Connect with us

Kannur

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പ്രക്ഷോഭത്തിനൊരുങ്ങി നിക്ഷേപകർ; നാളെ സത്യഗ്രഹ സമരം

Published

|

Last Updated

കണ്ണൂർ | മഞ്ചേശ്വരം എം എൽ എയുടെ നേതൃത്വത്തിൽ നടത്തിയ വഞ്ചനക്കും തട്ടിപ്പിനുമെതിരെ നാളെ വൈകീട്ട് നാലിന് പയ്യന്നൂരിലും തലശ്ശേരിയിലും ജനപ്രതിനിധികളും നിക്ഷേപകരും സത്യഗ്രഹ സമരം സംഘടിപ്പിക്കും. എം എൽ എയും ലീഗ് നേതാവും ചേർന്നുള്ള 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിൽ ഇതിനകം അമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ അഞ്ച് കേസുകൾ കണ്ണൂരിലെ പയ്യന്നൂരിലും തലശ്ശേരിയിലും രജിസ്റ്റർ ചെയ്തതാണ്. 2006ലും 2007ലും 2008ലും 2012ലും 2016ലുമായി എം സി ഖമറുദ്ദീൻ ചെയർമാനും പൂക്കോയ തങ്ങൾ എം ഡിയുമായി രൂപവത്കരിച്ചത് അഞ്ച് കമ്പനികളാണ്. ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ എന്ന സ്ഥാപനം മാത്രമാണ് ചന്ദേര മാണിയാട്ട് തവക്കൽ കോംപ്ലക്‌സിൽ സ്ഥാപിച്ചത്.

നിക്ഷേപകരെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് മറ്റു കമ്പനികൾ രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാണ്.
ലീഗ് നേതാക്കൾ നടത്തുന്ന സ്ഥാപനമാണെന്ന് പ്രചാരണം നൽകിയതു കൊണ്ടാണ് ലീഗ് അണികളും ലീഗ് ബന്ധമുള്ളവരും ഉൾപ്പെടെ 800 ഓളം പേർ കമ്പനിയിൽ നിക്ഷേപിക്കാൻ തയ്യാറായത്. കഴിഞ്ഞ കുറച്ചു വർഷമായി നിക്ഷേപകർ പല നേതാക്കളെയും പണത്തിന് വേണ്ടി സമീപിക്കുകയുണ്ടായി.

വൻ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചത്. കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വഞ്ചിതരായത്. പയ്യന്നൂരിലും തലശ്ശേരിയിലും സ്ഥാപനം ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. പയ്യന്നൂരിലെ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയിട്ടും നിക്ഷേപകരുടെ പണം തിരിച്ചു കൊടുത്തില്ല. അതേസമയം, ലീഗ് നേതൃത്വം ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

Latest