Connect with us

Achievements

അമ്പരപ്പിച്ച് പായൽ കുമാരി; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മഹാത്മാഗാന്ധി സർവകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് അഭിനന്ദനം അറിയിച്ചു. പായൽ കൈവരിച്ച നേട്ടം വലിയ സന്തോഷവും അഭിമാനവുമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മൾ കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നുവെന്നും ഇതിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ പായലിനാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

പെരുമ്പാവൂർ മാർത്തോമ വനിത കോളേജിൽനിന്ന് ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്. ബിഹാറിൽനിന്ന് തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെനന്റെ പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നു.

ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിൽ ഗോസെയ്മടി ഗ്രാമത്തിൽ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലേക്കെത്തിയത്.  95 ശതമാനം മാർക്കോടെയാണ് പായൽ പ്ലസ് ടു പൂർത്തിയാക്കിയത്. എസ് എസ് എൽ സിക്ക് 83 ശതമാനം മാർക്കുമുണ്ടായിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ ശീലം. പി ജിയാണ് അടുത്ത ലക്ഷ്യം. ജെ എൻ യു ഉൾപ്പെടെ ഇഷ്ടങ്ങളുണ്ട്. സിവിൽ സർവീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്.

 

Latest