശ തോന്നുന്നു. നമ്മുടെ വിധി ഇത്ര ദയനീയമാണോ എന്ന് തോന്നിപ്പോകുന്ന സ്ഥിതിവിശേഷം. അല്ലെങ്കില്‍ എല്ലാം കട്ടുമുടിച്ച് ബ്രിട്ടീഷുകാര്‍ കടന്നുകളഞ്ഞപ്പോള്‍ ഇവിടെയുണ്ടായിരുന്നതിലും മോശം അവസ്ഥ ഈ രാജ്യത്തിനുണ്ടാകുമായിരുന്നോ? ജനങ്ങളുടെ സമ്പാദനത്വര വര്‍ധിച്ചുവെന്നൊക്കെയുള്ള തരത്തില്‍ നിലവിലെ പ്രതിസന്ധികളെ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ വൃഥാവിലാണെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ഇനിയും അത്രമേലൊന്നും പേടിക്കാനില്ലെന്ന് സമകാലിക സാഹചര്യങ്ങള്‍ പറഞ്ഞുതരുന്നു.
രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പകുതിയോടെ തന്നെ പല തരത്തിലുള്ള നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നു. പ്രതിപക്ഷം ശക്തമായി ഈ വിഷയം ഉയര്‍ത്തിയതുമായിരുന്നു. ഓട്ടോമൊബൈല്‍ രംഗത്ത് ഉണ്ടായ രൂക്ഷമായ സാമ്പത്തിക ഞെരുക്കവും തൊഴില്‍ നഷ്ടങ്ങളും വ്യവസായ- ഉത്പാദന മേഖലകളില്‍ പ്രകടമായ പ്രതിസന്ധി തുറന്നുകാണിച്ചു. എന്നിട്ടും ഈ പ്രതിസന്ധികളെ പാഴ് വാക്കുകള്‍ കൊണ്ട് മറച്ചു പിടിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. നിര്‍മലാ സീതാരാമന്‍ തനിക്കാകും വിധം ആ കര്‍ത്തവ്യം നിര്‍വഹിക്കുകയും ചെയ്തു. രാജ്യത്ത് മാന്ദ്യമുണ്ടെന്ന സത്യം അംഗീകരിക്കാനെങ്കിലും ഈ സര്‍ക്കാറിന് കഴിയണമായിരുന്നു എന്നും അങ്ങനെയുള്ള സമീപനത്തിന് മാത്രമേ ഇത്തരം പ്രതിസന്ധികള്‍ക്ക് തക്കതായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ എന്നുമായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം. ഭരണ- പ്രതിപക്ഷ സംവാദങ്ങള്‍ ശക്തമായിക്കൊണ്ടിരുന്നെങ്കിലും കശ്മീര്‍ പ്രതിസന്ധിയും തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമവും അടക്കമുള്ള വിഷയങ്ങള്‍ കടന്നുവരികയും സാമ്പത്തിക മേഖലയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അരികിലേക്ക് ഒതുങ്ങുകയും ചെയ്തു; നിര്‍മലാ സീതാരാമന്‍ രക്ഷപ്പെട്ടു!

ഏകദേശം ഒരു വര്‍ഷത്തിനിപ്പുറം രാജ്യത്ത് മാന്ദ്യമുണ്ടെന്ന കുറ്റസമ്മതത്തിന് പരോക്ഷമായെങ്കിലും കേന്ദ്രം തയ്യാറായി. കഴിഞ്ഞ കുറച്ചു നാളുകളായി അങ്ങേയറ്റം ദയനീയമായ വളര്‍ച്ചാ നിരക്കില്‍ നേരിയ ആശ്വാസം കണ്ടെത്താന്‍ സാധിച്ചു എന്ന അവകാശവാദത്തിന്റെ അകമ്പടിയിലാണ് രാജ്യം മാന്ദ്യത്തിലൂടെ കടന്നുപോകുകയാണെന്ന യാഥാര്‍ഥ്യത്തെ സര്‍ക്കാര്‍ സമ്മതിച്ചു കൊടുത്തത്. ജൂലൈ മാസം മുതല്‍ സെപ്തംബര്‍ വരെ ഉണ്ടായിരുന്ന മാന്ദ്യം അവസാനിച്ചെന്നാണ് മൂഡിയുടെ അടക്കമുള്ള വളര്‍ച്ചാ പ്രവചനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് എന്നതാണ് നിലവിലെ ആശ്വാസത്തിനുള്ള വകയായി പറയപ്പെട്ടത്. നികുതിയിളവ് അടക്കം ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ചു കൊണ്ട് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കെതിരെ സര്‍ക്കാര്‍ കൃത്യമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന ഒരു പ്രതിച്ഛായ ഉണ്ടാക്കാനും തുടര്‍ന്ന് ശ്രമമുണ്ടായി.

എന്നാല്‍ നിലവിലെ സാഹചര്യത്തിലും സാമ്പത്തിക പ്രതിസന്ധിക്കെതിരായ കൃത്യമായ ചുവടുവെപ്പുകള്‍ സര്‍ക്കാര്‍ നടത്തുന്നില്ല എന്നതാണ് വസ്തുത. ആത്മനിര്‍ഭര്‍ ഭാരത് എന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗമല്ല. കാരണം നിലവിലെ പ്രതിസന്ധി കൊവിഡ് മഹാമാരി കൊണ്ടുവന്ന ഒന്നല്ല. മഹാമാരിക്കാലത്ത് അനിവാര്യമായും വേണ്ട ക്ഷേമ പാക്കേജാണ് ആത്മനിര്‍ഭര്‍ ഭാരത്. അതും അത്യാവശ്യത്തിലും വൈകി കൊണ്ടുവന്ന ഒന്ന്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ക്ക് പ്രതിപക്ഷം ഉയര്‍ത്തിയ ആവശ്യങ്ങളിലൊന്നായിരുന്നു പ്രത്യേക കൊവിഡ് പാക്കേജ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ക്ഷേമ പാക്കേജ് വേണമെന്ന ആവശ്യവും ഉയര്‍ത്തപ്പെട്ടു. പ്രതിപക്ഷം ചില “ന്യായ്” മോഡല്‍ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു. പക്ഷേ, പ്രതിപക്ഷ ആവശ്യങ്ങളുടെ ഉടനെ ഒരു പാക്കേജ് പ്രഖ്യാപിക്കുന്നത് പ്രതിപക്ഷത്തിന്റെ പ്രതിച്ഛായക്ക് ഗുണമാകുമോ എന്ന തരത്തിലുള്ള സര്‍ക്കാറിന്റെ ദുരഭിമാന ചിന്തകളാകണം ക്ഷേമ പാക്കേജുകള്‍ വൈകി.
മാത്രവുമല്ല, നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാറിന് മുന്നിലുള്ള രണ്ട് ബദല്‍ മാര്‍ഗങ്ങളില്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത് സ്വയം പര്യാപ്തത എന്നതിനുമപ്പുറം രാജ്യത്തെ സ്വകാര്യ സംരംഭകരെയും കുത്തകകളെയും സര്‍ക്കാര്‍ ചെലവില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ മുഖ്യപ്രായോജകരാക്കുക എന്ന താരതമ്യേന ഗുണകരമല്ലാത്ത വ്യവസ്ഥയെയാണ്.

ചൈനയൊക്കെ ചെയ്തതു പോലെ ഇറക്കുമതി ഉപേക്ഷിച്ച് ഉത്പാദന മേഖലയില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് കയറ്റുമതി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഒരു പ്രധാന കാര്യം. നെഹ്റു മുതല്‍ ഇന്ദിരാ ഗാന്ധി അടക്കമുള്ളവരുടെ സ്വയം പര്യാപ്തതാ സങ്കല്‍പ്പങ്ങളല്ല യഥാര്‍ഥ സ്വയം പര്യാപ്തതയെന്നും അത് പരിഹൃതമാക്കുകയാണ് ആത്മനിര്‍ഭര്‍ ഭാരത് ചെയ്യുന്നത് എന്നുമാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ ചൈന നടപ്പാക്കിയ വ്യാവസായിക നയം ഇന്ത്യയില്‍ നടപ്പാക്കുക എളുപ്പമല്ല. ചൈനയുടെ രാഷ്ട്രീയ- സാമൂഹിക ഘടനയല്ല നമ്മുടേത് എന്നതു തന്നെയാണ് പ്രധാനം. പൊതുമേഖലകളില്‍ കൂടുതലായി ശ്രദ്ധയൂന്നുന്ന സാമ്പത്തിക സങ്കല്‍പ്പങ്ങളില്‍ കാലുകുത്തി ബലപ്രയോഗത്തിലൂടെയോ മറ്റോ എളുപ്പം കാര്യങ്ങള്‍ സാധിച്ചെടുക്കാവുന്ന സൗകര്യം ചൈനക്കേയുള്ളൂ. മാത്രവുമല്ല, ഇറക്കുമതി വേണ്ടെന്നുവെച്ച് കയറ്റുമതിയില്‍ കണ്ണുവെച്ചാല്‍ രാജ്യാന്തര തലത്തില്‍ ഉണ്ടാകുമെന്നുറപ്പുള്ള ഉപരോധങ്ങളെ ചൈന കൈകാര്യം ചെയ്യും പോലെ നമുക്ക് അഭിമുഖീകരിക്കുക എളുപ്പമാകില്ല. എല്ലാത്തിലുമുപരി, ഇപ്പോള്‍ രാജ്യം സ്വീകരിക്കുന്ന സാമ്പത്തിക നയമാകട്ടെ സ്വയം പര്യാപ്തത നേടിത്തരുന്നതിന് പകരം ഇവിടുത്തെ സാമ്പത്തിക മേഖല കുത്തക വത്കരിക്കുകയാണ് ചെയ്യുന്നത്.

ഏറ്റവും പുതിയ കര്‍ഷക- ഭക്ഷ്യ വില നിയന്ത്രണ നിയമങ്ങളില്‍ ഇത് നല്ലവണ്ണം പ്രകടമായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ വികസിപ്പിച്ചെടുക്കുക എന്ന നിര്‍ണായകമായ ഘടകത്തെ സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്. എ പി എം സികളുടെ കാര്യത്തിലും സംഭരണികളുടെ കാര്യത്തിലും പുതിയ നിയമങ്ങള്‍ ഒരുക്കുന്ന കുത്തകകളുടെ സ്വതന്ത്ര രംഗപ്രവേശം രാജ്യത്തിന്റെ ഏറ്റവും അടിസ്ഥാന സാമ്പത്തിക മേഖലയായ കാര്‍ഷിക രംഗത്തെ തന്നെ സ്വകാര്യ കുത്തകകളുടെ കാല്‍ക്കീഴിലാക്കുകയാണ്. ഭക്ഷ്യോത്പാദന രംഗം പോലും സര്‍ക്കാര്‍ കൈയൊഴിയുന്നത് നല്‍കുന്ന സന്ദേശം ഇന്ത്യ അതിവേഗം ഒരു മുതലാളിത്ത സങ്കല്‍പ്പമായി പരിണമിക്കുന്നു എന്നതല്ലേ. ലോകത്ത് സാമ്പത്തിക മാന്ദ്യങ്ങളെല്ലാം എക്കാലത്തും കശക്കിയെറിഞ്ഞത് ഈ സ്വകാര്യ കുത്തക മുതലാളിത്ത വ്യവസ്ഥിതികളെ ആയിരുന്നു എന്ന വസ്തുത സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് ഈ മാന്ദ്യക്കാലത്തും മോദി സര്‍ക്കാര്‍.
ദേശസാത്കരണവും പഞ്ചവത്സര പദ്ധതികളും അടിസ്ഥാന വര്‍ഗങ്ങളുടെ വികസനവും സാമൂഹിക നീതിയും ദാരിദ്ര്യ നിര്‍മാര്‍ജനവും തുടങ്ങി നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പ്രധാന നയങ്ങളെയെല്ലാം അവഗണിച്ച്, ഭക്ഷ്യ വില നിയന്ത്രണം പോലും കുത്തകകളെ ഏല്‍പ്പിച്ച് പിന്മാറുന്ന മോദി സര്‍ക്കാര്‍ ഇപ്പോഴുള്ള ഈ സാമ്പത്തിക മാന്ദ്യത്തെ കാണുന്നത് തങ്ങളുടെ ഇഷ്ടതോഴന്മാരായ കുത്തകകള്‍ക്ക് രാജ്യം തീറെഴുതാനുള്ള ഏറ്റവും സൗകര്യപ്പെട്ട സമയം എന്ന നിലക്കാണ്.
തോന്നുമ്പോഴൊക്കെ തോന്നും പോലെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അടിമുതല്‍ ഇളക്കിയും മറിച്ചും തകര്‍ത്തു തരിപ്പണമാക്കിയും കാര്യം സാധിക്കുന്ന മോദി സര്‍ക്കാറിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം പലപ്പോഴും സംസ്ഥാന സര്‍ക്കാറുകളുടെ പിടലിയില്‍ തന്നെ വെച്ചുപോകുന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ ദീര്‍ഘ വീക്ഷണമില്ലാത്ത പല അധിക ചെലവുകളും ഒടുവില്‍ ബാധിക്കുന്നതും സംസ്ഥാന സര്‍ക്കാറുകളെ തന്നെയാണ്. ജി എസ് ടി ഇനത്തിലും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരത്തുകയിലും വലിയ ഇടിവുണ്ടാകും.

രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന നിരീക്ഷണത്തേക്കാള്‍ നല്ലത്, വിട്ടുവീഴ്ചകള്‍ ഏറെയുള്ളതെങ്കിലും നിലവിലുള്ള മിശ്ര സമ്പദ്ഘടനയില്‍ നിന്ന് ലക്ഷണമൊത്ത മുതലാളിത്തത്തിലേക്ക് രാജ്യം മാറുന്നു എന്ന് ആവര്‍ത്തിച്ച് നിരീക്ഷിക്കുന്നതാകും.