Connect with us

Socialist

നിക്ഷിപ്ത താത്പര്യങ്ങളുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പി കെ ഫിറോസിനുമെതിരെ ആഞ്ഞടിച്ച് കെ കെ ഷാഹിന

Published

|

Last Updated

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന. ജോലി വെടിപ്പായി ചെയ്തതിന്റെ പേരില്‍ ആദ്യമായല്ല ആക്രമണം നേരിടുന്നതെന്നും സ്വന്തം സ്റ്റോറിക്ക് 24 മണിക്കൂറിന്റെയെങ്കിലും ആയുസ്സ് ഉണ്ടാകണമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പത്ത് കൊല്ലം മുമ്പ് ചെയ്ത ഒരു സ്റ്റോറിയുടെ പേരില്‍ ഇന്നും കോടതി കയറിയിറങ്ങുന്ന ആളാണ് താന്‍. ഭരണകൂടത്തിന് ഹിതകരമായ ചോദ്യം ചോദിച്ചതിന് അല്ല ആ കേസ് വന്നത്. വ്യാജ രേഖ ഉണ്ടാക്കിയതിനും അല്ലെന്നും ഷാഹിന ചൂണ്ടിക്കാട്ടി.

അഭിമുഖം നേരത്തേ പറഞ്ഞുറപ്പിച്ചത് പോലെയാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെയും ഷാഹിന തുറന്നടിച്ചു. തന്നെ കുറിച്ച് അങ്ങനെ കരുതാനുള്ള യാതൊരു മുന്‍ അനുഭവവും ഇല്ലാതിരുന്നിട്ടും ഇത്രയും ഗൗരവമുള്ള ഒരാരോപണം ഉന്നയിച്ചത് ഫിറോസ് ശീലിച്ച പൊതു ജീവിത സംസ്‌കാരത്തിന്റെ കുഴപ്പമാണ്. കാല്‍ പണം കണ്ടാല്‍ കമിഴ്ന്നു വീഴുന്നവരെയും സ്ഥാപിത താത്പര്യത്തിന് വേണ്ടി സ്വന്തം തൊഴിലില്‍ വെള്ളം ചേര്‍ക്കുന്നവരെയും മാത്രമേ ഫിറോസ് കണ്ടിട്ടുണ്ടാവൂ. ഫിറോസിന്റെ ചുറ്റുമുള്ളവര്‍ എല്ലാം അങ്ങനെ ആയിരിക്കാം. അങ്ങനെ അല്ലാത്ത മനുഷ്യരെ ഫിറോസിന് പരിചയം ഇല്ലാത്തത് താങ്കളുടെ ഒരു പരിമിതിയാണ്.

എങ്കിലും പൊതുപ്രവര്‍ത്തകനായ താങ്കള്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ കുറെ കൂടി ഉത്തരവാദിത്തബോധം കാണിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ നിങ്ങളുടെ ആരോപണങ്ങള്‍ക്കൊന്നും പത്ത് പൈസയുടെ വില ഇല്ലാതാവുമെന്നും ഷാഹിന കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/shahinanafeesa/posts/10221939016922155