Connect with us

Religion

അറിവാഴമറിഞ്ഞ പ്രതിഭാശാലി

Published

|

Last Updated

പണ്ഡിത വിയോഗങ്ങളുടെ മറ്റൊരു സഫർ. ഉത്തര കേരളത്തിലെ ഉലമാ നിരയിലെ ഒരു താരകം കൂടി വിടചൊല്ലി. കഴിഞ്ഞയാഴ്ച വഫാത്തായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത് കോളജ് പ്രിൻസിപ്പലും ഉടുപ്പി ഖാസിയുമായ താജുൽ ഫുഖഹാഅ് ബേക്കൽ ഇബ്റാഹീം മുസ്‌ലിയാർ ശരിക്കുമൊരു സഞ്ചരിക്കുന്ന ഗ്രന്ഥപ്പുരയായിരുന്നു. കർമശാസ്ത്രത്തിലെ അതി സങ്കീർണമായ മസ്അലകൾ പോലും പണ്ഡിതനും സാധാരണക്കാരനും വരെ ലളിതമായി വിശദീകരിക്കാൻ കഴിയുന്ന പ്രതിഭാശാലിയായ ഗുരുവായിരുന്നു ഉസ്താദ്.

താജുൽ ഉലമയുടെ അരുമ ശിഷ്യനായ ബേക്കൽ ഉസ്താദിന് തദ്‌രീസിനുള്ള പൊരുത്തവും താജുൽ ഉലമയിൽ നിന്നായിരുന്നു. ശിഷ്യൻ എന്നതിലുപരി ദർസ് തുടങ്ങിക്കൊടുത്തതും മാർഗ ദർശിയുമെല്ലാം ഉള്ളാൾ തങ്ങളായിരുന്നു. അര നൂറ്റാണ്ട് ദർസ് രംഗത്ത് നിൽക്കാനായതും ആ പൊരുത്തം കൊണ്ട് തന്നെ. താജുൽ ഉലമക്കു പുറമെ ആത്മജ്ഞാനികളായിരുന്നു ഗുരുനാഥന്മാരെല്ലാം. താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദും പി ടി അബ്ദുൽ ഖാദിർ മുസ്്ലിയാരും മർഹൂം ആലമ്പാടി ഉസ്താദുമൊക്കെ ബേക്കൽ ഉസ്താദിനെ തർബിയത്ത് ചെയ്തെടുത്തു.
ഇബ്റാഹീം മുസ്്ലിയാർക്ക് ബേക്കലിൽ ദർസിനുള്ള സംവിധാനമൊരുക്കിെക്കാടുത്തത് അലിക്കുഞ്ഞി ഉസ്താദാണ്. നാലര പതിറ്റാണ്ടാണ് ബേക്കലിൽ ദർസ് നടത്തിയത്. ഇത്ര ദീർഘകാലം ഒരു മഹല്ലിൽ മുദർരിസായി പിടിച്ചു നിന്നവർ അപൂർവമേ കാണൂ. അതുകൊണ്ടാണ് ബണ്ട്വാൾ നരിങ്കാന മരിക്കള സ്വദേശിയായ ഇബ്റാഹീം മുസ്്ലിയാർ ബേക്കൽ ഉസ്താദായത്.
പണ്ഡിത കുടുംബമല്ലായിരുന്നു ഇബ്്റാഹീം മുസ്്ലിയാരുടെത്. പക്ഷേ, ആലിമീങ്ങളെ ഉള്ളറിഞ്ഞ് സ്‌നേഹിക്കുകയും അവർക്ക് വിരുന്നൂട്ടുകയും ചെയ്ത പിതാവിന്റെ പുണ്യം ബേക്കലുസ്താദിനെ ഇൽമിന്റെ വഴിയിലെത്തിച്ചു. കർഷക കുടുംബത്തിൽ ജനിച്ച ഉസ്താദിൽ നാട്ടുനന്മകളുടെ എല്ലാം സമ്മേളിച്ചിരുന്നു. വളരെ ചെറുപ്പത്തിൽ ഉപ്പയുടെ കൈപിടിച്ച് മഞ്ഞനാടി ഉസ്താദിന്റെ വഅള് കേൾക്കാൻ പോകുകയും ഇൽമിനോട് വലിയ ആഭിമുഖ്യം ലഭിക്കുകയും ചെയ്തു. ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും വലിയ പാണ്ഡ്യത്യമുള്ള ഉസ്താദിനോട് സംശയനിവാരണത്തിനെത്തിയവരിൽ എതിരാളികൾ പോലുമുണ്ടാകും. പള്ളികളുടെ ഖിബ്‌ല നിർണയം സങ്കീർണമായൊരു പ്രവൃത്തിയാണല്ലോ. അവിടെയും ബേക്കൽ ഉസ്താദ് അവസാന വാക്കായിരുന്നു. അതുകൊണ്ട് തന്നെ താദുൽ ഫുഖഹാഅ് എന്ന സ്ഥാനപ്പേരിൽ അവർ അറിയപ്പെട്ടു. ഖാസിമാരുടെ ഖാസിയെന്നാണ് കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ബേക്കലുസ്താദിനെ വിശേഷിപ്പിച്ചത്.


ആകാരഗാംഭീര്യം പോലെ തന്നെ ധീരതയിലും മികച്ചു നിൽക്കുന്ന പ്രതിഭയായിരുന്നു താജുൽ ഫുഖഹാഅ്. തൊണ്ണൂറുകളിൽ മദ്റസകളിൽ വിശുദ്ധ ഖുർആൻ റസ്മു ഉസ്മാനി പ്രിന്റ് നടപ്പിലാക്കാൻ സുന്നി വിദ്യാഭ്യാസ ബോർഡ് മുന്നോട്ടുവന്നപ്പോൾ കേരളത്തെപ്പോലെ കർണാടകയിലും വലിയ എതിർപ്പുണ്ടായിരുന്നു. അതുവരെ മലബാർ ലിപിയിൽ പ്രിന്റിംഗ് നടത്തിയവർ ലോക മുസ്്ലിംകൾ ഉപയോഗിക്കുന്ന റസ്മു ഉസ്മാനിക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടു. കാന്തപുരം ഖുർആൻ മാറ്റിയെന്നായിരുന്നു അന്നത്തെ ആക്ഷേപം.
കർണാടകയിൽ ഈ വിഷയം പ്രസ്ഥാനത്തെ തളർത്താനുള്ള മാർഗമായി സ്വീകരിക്കുകയും സുന്നി പണ്ഡിതർക്ക് നേരെ വലിയ ഭീഷണി ഉയരുകയും ചെയ്തു. റസ്മു ഉസ്മാനി വിഷയത്തിൽ ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്നത് മർഹൂം എൻ എം ഉസ്താദിനായിരുന്നു. ആ സമയത്ത് ഉറച്ച പിന്തുണയുമായി മുന്നിൽ നിന്നത് ബേക്കൽ ഉസ്താദാണ്. ഒരു ഫത്‌വ ഇതു സബന്ധമായി ഇറക്കിയതിന്റെ പേരിൽ വലിയ ഭീഷണി ഉയർന്നു. വിട്‌ലയിൽ വലിയ ബഹളം നടന്നപ്പോൾ സ്ഥലം എം എൽ എയും എസ് ഐയും വന്ന് എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ എസ് ഐയോടൊപ്പം അവിടെ പോകുകയും റസ്മു ഉസ്മാനി സംബന്ധമായി എല്ലാ സംശയങ്ങൾക്കും മറുപടി പറയുകയും ചെയ്തതോടെ എതിർത്തവർ കാര്യം മനസ്സിലാക്കി പിൻമാറി. ഇന്ന് എവിടെയും റസ്മു ഉസ്മാനി മുസ്ഹഫുകൾ സജീവമായി ഉപയോഗിക്കുമ്പോൾ അതിനു പിന്നിൽ ഇത്തരം പണ്ഡിതരുടെ ത്യാഗത്തിന്റെ കഥ കൂടി സ്മരിക്കേണ്ടതുണ്ട്.
താജുൽ ഉലമ വഫാത്തായപ്പോൾ കേരളത്തിലും കർണാടകയിലും നടന്ന പല അനുസ്മരണ സംഗമങ്ങളിലും താജുൽ ഉലമയുടെ പാണ്ഡിത്യത്തിന്റെ പ്രൗഢി വരച്ചുകാട്ടിയത് ബേക്കൽ ഉസ്താദായിരുന്നു. മലപ്പുറത്ത് നടന്ന വലിയ അനുസ്മരണ സമ്മേളനത്തിലാണ് കേരളക്കാർക്ക് ഉസ്താദിന്റെ പ്രസംഗ വൈഭവം കൂടുതലായി മനസ്സിലായത്. എസ് വൈ എസ് അറുപതാം വാർഷികത്തിൽ ജുനൈദുൽ ബഗ്ദാദിയെക്കുറിച്ച് ഉസ്താദ് നടത്തിയ പ്രഭാഷണം ഏറെ ആകർഷണീയമായിരുന്നു. കന്നഡയിലും മലയാളത്തിലും ഒരുപോലെ പ്രസംഗിക്കുന്ന പ്രതിഭയെന്നാണ് എ പി ഉസ്താദ് വിശേഷിപ്പിച്ചത്.


കർണാടകയിൽ ജംഇയ്യത്തുൽ ഉലമ കെട്ടിപ്പടുക്കുന്നതിൽ നിർണായക നേതൃത്വം നൽകിയ ബേക്കൽ ഉസ്താദ് കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരിക്കേ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയിലും സജീവമായി. അൽ അൻസാറിന്റെ എഡിറ്ററായി രചനാ രംഗത്തും സേവനം ചെയ്തിരുന്നു. കാന്തപുരത്തിന്റെ കർണാടക യാത്രയിൽ മുഖ്യ നേതൃത്വമായി പ്രവർത്തിച്ച ഉസ്താദ് കർണാടക മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപകനും ഉപദേശകനുമായിരുന്നു.

Latest