Connect with us

Kerala

ഷാജിക്ക് വീണ്ടും കുരുക്ക്; വീടിന്റെ നിര്‍മാണ ചട്ടം ലംഘിച്ചതിന് നിയമ നടപടിക്കൊരുങ്ങി കോഴിക്കോട് കോര്‍പ്പറേഷന്‍

Published

|

Last Updated

കോഴിക്കോട് | അഴിമതിയാരോപണത്തിന് പിറകെ കെ എം ഷാജി എംഎല്‍എക്കെതിരെ മറ്റൊരു കുരുക്കുകൂടി. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ക്കൊരുങ്ങുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍.

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം എല്‍യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇ ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്.

3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ ഡി ആവശ്യപ്പെട്ടത്.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്.

---- facebook comment plugin here -----

Latest