Connect with us

International

കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തില്‍ ദൗത്യസേനയുമായി ബൈഡന്‍

Published

|

Last Updated

വിവേക് മൂർത്തി ജോ ബെെഡനൊപ്പം

ന്യൂയോര്‍ക്ക് | യുഎസിനെ പിടിച്ചുലയ്ക്കുന്ന കൊവിഡ് മഹാമാരിയെ തുരത്താന്‍ പ്രത്യേക ദൗത്യസേനയുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ചേര്‍ന്നാണ് ദൗത്യ സംഘം രൂപവത്കരിച്ചത്. ഇന്ത്യന്‍ വംശജനായ യുഎസ് മുന്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ ഡേവിഡ് കെസ്ലറും യേല്‍ പ്രഫസര്‍ മാര്‍സെല്ല നുനെസ് സ്മിത്തും സംഘത്തിന് നേതൃത്വം നല്‍കും.

യുഎസ് പ്രസിഡന്റായി ബൈഡന്‍ ചുമതലയേറ്റെടുക്കുമ്പോള്‍ കോവിഡിനെ നേരിടാനുള്ള വ്യക്തമായ രൂപരേഖ സംഘം ഇവര്‍ക്ക് കൈമാറും. തങ്ങളുടെ കോവിഡ് പ്രതിരോധ പദ്ധതിയെക്കുറിച്ചുള്ള ഏഴു പോയിന്റ് അജന്‍ഡ ബൈഡനും ഹാരിസും നേരത്തെ പറത്തുവിട്ടിരുന്നു. എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ, വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും, പിപിഇ കിറ്റുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും, എങ്ങനെയാണ് മഹാമാരിയെ സ്‌കൂളുകളും ചെറു കച്ചവട സ്ഥാപനങ്ങളും കുടുംബങ്ങളും നേരിടേണ്ടതെന്നതിന് ദേശീയ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരും, ചികിത്സയും വാക്‌സീനും ഫലപ്രദമായി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇരുവരും മുന്നോട്ടുവെച്ചത്.

2017ല്‍ ട്രംപ് അധികാരമേറ്റെടുത്ത ഉടനാണ് അന്ന് സര്‍ജന്‍ ജനറലായിരുന്ന വിവേക് മൂര്‍ത്തിയെ മാറ്റിയത്. 2014ല്‍ ബറാക് ഒബാമയാണ് നാലുവര്‍ഷത്തേക്ക് മൂര്‍ത്തിയെ നിയമിച്ചത്.

Latest