Connect with us

Covid19

രാജ്യത്തെ കൊവിഡ് കേസുകളില്‍ 75 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍: കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകളില്‍ 75 ശതമാനവും പത്ത് സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം. രാജ്യത്ത് കൊവിഡ് വ്യാപനം ഇപ്പോഴും പരിമിതമായ തോതില്‍ തന്നെയാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബെ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ എഴുതിത്തയാറാക്കിയ മറുപടിയിലാണ് ചൗബെ ഇക്കാര്യം പറഞ്ഞത്. ഉയരുക, മൂര്‍ധന്യാവസ്ഥയിലെത്തുക, കുറയുക എന്ന ക്രമത്തിലാണ് കൊവിഡ് വൈറസ് സംക്രമണം നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആക്ടീവ് കേസുകളില്‍ മുക്കാല്‍ ഭാഗവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, കേരളം, ഛത്തീസ്ഗഢ്, ഒഡീഷ, ഡല്‍ഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ്.

സെപ്തംബര്‍ 20ന്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര- 2,97,866 (29.47 ശതമാനം), കര്‍ണാടക- 98,583 (9.75 ശതമാനം), ആന്ധ്രപ്രദേശ്- 81,763 (8.09 ശതമാനം), ഉത്തര്‍ പ്രദേശ്- 66,874 ( 6.62 ശതമാനം), തമിഴ്‌നാട്- 46,453 (4.60 ശതമാനം), കേരളം- 37,535 (3.71 ശതമാനം), ഛത്തീസ്ഗഢ്- 37,489 (3.71 ശതമാനം), ഒഡീഷ- 33,202 (3.28 ശതമാനം), ഡല്‍ഹി- 32,064 (3.17 ശതമാനം), തെലങ്കാന- 30,573 (3.02 ശതമാനം) എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിശ്ചിത ജില്ലകളില്‍ മാത്രമാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊവിഡ് സംക്രമണ ചക്രം തകര്‍ക്കുന്നതിലൂടെ രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ കൃത്യമായ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ്, ബഫര്‍ സോണുകള്‍ നിശ്ചയിക്കുക, ശക്തമായ നിയന്ത്രണ നടപടികള്‍ അവലംബിക്കുക, കേസുകളും സമ്പര്‍ക്കവും കണ്ടെത്തുന്നതിന് വീടുകള്‍ തോറും ഊര്‍ജിത പരിശോധന നടത്തുക. സംശയാസ്പദമായ കേസുകള്‍ പരിശോധനക്ക് വിധേയമാക്കുകയും ഐസോലേറ്റ് ചെയ്യുകയും ചെയ്യുക തുടങ്ങിയവയാണ് പദ്ധതി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ആര്‍ടി-പിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, റാപ്പിഡ് ആന്റിജന്‍ പരിശോധനകള്‍ സൗജന്യമായാണ് ചെയ്തുകൊടുക്കുന്നതെന്നതെന്ന് മന്ത്രി പറഞ്ഞു. പരിശോധനകള്‍ക്കുള്ള സംവിധാനങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) സൗജന്യമായി നല്‍കിവരുന്നുണ്ട്.

Latest