Connect with us

Editorial

ഓണ്‍ലൈന്‍ ചാരിറ്റി രംഗത്തെ തട്ടിപ്പ് തടയണം

Published

|

Last Updated

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പുതിയൊരു മേഖലയായി മാറുകയാണോ സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍? മാതാവിന്റെ ചികിത്സക്കായി ഉദാര മനസ്സുകളില്‍ നിന്ന് ബേങ്കിലെത്തിയ പണത്തിന്റെ വിഹിതമാവശ്യപ്പെട്ട് “ചാരിറ്റി പ്രവര്‍ത്തകര്‍” ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ സ്വദേശിനി വര്‍ഷയെന്ന യുവതി പോലീസിന് നല്‍കിയ പരാതിയാണ് ഇത്തരമൊരു സംശയം ജനിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ഷയുടെ അമ്മയുടെ കരള്‍ മാറ്റശസ്ത്രക്രിയക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകക്കാണ് വര്‍ഷ ഒരു ചാരിറ്റി പ്രവര്‍ത്തകന്റെ സഹായത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്. എന്നാല്‍, പ്രതീക്ഷിച്ച തുകയേക്കാൾ വളരെ കൂടുതല്‍ തുക ലഭിച്ചു. ഒരു കോടി 35 ലക്ഷം രൂപയാണ് വര്‍ഷയുടെ അക്കൗണ്ടിലെത്തിയത്. ഇതോടെ പണം തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ട് മാറ്റണമെന്നാവശ്യപ്പെട്ട് ചാരിറ്റി പ്രവര്‍ത്തകന്‍ വര്‍ഷയെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഡി സി പി. ജി പൂങ്കുഴലിക്ക് വർഷ നല്‍കിയ പരാതിയില്‍ പറയുന്നു.

ചാരിറ്റി പ്രവര്‍ത്തകര്‍ മുഖേന നല്‍കുന്ന സഹായ അഭ്യര്‍ഥനകളിലേക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തുന്നതിന് പിന്നില്‍ ഹവാല- കുഴല്‍പണ മാഫിയയോ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളോ ഉണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ചാരിറ്റിയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ലഭിക്കുന്ന സംഖ്യ തങ്ങള്‍ പറയുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്ന് അക്കൗണ്ട് ഉടകമകളുമായി കരാറിലേര്‍പ്പെടുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടും വരെ തയ്യാറാക്കുന്നുണ്ട്. ഇങ്ങനെ രോഗികള്‍ക്കും നിർധന കുടുംബങ്ങള്‍ക്കും ലഭിക്കുന്ന സംഖ്യയുടെ വിഹിതം തങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും അവര്‍ സഹായ അഭ്യര്‍ഥന നടത്തുന്നതത്രെ.

അക്കൗണ്ട് ഉടമകളായ രോഗികളുടെ സ്വന്തക്കാര്‍ ആശുപത്രി തിരക്കുകളിലാകുമ്പോള്‍ ചികിത്സക്കാവശ്യമുള്ള പണം നല്‍കി ബാക്കിയുള്ളവ ഇവര്‍ സ്വന്തം അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ മാറ്റും. മിക്ക ആളുകളും ചികിത്സക്കാവശ്യമായ തുക കഴിഞ്ഞാല്‍ ബാക്കിയുള്ളവ ഫണ്ട് ശേഖരിക്കുന്നതിന് തങ്ങളെ സഹായിച്ചവരെന്ന പരിഗണനയില്‍ ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ സന്നദ്ധരാകും. ഇങ്ങനെ ലഭിക്കുന്ന തുക നിര്‍ധനരായ മറ്റേതെങ്കിലും രോഗികള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുകയെന്നാണ് ചാരിറ്റി പ്രവര്‍ത്തകരും സംഘടനകളും അവകാശപ്പെടാറെങ്കിലും നിയമ സംവിധാനങ്ങളുടെ കണ്ണില്‍പെടാത്ത ഈ പണം യഥാര്‍ഥത്തില്‍ ഏത് വഴിക്കാണ് പോകുന്നതെന്ന് വ്യക്തത കുറവാണ്.

വര്‍ഷയുടെ അമ്മയുടെ ചികിത്സക്ക് 30 ലക്ഷത്തിന് അഭ്യര്‍ഥന നടത്തിയപ്പോള്‍ ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ രൂപയാണ് അക്കൗണ്ടില്‍ എത്തിയത്. ഇതോടെ, ഇനി ആരും പണം അയക്കേണ്ടതില്ലെന്ന് ചാരിറ്റി പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടും പിന്നെയും അക്കൗണ്ടിലേക്ക് വലിയ തുകകള്‍ വന്നു. മാത്രമല്ല, വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഈ അക്കൗണ്ടിലേക്ക് 60 ലക്ഷമാണ് അയച്ചത്. അതും ഒറ്റത്തവണയായി. എന്തിനാണ് 30 ലക്ഷം ആവശ്യപ്പെട്ട ഒരു ചികിത്സക്ക് 60 ലക്ഷം അയക്കുന്നത്? ഇതൊക്കെയാണ് ഇതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളുണ്ടെന്ന സംശയം ബലപ്പെടാൻ ഇടയാക്കുന്നത്. ചികിത്സക്കാവശ്യമായ തുക കഴിച്ച് ബാക്കിയുള്ളത് തിരികെ ലഭിക്കുമെന്ന ഉറപ്പ് പ്രകാരം സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ കുഴല്‍പ്പണമായിരിക്കാം പലരും വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതെന്നാണ് പോലീസിന്റെ നിഗമനം.

എന്നാല്‍, വര്‍ഷ ചാരിറ്റി പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ട മുറക്ക് കൂടുതല്‍ വന്ന തുക തിരിച്ചേല്‍പ്പിക്കാന്‍ സന്നദ്ധമായില്ല. തനിക്ക് കിട്ടിയ തുകയില്‍ നിന്ന് താന്‍ തന്നെ ഒരു പാവപ്പെട്ട രോഗിക്ക് നല്‍കിയിട്ടുണ്ടെന്നും ഇനിയും ബാക്കിയുള്ളത് അമ്മയുടെ ചികിത്സ പൂര്‍ത്തിയായ ശേഷമേ നല്‍കുകയുള്ളൂവെന്നുമുള്ള നിലപാടാണ് യുവതി സ്വീകരിച്ചത്. ഇതാണ് ഇപ്പോഴുള്ള തര്‍ക്കത്തിനും ഭീഷണിപ്പെടുത്തലിനും വഴിവെച്ചത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണം ഇതാദ്യമല്ല. രണ്ട് വര്‍ഷം മുമ്പ് ചാരിറ്റി പ്രവര്‍ത്തകര്‍ പരസ്പരം സാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പ് ആരോപിക്കുകയും തുടര്‍ന്ന് കൂട്ടത്തിലൊരാള്‍ ഞാന്‍ ഈ പണിക്കില്ലെന്ന് തറപ്പിച്ച് പറയുകയും ചെയ്തതാണ്. അന്നൊന്നും ഇതുസംബന്ധിച്ച് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇപ്പോള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം കൂടി വന്നിട്ടുണ്ട്. കൂടാതെ, വിവിധ പേരുകളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തി വരുന്നു. ഇവരില്‍ നല്ല മനസ്സോടെയും ദൈവകൃപ കാംക്ഷിച്ചും പ്രവര്‍ത്തിക്കുന്നവരുണ്ടാകാം. കൂട്ടത്തില്‍ തട്ടിപ്പുകാരുമുണ്ടെന്നാണ് വര്‍ഷയുടെ അനുഭവം ബോധ്യപ്പെടുത്തുന്നത്.

സത്യസന്ധതക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടില്‍ ജനങ്ങളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ് ചിലര്‍. പാവപെട്ട കുടുംബങ്ങളുടെയും രോഗബാധിതരുടെയും ദൈന്യതയും സങ്കടാവസ്ഥയും മുതലെടുത്ത് പ്രവാസികളെയും മറ്റ് സന്മനസ്സുകളെയും വഞ്ചിക്കുന്ന കപടരുടെ തനിനിറം കണ്ടെത്തുകയും അത് പുറത്തുകൊണ്ട് വരികയും വേണം. പ്രത്യുത സത്യസന്ധമായി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവർ പോലും സംശയത്തിന്റെ നിഴലിലാകാൻ ഇത്തരം കറുത്ത അധ്യായങ്ങൾ ഇടയാക്കും.

ഗുരുതര രോഗം ബാധിച്ചും ദാരിദ്ര്യം മൂലവും ജീവിതം വഴിമുട്ടിയവരെയും നിരാശരായി കഴിയുന്നവരെയും പുതുജീവിത്തിന്റെ തീരങ്ങളിലേക്കും പ്രതീക്ഷയുടെ ലോകത്തേക്കും കൈപിടിച്ച് നടത്തുന്ന നിരവധി ചാരിറ്റി പ്രവര്‍ത്തകരും സംഘടനകളും നാട്ടിലും പ്രവാസ ലോകത്തുമുണ്ട്. എത്രയോ രോഗികളും നിര്‍ധനരും അശരണരും ഇവരുടെ സഹായ ഹസ്തങ്ങള്‍ കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട്. അത്തരക്കാരെ സമൂഹത്തിനും നാടിനും ആവശ്യമാണ്. അവരില്‍ സമൂഹം അര്‍പ്പിച്ച വിശ്വാസ്യത നിലനില്‍ക്കുകയും വേണം. ഇതിന് കള്ളനാണയങ്ങളെ എടുത്ത് പുറത്തിട്ടേ തീരൂ.

Latest