Kerala
വിശ്രമ കേന്ദ്രത്തിന് ഭൂമി: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരന്‍

തിരുവനന്തപുരം | ദേശീയ പാതയോരത്ത് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനല്‍കിയതില്‍ വന്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുാമയി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ദേശീയ പാതയുടെ ഒരു സെന്റ് ഭൂമി പോലും എടുത്തിട്ടില്ലെന്നും എന്നാല്‍ സംസ്ഥാന പാതയോരത്ത് വിശ്രമ കേന്ദ്രം സ്ഥാപിക്കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും പക്ഷേ, അതിന്റെ ടെന്‍ഡര്‍ പൊട്ടിച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
ഭാവിയിലെ റോഡ് വികസനം കണക്കിലെടുത്താലും അത് കഴിഞ്ഞ് ഏക്കര്‍ കണക്കിന് ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഇവിടെ വിശ്രമ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ഇതിനായി പത്ത് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റ് നടപടികളൊന്നും ആയില്ലെന്നും സുധാകരന്‍ പറഞ്ഞു.
കണ്ടെത്തിയ സ്ഥലങ്ങളില്‍ ഏഴെണ്ണം കെ.എസ്.ഡി.പിയുടെ നിയന്ത്രണത്തിലും മൂന്നെണ്ണം പി.ഡബ്ലു.ഡിയുടെ നിയന്ത്രണത്തിലുമാണ്. ഇത് ആര്‍ക്കും കൊടുത്തിട്ടില്ല. ടെന്‍ഡര്‍ നടപടിയിലൂടെ മാത്രം കൈമാറിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.