Connect with us

International

സ്‌ഫോടനത്തില്‍ ലബനാനില്‍ പ്രതിഷേധം പടരുന്നു; മന്ത്രി രാജിവെച്ചു

Published

|

Last Updated

ബെയ്റൂത്ത് | ലബനാന്‍ വിവര വകുപ്പ് മന്ത്രി മനാല്‍ അബ്ദുല്‍ സമദ് രാജിവെച്ചു. തലസ്ഥാന നഗരിയായ ബെയ്റൂത്തില്‍ 158 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിറകെയാണ് മന്ത്രിയുടെ രാജി. ലബനാന്‍ ജനതയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തുകയാണെന്നും രാജി പ്രഖ്യാപിച്ച വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് പേരാണ് സ്‌ഫോടനത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.

പ്രതിഷേധക്കാര്‍ വിവിധ മന്ത്രാലയങ്ങളിലേക്ക് അതിക്രമിച്ച് കടക്കുകയും രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതോടെ പോലിസ് കണ്ണീര്‍വാതക പ്രയോഗിച്ചു. സംഭവത്തില്‍ 728 പ്രതിഷേധക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സംഘര്‍ഷത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ബെയ്റൂത്തിലെ തുറമുഖ പ്രദേശത്ത് ഉഗ്ര സ്ഫോടനമുണ്ടായത്. ഗോഡൗണില്‍ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറായിരത്തിലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കുപറ്റി. ആളുകള്‍ക്ക് വേണ്ടി ഇനിയും തിരച്ചില്‍ തുടരുകയാണ്.

Latest