Connect with us

International

ശ്രീലങ്കൻ തിരഞ്ഞെടുപ്പ്: വിജയം നിലനിർത്തി രാജപക്‌സെ സഹോദരങ്ങൾ

Published

|

Last Updated

കൊളംബോ| രാജ്യത്തെ പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങൾക്കൊടുവിൽ ഭൂരിഭാഗം സീറ്റുകളും തൂത്തൂവാരി രാജപക്‌സെ സഹോദരങ്ങൾ. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ ശ്രീലങ്ക പൊതുജന പാർട്ടി ( എസ് എൽ പി പി) 145 സീറ്റുകൾ നേടി. 225 അംഗ പാർലിമെന്റിൽ അഞ്ച് സഖ്യ കക്ഷികളുടെ പിന്തുണയും കൂടിയാകുമ്പോൾ വിജയം പ്രതിപക്ഷത്തിന് വൻ തിരിച്ചടിയാകും. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ എസ് എൽ പി പിയുടെ പ്രധാന എതിരാളിയായ യുനൈറ്റഡ് നാഷനൽ പാർട്ടിക്ക് വെറും 54 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

1.62 കോടിയില്പരം വോട്ടർമാരുള്ള ശ്രീലങ്ക ഇക്കുറി ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഏകദേശം 75 ശതമാനത്തിലധികം പേർ വോട്ട് ചെയ്തു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ ഇളയ സഹോദരനും നിലവിൽ പ്രസിഡന്റുമായ ഗോതബയ രാജപക്‌സെ തത്സ്ഥാനത്ത് തന്നെ തുടരുമെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. ഭരണഘടനയിൽ മാറ്റം വരുത്താനും രാജവംശത്തെ കൂടുതൽ ശക്തിപ്പെടുത്താനും തിരഞ്ഞെടുപ്പ് വിജയം കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പാർലിമെന്റ് രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നതായ ഫലമറിഞ്ഞ ഉടനെ ഗോതബയ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ തമിഴ് പുലികളുടെ പ്രതിരോധങ്ങളെ അടിച്ചമർത്തുന്ന കർക്കശ നിലപാടിലൂടെയാണ് ലോകം ഈ സഹോദരങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗോതബയയുടെ മിലിട്ടറി പശ്ചാത്തലമാണ് തമിഴ് പുലികളെ ഉന്മൂലനം ചെയ്യുന്നതിലേക്ക്  സിംഹള സർക്കാറിനെ കൊണ്ടെത്തിച്ചത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ വിജയവും ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

Latest