Kerala
കേരളത്തില്‍ മഴയുടെ ലഭ്യതയില്‍ 27 ശതമാനം കുറവ്; മഴ കൂടുതല്‍ കോഴിക്കോടും കുറവ് വയനാട്ടിലും

പത്തനംതിട്ട | തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 27 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. 1322.9 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ലഭിച്ചത് 967.2 മില്ലീമീറ്റര്‍ മഴ. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്, ഇടുക്കി ജില്ലകളിലാണ്. പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോടും. കോഴിക്കോട് ജില്ലയില്‍ മാത്രമാണ് അധികം മഴ ലഭിച്ചത്. 1733.99 മില്ലീമീറ്റര്‍ മഴ ലഭിച്ച സ്ഥാനത്ത് 1811.9 മില്ലീ മീറ്റര്‍ മഴയാണ് കോഴിക്കോട് ലഭിച്ചത്.
വയനാട് 44 ശതമാനവും ഇടുക്കിയില്‍ 47 ശതമാനവുമാണ് മഴക്കുറവ്. വയനാട് 1661.9 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ലഭിച്ചത് 689.6 മില്ലീ മീറ്റര്‍ മഴമാത്രം. ഇടുക്കിയില്‍ 1599.9 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 852.4 മില്ലീ മീറ്ററും. ആലപ്പുഴയില്‍ 31 ശതമാനവും എറണ്ണാകുളത്ത് 31 ശതമാനവും കൊല്ലത്ത് 29 ശതമാനവും മലപ്പുറത്ത് 35 ശതമാനവും പാലക്കാട് 31 ശതമാനവും തൃശൂരില്‍ 44 ശതമാനവും പത്തനംതിട്ടയില്‍ 17 ശതമാനവും മഴയുടെ ലഭ്യതയില്‍ കുറവുണ്ടാതയായി കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ ശരാശരി മഴയും ലഭിച്ചു. ബൂധനാഴ്ച രാവിലെ വസാനിച്ച 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. കോട്ടയത്ത് 197.6 മില്ലീമീറ്ററും വൈക്കത്ത് 191 മില്ലീ മീറ്ററും മഴ ലഭിച്ചു. ആലപ്പുഴ ചേര്‍ത്തലയില്‍ 176 മില്ലീ മീറ്റര്‍ മഴയും ലഭിച്ചു. ഇന്നലെ രാവിലെ 11 വരെയുള്ള സംസ്ഥാനത്തെ കെഎസ്ഇബി ലിമിറ്റഡിന്റെ പ്രധാന സംഭരണികളായ ഇടുക്കിയില്‍ 33 ശതമാനവും കക്കിയില്‍ 24.25 ശതമാനവും പമ്പയില്‍ 23 ശതമാനവും വെള്ളമുണ്ട്. ഇടമലയാറില്‍ 25 ശതമാനവും, കുറ്റ്യാടിയില്‍ 23 ശതമാനവും ബാണാസുരയില്‍ 31.94 ശതമാനവും പൊരിങ്ങല്‍കുത്തില്‍ 56.57 ശതമാനവും ഷോളയാറില്‍ 33 ശതമാനവും, കല്ലാര്‍ക്കുട്ടിയില്‍ 44.01 ശതമാനവും, മാട്ടുപ്പെട്ടിയില്‍ 9.65 ശതമാനവും, കുണ്ടളയില്‍ 12.42 ശതമാനവും, ലോവര്‍ പെരിയാറില്‍ 53.11 ശതമാനവും, പൊന്‍മുടിയയില്‍ 45.56 ശതമാനവും മൂഴിയാറില്‍ 32.76 ശതമാനവും സെങ്കുളത്ത് 33.33 ശതമാനവും ആനയിറങ്കലില്‍ 14.88 ശതമാനവും ജലമുണ്ട്.
സംസ്ഥാനത്തെ കെഎസ്ഇബിയുടെ മൊത്തം സംഭരണികളുടെ ശേഷിയുടെ 29 ശതമാനത്തോളമാണ് ഇത്. 2019നെ അപേക്ഷിച്ച് 359.43 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ അധികം ജലമാണ് ഇത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം സാധാരണനിലയില്‍ ആയിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ. ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയാണു തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍.