Connect with us

National

ബിഹാര്‍ ആദ്യഘട്ട വോട്ടെടുപ്പിന് ഏഴ് നാള്‍; വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി നേതാക്കള്‍

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രമിരിക്കെ പ്രചാരണം കൊടുമ്പിരിക്കൊണ്ടു. നേതാക്കള്‍ക്ക് ഇടയിലെ വാക്ക്‌പോര് മുറുകി. ബിഹാറില്‍ ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ പത്ത് ലക്ഷം പേര്‍ക്ക് അടിയന്തരമായി തൊഴില്‍ നല്‍കുമെന്ന് തേജസ്വി യാദവ് തിരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയിരുന്നു. ഇതിനെ പരിഹസിച്ച് നീതീഷ് രംഗത്തെത്തി. എന്നാല്‍ നിതീഷിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചായിരുന്നു തേജസ്വിയുടെ മറുപടി. എന്നാല്‍ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ പതിവ് പോലെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. നിതീഷിനോട് ഉടക്കി എന്‍ ഡി എ വിട്ട ചിരാഗ് പാസ്വാനും വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലില്‍ പങ്കാളിയാണ്.

അധികാരത്തിലെത്തിയാല്‍ അടിയന്തിരപ്രാധാന്യത്തോടെ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനം പൊള്ളയാണെന്നായിരുന്നു നിതീഷിന്റെ പരിഹാസം. ഇക്കാലത്ത് ആളുകള്‍ കുറേ തൊഴില്‍ നല്‍കാമെന്നൊക്കെ പറയുന്നത് കേട്ടു. ഈ ആവശ്യത്തിനായുള്ള പണം എവിടുന്നുകിട്ടുമെന്നൊന്ന് അറിയണമായിരുന്നു. എവിടുന്നാണ് പണം കൊണ്ടുവരുന്നത്?. ജയിലില്‍ നിന്ന് കാശെത്തിക്കുമോ?. അതോ കള്ളനോട്ടടിക്കുമോ?. ഒരു കാര്യം വാഗ്ദാനം ചെയ്യുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കും അതിന് സാധിക്കുമോ പണമുണ്ടോ എന്നൊക്കെ ആലോചിക്കണമെന്നും നിതീഷ് പറഞ്ഞു.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിന്റെ മാതൃകയില്‍ പരസ്യ സംവാദത്തിന് നിതീഷ് തയ്യാറുണ്ടോയെന്നാണ് തേജസ്വി യാദവ് ചോദിച്ചത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 15 വര്‍ഷത്തിനിടെ മുഖ്യമന്ത്രി്ക്ക് അവകാശപ്പെടാവുന്ന ഏതൊരു നേട്ടത്തെക്കുറിച്ചും ചര്‍ച്ചയാകാമെന്നും ഈ വെല്ലുവിളി നിതീഷ് സ്വീകരിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. നിതീഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് എല്‍ ജെ പി നേതാവ് ചിരാഗ് പസ്വാന് തേജസ്വി യാദവ് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചിരാഗിന്റെ യോഗങ്ങളിലൊന്നും ബി ജെ പിയെ കുറ്റപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്‍ ഡി എയല്ല, നിതീഷിനെയാണ് എതിര്‍ക്കുന്നതെന്നാണ് ചിരാഗ് പറയുന്നത്. ബി ജെ പി മുഖ്യമന്ത്രിയുണ്ടായാല്‍ പിന്തുണക്കുമെന്നും ചിരാഗ് പറയുന്നു. ഇത് ബി ജെ പി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചിരാഗിന്റെ പ്രചാരണ ക്യാമ്പയിന്‍ ജെ ഡി യു, ബി ജെ പി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്നാണ് ആശങ്ക. ഇത് മനസ്സിലാക്കിയാണ് അമിത് ഷാ ബിഹാറില്‍ ബി ജെ പിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചാലും നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കിയത്.