Connect with us

Ongoing News

ഉമ്മറാക്ക

Published

|

Last Updated

പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മർഹൂം എൻ പി ഉമ്മർ ഹാജി എന്നിവർക്കൊപ്പം വി കെ ഉമ്മർ (മധ്യത്തിൽ).

മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ അടരുകളെയും അന്തര്‍സംഘര്‍ഷങ്ങളെയും കുറിച്ച് ആഴത്തില്‍ അറിവുള്ളയാളായിരുന്നു വി കെ ഉമര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. ലീഗ് ടൈംസ്, ചന്ദ്രിക, സിറാജ് പത്രങ്ങളില്‍ ജോലി ചെയ്ത ഒരാള്‍ എന്നുപറയുമ്പോള്‍ അങ്ങനെ കൂടി അതിന് അര്‍ഥമുണ്ട്. മലബാര്‍ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അവഗാഹം അങ്ങേയറ്റമായിരുന്നു. അത് വായിച്ചുപഠിച്ച ഓര്‍മകളായിരുന്നില്ല. അനുഭവത്തില്‍ നിന്നും ഇടപഴക്കങ്ങളില്‍ നിന്നും സ്വായത്തമാക്കിയതായിരുന്നു. രാഷ്ട്രീയ നേതാക്കളെ വളരെ അടുത്ത് നിന്ന് കാണാനും സമുദായ രാഷ്ട്രീത്തിന്റെയും മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെയും ഉള്ളുകള്ളികള്‍ നേരിട്ടനുഭവിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ശിഹാബ് തങ്ങളും സൈതുമ്മര്‍ തങ്ങളും ഇ എം എസും കൊരമ്പയില്‍ അഹ്മദ് ഹാജിയും മൊയ്തീന്‍ കുട്ടി എന്ന ബാവഹാജിയും എം കെ ഹാജിയും സീതി ഹാജിയും ആര്യാടനുമെല്ലാം അദ്ദേഹം അടുത്തുനിന്ന് കണ്ട ആളുകളായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ലീഗും വിമത ലീഗും എം ഡി പിയും ഒക്കെ അദ്ദേഹത്തിന്റെ ജോലിയുടെയും അങ്ങനെ ജീവിതത്തിന്റെയും ഭാഗമായി തീര്‍ന്നു. സീതി ഹാജി കഥകളിലെ നെല്ലും പതിരും അദ്ദേഹത്തിനറിയാമായിരുന്നു. ആര്യാടന്റെ അടവുകളെക്കുറിച്ചും ഉമ്മര്‍ കാക്കാക്ക് നല്ല ബോധ്യമായിരുന്നു.

എഴുപതുകളുടെ മധ്യത്തില്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയം പിളര്‍പ്പിന്റെ ചൂടില്‍ കത്തിയാളുമ്പോഴും ഒടുവില്‍ ഒരുമിച്ചുകൂടലില്‍ പരസ്പരം ആശ്ലേഷിച്ചപ്പോഴും അദ്ദേഹം മാധ്യമ രംഗത്തുണ്ടായിരുന്നു. അഖിലേന്ത്യാ ലീഗ് എന്ന വിമത ലീഗ് പുറത്തിറക്കിയ “ലീഗ് ടൈംസി”ന്റെ മലപ്പുറം ലേഖകനായിരുന്നു ആദ്യം ഉമ്മറാക്ക. യൂനിയന്‍ ലീഗിന് ചന്ദ്രികയുണ്ട്. അവരുടെ ഒത്താശയോടെ “മാപ്പിള നാട്” ഇറങ്ങുന്നു. എം ഐ തങ്ങളും പി പി കമ്മുവും ചേര്‍ന്ന് ഇറക്കിയ മാപ്പിള നാട്. റഹീം മേച്ചേരിയും എം സി വടകരയും എഴുത്തുകാര്‍. പല പേരില്‍ എഴുതും എം ഐ തങ്ങള്‍. പലപ്പോഴും പ്രകോപനപരമായിരുന്നു മാപ്പിള നാടിന്റെ പുറപ്പാട്. മാപ്പിള നാടിന്റെ ഉന്നം അഖിലേന്ത്യാ ലീഗ് മാത്രമായിരുന്നില്ല. പാരമ്പര്യ സുന്നീ പണ്ഡിതന്മാര്‍ കൂടിയായിരുന്നു. അന്ന് മാപ്പിള നാടിന്റെയും ചന്ദ്രികയുടെയും ഭാഷാ ശൗര്യങ്ങളെ പ്രതിരോധിക്കേണ്ടിയിരുന്നു, ലീഗ് ടൈംസിന്. കൗശലക്കാരനായ ഉമ്മര്‍ കാക്കാക്ക് അതൊന്നും അത്ര വലിയ കാര്യമായിരുന്നില്ല. അന്ന് കാണിച്ച കുസൃതിത്തരങ്ങള്‍ അദ്ദേഹം ആവേശപൂര്‍വം അയവിറക്കുമായിരുന്നു.

ശരീഅത്ത് വിവാദത്തെ തുടര്‍ന്ന് ലീഗ് രണ്ടും ഒന്നായപ്പോള്‍ ലീഗ് ടൈംസിന്റെ ലേഖകന്മാരെ ചന്ദ്രികയില്‍ ലയിപ്പിക്കുകയായിരുന്നു. ആ ഫോര്‍മുലയുടെ ഭാഗമായി ചന്ദ്രികയില്‍ ഉമ്മര്‍ക്കായുടെ അവസരം. എന്നാല്‍, തന്റെ ഇടം ഇതല്ലെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അധികം വൈകാതെ സിറാജ് സ്ഥാപിതമായപ്പോള്‍ സിറാജിന്റെ മലപ്പുറം ലേഖകനായി ഉമ്മറാക്ക. കോഴിക്കോടാണ് ഭൂകമ്പങ്ങളെല്ലാം നടക്കുകയെങ്കിലും സമസ്തയിലുണ്ടായ പ്രശ്‌നങ്ങളുടെ പ്രഭവകേന്ദ്രം മലപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ സംഘടനയെയും പ്രസ്ഥാനത്തെയും പ്രതിരോധിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കാന്‍ വി കെ ഉമറിന് നിയോഗമുണ്ടായി.
ഭാഷാ ഭംഗിയെക്കാള്‍ ഉമ്മറാക്കയുടെ എഴുത്തിനെ ശ്രേദ്ധേയമാക്കിയത് അതിന്റെ ആധികാരികതയായിരുന്നു. മലബാറിന്റെ സാമൂഹിക രംഗവും രാഷ്ട്രീയ ചരിത്രവും ഇത്ര കലക്കിക്കുടിച്ച ഒരാള്‍ അപൂര്‍വമായിരിക്കും. സംശയം തീര്‍ക്കാന്‍ എപ്പോഴും വിളിച്ച് ചോദിക്കാവുന്ന ഒരാള്‍.

ഇന്നത്തെ പോലെ സന്നാഹങ്ങള്‍ ഇല്ലാത്ത കാലം. ഗൂഗിള്‍ ചെയ്തു നോക്കി ഉറപ്പ് വരുത്താനാകാത്ത സാഹചര്യം. ഓര്‍മകള്‍ മാത്രമായിരുന്നു അന്ന് കൂട്ട്. അല്ലെങ്കില്‍ കൂട്ടിയിട്ടിരിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും. അന്നാണ് അദ്ദേഹം വി കെ ഉമര്‍ എന്ന ബൈലൈനില്‍ നിത്യേനയെന്നോണം എഴുതിയത്.
പ്രസ്‌ക്ലബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സൗമ്യനായി. മലപ്പുറം കുന്നുമ്മലില്‍ നിന്ന് റോഡരികിലൂടെ തലതാഴ്ത്തി മൂന്നാംപടിയിലുള്ള ഓഫീസിലേക്ക് നടന്നുപോകുന്ന ഉമ്മറാക്ക.
പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും ഓരം ചാരിനിന്ന ജീവിതം. സുന്നീ പ്രസ്ഥാനം വലിയ വെല്ലുവിളികള്‍ നേരിട്ട ഘട്ടത്തില്‍ എഴുത്തിലൂടെയും വാര്‍ത്തകളിലൂടെയും അതിനെ പ്രതിരോധിച്ചുനിര്‍ത്തിയ വലിയ മനുഷ്യന്‍. ഒടുവില്‍ വളരെ കുറച്ച് കാലം മാത്രം വിശ്രമ ജീവിതം. വിട, പ്രാര്‍ഥനകള്‍.