Connect with us

Sports

കൊവിഡ് പോരാളികൾക്ക് സല്യൂട്ട്; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം കിറ്റ് പുറത്തിറക്കി

Published

|

Last Updated

കൊച്ചി | കൊവിഡ് പോരാളികൾക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്സ്. മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ആദരവായി ക്ലബ്ബിന്റെ മൂന്നാം കിറ്റ് സമര്‍പ്പിക്കാനാണ് ക്ലബ്ബിന്റെ തീരുമാനം.

ഈ വര്‍ഷമാദ്യം തുടങ്ങിയ #SaluteOurHeroes ക്യാമ്പയിന്റെ  ഭാഗമായി പുറത്തിറക്കിയ  മൂന്നാമത് ഔദ്യോഗിക കിറ്റ് ക്ലബ്ബിന്റെ കടുത്ത ആരാധികരിലൊരാളാണ് രൂപകൽപന ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.  ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ ഇരുപതുകാരിയായ ബി എസ് സി വിദ്യാര്‍ഥിനി സുമന സായിനാഥാണ് തീം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈന്‍ എന്‍ട്രികളില്‍ നിന്നാണ് സുമനയെ വിജയിയായി തിരഞ്ഞെടുത്തത്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ലോഗോയിലുള്ള ആനയെ പുതിയ കിറ്റിൽ ആകർഷകമായ രീതിയിൽ പുനര്‍നിര്‍മിച്ചിട്ടുണ്ട്. പോലീസിനുള്ള ബാഡ്ജുകള്‍, ശുചിത്വ തൊഴിലാളികള്‍ക്കുള്ള ചൂലുകള്‍, ഗ്ലോബിന് മുകളിലുള്ള സ്‌റ്റെതസ്‌കോപ്പും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷിത കരങ്ങൾ, കേരളത്തിന്റെ ഭൂപടം, ഇന്ത്യന്‍ പതാക, വാളുകളായുള്ള കൊമ്പുകള്‍, ലോകമെമ്പാടുമുള്ള എല്ലാ ആരാധകര്‍ക്കും അവര്‍ എവിടെ ആയിരുന്നാലും സമാധാനവും സംരക്ഷണവും പ്രതീകാത്മകമാക്കുന്ന പ്രാവ് എന്നിവയെല്ലാം ഡിസൈന്നിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെള്ളയിൽ സ്വര്‍ണ നിറത്തിൽ കസവ് മുണ്ടിനെ സാമ്യപ്പെടുത്തും വിധം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്നതാണ് പുതിയ ടീം ജേഴ്സി.

കൊവിഡ് പോരാട്ടത്തിൽ അചഞ്ചലവും ധീരവുമായ ഇടപെടലുകൾക്ക് ആദരവായി കിറ്റ് പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് ടീമുടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തിരഞ്ഞെടുത്ത മത്സരങ്ങളില്‍ ക്ലബ്ബ് താരങ്ങള്‍ ഈ കിറ്റ് അഭിമാനത്തോടെ അണിയും-നിഖില്‍ ഭരദ്വാജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest