Connect with us

National

വീട്ടുകാരുടെ സമ്മതമില്ലാതെ വീടുകൾക്ക് കാവിനിറം അടിച്ചു; യു പിയിൽ മന്ത്രിക്കെതിരെ ആരോപണം

Published

|

Last Updated

ലഖ്‌നൗ| ഉത്തർപ്രദേശിൽ ഒരുകൂട്ടം ആളുകൾ വീട്ടുകാരുടെ സമ്മതമില്ലാതെ വീടുകൾക്ക് കാവിനിറം അടിച്ചത് വിവാദത്തിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നഗരത്തിലാണ് സംഭവം. തങ്ങളുടെ വീടുകൾക്ക് കാവിനിറം പൂശിയതിന് എതിർപ്പ് പ്രകടിപ്പിച്ച് ഒരു വ്യാപരി പരാതിയുമായി രംഗത്തെത്തിയിരുന്നു. കാവിനിറം അടിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും അധിക്ഷേപിച്ചതായും അദ്ദേഹം പരാതിയിൽ പറയുന്നു.

സംഭവം നടന്ന സ്ഥലത്താണ് മന്ത്രി നന്ദഗോപാലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് വികസനപ്രവർത്തനമാണ് തങ്ങൾ നടത്തുന്നതെന്നും ഈ വിവാദം അനാവശ്യമാണെന്നുമാണ് മന്ത്രി നൽകിയ വിശദീകരണം.

വ്യാപാരി രവി ഗുപ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എടുത്തിരുന്നു. വീടിന്റെ ബാൽക്കണിയിൽ ഇരുന്നാണ് അദ്ദേഹം വീഡിയോ എടുത്തത്. ഒരു കൂട്ടം ആളുകൾ തന്റെ വീടിന് പുറത്തെ മതിലുകളിൽ കാവി കളർ അടിക്കുന്നതായും മത ചിഹ്നങ്ങൾ വരക്കുന്നതും വീഡിയോയിൽ കാണാം.

ഈ ഗുണ്ടായിസം എത്രമാത്രം വളർന്നുവെന്ന് നോക്കൂ എന്ന് ദൃക്‌സാക്ഷികളിലൊരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഞാൻ നിർത്താൻ പറയുമ്പോൾ നിങ്ങൾ നിർത്തിയിരിക്കണം എന്ന് പറയുന്നതും വീഡിയോയിലുണ്ട്. എന്നാൽ ഇതൊന്നും കേൾക്കാതെ വീടിന്റെ പുറം ഭാഗം മുഴുവൻ പെയിന്റടിച്ച് ആളുകൾ മടങ്ങുകയായിരുന്നു.

സംഭവത്തിൽ പ്രയാഗ് രാജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശഅർവാണിയാണ് കേസിലെ പ്രധാന പ്രതി. എന്നാൽ ഇതിൽ കാവിനിറം മാത്രമല്ല. പച്ചയും ചുവപ്പും ചോക്കലേറ്റ് നിറവുമെല്ലാം നിങ്ങൾക്ക് കാണാൻ കഴിയുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

Latest