Connect with us

Kerala

യു ഡി എഫ് നേതൃയോഗം ഇന്ന്; വെല്‍ഫെയര്‍ സഹകരണത്തില്‍ എതിര്‍പ്പ് ഉയരും

Published

|

Last Updated

കൊച്ചി | ജോസ് കെ മാണി മുന്നണിവിട്ടത് അടക്കം സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യു ഡി എഫ് നേതൃയോഗം ഇന്ന് എറണാകുളം ഡി സി സി ഓഫീസില്‍ ചേരും. ജോസ് കെ മാണി എല്‍ ഡി എഫില്‍ പ്രവേശിച്ച സാഹചര്യത്തില്‍ മധ്യകേരളത്തില്‍ ഉണ്ടാകാനിടയുള്ള തിരിച്ചടികളും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടാനുള്ള പുതിയ ശ്രമം ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ഒപ്പം പഞ്ചായത്ത് തിരഞ്ഞെുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് ജില്ലാ തല ചര്‍ച്ചകള്‍ക്കും യു ഡി എഫ് യോഗം രൂപം നല്‍കും.

ജോസ് കെ മാണി ഇടത് ക്യാമ്പിലേക്ക് പോയതോടെ മധ്യതിരുവിതാംകൂര്‍ മേഖലയില്‍ പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുള്ളത്. ഇത് മറികടക്കാനുള്ള മാര്‍ഗങ്ങളും ഒപ്പം കത്തോലിക്ക സഭയെ അടക്കം ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും യോഗത്തില്‍ ആവിഷ്‌ക്കരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ ധാരണയുണ്ടാക്കിയതില്‍ ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള ഘടകക്ഷികളെല്ലാം എതിര്‍പ്പിലാണ്. ഇത്തരം ഒരു സഖ്യം നിലവില്‍ വന്നാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത ഭൂരിഭക്ഷ ഹിന്ദു വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്ന് ഇവര്‍ ഭയക്കുന്നു.

ജോസ് കെ മാണിയുടെ മാറ്റത്തിനൊപ്പം മധ്യതിരുവിതാംകൂര്‍ മേഖലയില്‍ ഇത് പ്രധാന ചര്‍ച്ചയായല്‍ തിരിച്ചടി ഉറപ്പാണെന്നാണ് കൂടുചല്‍ ഘടകക്ഷികളും അഭിപ്രായപ്പെടുന്നത്. നായര്‍ വോട്ടുകളും മറ്റും ലക്ഷ്യമിട്ട് ബി ജെ പിയും ഇത് പ്രചാരണമാക്കും. ലീഗിന്റെ തന്നെ വലിയ വോട്ട് ബാങ്കായ സമസ്ത അടക്കം എതിര്‍പ്പ് പ്രകടിപ്പിച്ചതും യു ഡി എഫ് നേതൃത്വത്തിന് കാണാതിരിക്കാനാവില്ല. ഇതെല്ലാം യോഗത്തില്‍ ഉയര്‍ന്നുവരുമെന്ന കാര്യം ഉറപ്പാണ്.

Latest