Connect with us

Kottayam

ജനസമ്മതനായ രാഷ്ട്രീയ നേതാവെങ്കിലും മറുപാതിക്ക് പരിഭവങ്ങൾ ഏറെ

Published

|

Last Updated

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനായി കോട്ടയത്തേക്കു തിരിക്കുന്ന ഉമ്മൻ ചാണ്ടി പ്രവർത്തകർ നൽകിയ ഉപഹാരവുമായി കുടുംബാംഗങ്ങൾക്കൊപ്പം

കോട്ടയം | ജനസമ്മതനായ രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയെങ്കിലും തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹത്തിന്റെ പാതിയായി കടന്നുചെന്ന മറിയാമ്മ ഉമ്മന് പറയാൻ പരിഭവങ്ങൾ ഏറെ. രാഷ്ട്രീയജീവിതത്തിലെ തിരക്കുമൂലം കുടുംബജീവിതത്തിൽ അദ്ദേഹത്തിന് മതിയായ രീതിയിൽ ഇടപെടാൻ സാധിക്കാത്തതിൽ പരിഭവം പങ്കുവെക്കുകയാണ് മറിയാമ്മ ഉമ്മൻ.

ജീവിതത്തിൽ നിരവധി സന്ദർഭങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്. അതിൽ മറക്കാനാവാത്ത അനുഭവം ആദ്യത്തെ പ്രസവത്തിന് തന്റെ കൂടെ അദ്ദേഹം ഉണ്ടായിരുന്നില്ല എന്നതാണെന്നും മറിയാമ്മ പറയുന്നു. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് തിരക്കുമൂലം ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ല. രണ്ടാമത്തെ മകളായ അച്ചുവിനെ പ്രസവിക്കുന്ന സമയവും കെ പി സി സി മീറ്റിംഗിന് എറണാകുളത്തുപോയി. അങ്ങനെ ഏറ്റവും പ്രധാനപ്പെട്ടതും വിഷമിക്കുന്ന സമയങ്ങളിലും അദ്ദേഹത്തിന്റെ സാമീപ്യം ഉണ്ടായിട്ടില്ല.
അദ്ദേഹം രാഷ്ട്രീയക്കാരനാണ്. എന്നാൽ താൻ രാഷ്ട്രീയത്തിൽനിന്ന് ഒത്തിരി അകന്ന് ആത്മീയവും ദൈവികവുമായ രീതിയിൽ ജീവിക്കുകയാണ്. അതുകൊണ്ട് രാഷ്ട്രീയത്തെക്കുറിച്ച് പറയാൻ ഒന്നുമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കേൾക്കേണ്ടി വന്ന വിവാദങ്ങളിൽ ദുഃഖം തോന്നിയിട്ടുണ്ട്. എന്നാൽ അതെല്ലാം കടന്നുപോകാൻ ദൈവം ശക്തി തന്നു. പുതുപ്പള്ളി മണ്ഡലം ഉമ്മൻ ചാണ്ടിയുടെ വീടുപോലെയാണ്. പുതുപ്പള്ളിയുമായിട്ട് അദ്ദേഹത്തിന് നല്ല ആത്മബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഒന്നാം ഭാര്യ പുതുപ്പള്ളിയാണ്.

രണ്ടാം ഭാര്യ ജനങ്ങളും, മൂന്നാം ഭാര്യ കോൺഗ്രസ് പാർട്ടിയും വകയിലൊരു നാലാം ഭാര്യയായേ ഞാൻ വരു. മറിയാമ്മ ഉമ്മൻ ചിരിയോടെ പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് പരാജയം ഉണ്ടാകുമെന്ന് പേടിച്ചിട്ടുണ്ട്. ആദ്യത്തെ ഒന്നുരണ്ട് തിരഞ്ഞെടുപ്പുകളിൽ പേടിയുണ്ടായിട്ടുണ്ട്. കാരണം വിവാഹം തന്നെ രണ്ടാമത്തെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് നടന്നത്. അദ്ദേഹത്തിന്റെ ജനപ്രീതിക്ക് പിന്നിൽ ആത്മാർഥതയാണ്.
രാഷ്ട്രീയ ജീവിതത്തിലെ തിരക്ക് മൂലം കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനെല്ലാം ഒരു പ്രതിഫലമായിട്ട് മനുഷ്യരുടെ സ്‌നേഹം ലഭിക്കുന്നു. ഇപ്പോൾ തന്നെ നിയസഭയിൽ അമ്പത് വർഷം പൂർത്തീകരിക്കാൻ ദൈവം സഹായിച്ചു. അദ്ദേഹത്തന്റെ നേട്ടത്തിൽ സംതൃപ്തിയുണ്ട്. അതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

Latest