Connect with us

Kozhikode

കൊവിഡ് കാലത്തും പഠനപ്രവർത്തനത്തിൽ മാതൃകയായി മർകസ് ഹിഫ്ള് കോളേജ്

Published

|

Last Updated


കോഴിക്കോട് | മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മർകസിലെ കോളേജ് ഓഫ് ഖുർആൻ സ്റ്റഡീസ് അനിശ്ചിത കാലത്തേക്ക് അടച്ചെങ്കിലും പഠന പ്രവർത്തനങ്ങളിൽ ഒരു മുടക്കവും വന്നില്ല. ഹിഫ്ള് കോളേജിൽ കഴിഞ്ഞ മാസങ്ങളിലായി പഠനം പൂർത്തിയാക്കിയ 25 പേർക്ക് ഹാഫിള് പട്ടം നൽകുന്ന ചടങ്ങായ നൂറേ ഖിതാം ഓൺലൈൻ വഴി മർകസിൽ നടന്നു. വിദ്യാർഥികൾ വീട്ടിലിരുന്നു ഖുർആൻ പഠിക്കും. പാരായണ നിയമങ്ങളും പരിശോധനയും ടാബും ലാപ്ടോപ്പും ഉപയോഗിച്ച് ഉസ്താദുമാർ അവരുടെ വീട്ടിൽ നിന്നും പകർന്നു നൽകി. ഖുർആൻ പത്ത് ജൂസ്അ്  വരെ ഈ കൊവിഡ് കാലത്ത് മാത്രം മനഃപാഠമാക്കിയ വിദ്യാർഥികൾ ഏറെ.

മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. എഴുപതുകളിൽ അറബ് രാജ്യങ്ങളിൽ പോയപ്പോൾ, ധാരാളം ഹാഫിളുകളെ കാണുമായിരുന്നു. മുസ്‌ലിം സംസ്കാരം ആഴത്തിൽ വേരൂന്നിയ കേരളത്തിൽ നിന്നും നിരവധി ഹാഫിളുകൾ ഉണ്ടാവണം എന്ന ആഗ്രഹത്തിൽ നിന്നാണ് 1986ൽ മർകസ് ഹിഫ്ള് കോളേജ് സ്ഥാപിച്ചത്. ഇപ്പോൾ ആയിരത്തിലധികം ഹാഫിളുകൾ പഠനം പൂർത്തിയാക്കി. യു എ ഇ ഔഖാഫിനു കീഴിൽ അവരിൽ നൂറിലേറെ പേർ സേവനംചെയ്യുന്നുവെന്നത് മലയാളികൾക്ക് മുഴുവൻ അഭിമാനമാണ്: കാന്തപുരം പറഞ്ഞു.

മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കൊവിഡ് കാലത്തും മർകസിന്റെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജീവമായി ഓൺലൈൻ വഴി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നിർവ്വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ ആമുഖപ്രഭാഷണം നടത്തി. ഇസ്സുദ്ധീൻ സഖാഫി പുല്ലാളൂർ, ബഷീർ സഖാഫി എ ആർ നഗർ, ഹനീഫ്  സഖാഫി ആനമങ്ങാട് പ്രസംഗിച്ചു. ഹാഫിളുകളായ വിദ്യാർത്ഥികളെ മർകസ് സാരഥികൾ അനുമോദിച്ചു.