Connect with us

Kerala

പറഞ്ഞത് വളച്ചൊടിച്ചു; ഉദ്ദേശിച്ചത് സ്ത്രീകള്‍ക്കെതിരെ ഒരു പീഡനവും പാടില്ലെന്ന്- വിവാദത്തില്‍ വിശദീകരണവുമായി ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്ന പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിശദീകരണം.

“ഞാന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡി വൈ എഫ് ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.ഡി വൈ എഫ് ഐക്കാര്‍ മാത്രമല്ല, ഭരണപക്ഷ സര്‍വീസ് സംഘടനയായ എന്‍ ജി ഒ യൂനിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ഥത്തിലാണ് ഞാന്‍ പറഞ്ഞത്. എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

സി പി എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ എന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കൊവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ഥിക്കുന്നു”- ചെന്നിത്തല വിശദീകരിച്ചു.

കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള ചെന്നിത്തലയുടെ മറുപടിയാണ് വിവാദമായിരുന്നത്.