Connect with us

Kerala

ക്വാറന്റൈന്‍ സെന്ററില്‍ ആരോഗ്യപ്രവര്‍ത്തകയെ പീഡിപ്പിച്ചു; സഹപ്രവര്‍ത്തകനെതിരെ കേസ്

Published

|

Last Updated

പത്തനംതിട്ട | വിവാഹ വാഗ്ദാനം നല്‍കി ആരോഗ്യ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ സഹപ്രവര്‍ത്തകനായ യുവാവിനെതിരേ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സീതത്തോട് സ്വദേശി മനുമംഗലത്തിനെതിരേ മൂഴിയാര്‍ പോലിസ് കേസെടുത്തു. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് ജില്ലാ പോലിസ് മേധാവിക്ക് കൈമാറുകയായിരുന്നു.

ആങ്ങംമൂഴിയിലെ കൊവിഡ് കെയര്‍ സെന്ററിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു ഇരുവരും. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുവരും ക്വാറന്റൈനിലായി. സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. യുവതിയുമായി ചങ്ങാത്തം സ്ഥാപിച്ച മനു യുവതിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു.

ഒരേ നാട്ടുകാര്‍ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. കഴിഞ്ഞ 14നാണ് ഇയാള്‍ക്കെതിരേ പീഡനക്കേസ് എടുത്തത്. മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതി ഒളിവിലാണ്.

സംഭവം പുറത്തുവരുന്നതിന് മുമ്പായി മനുവിനെ ഡിവൈഎഫ്ഐ ചുമതലകളില്‍ നിന്ന് നീക്കി. സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ് പ്രതി മനു.