Connect with us

Kerala

ഇന്ത്യയുടെ അഞ്ച് പട്രോള്‍ പോയിന്റുകള്‍ കൂടി ചൈന കൈയടക്കി

Published

|

Last Updated

ന്യൂഡല്‍ഹി |  കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന പൂര്‍ണ ലക്ഷ്യത്തോടെ കൂടുതല്‍ ഇന്ത്യന്‍ മേഖലകളില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേന റോന്തുചുറ്റുന്ന പട്രോള്‍ പോയിന്റ് (പി പി) 10, 11, 11 എ., 12, 13 മേഖലകളാണ് ചൈന കടന്നുകയറിയിരിക്കുന്നത്. 20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ സംഘര്‍ഷം നടന്ന പി പി 14 മേഖലയില്‍ ആധിപത്യംസ്ഥാപിച്ച് വൈ ജംഗ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതിന് പിന്നാലെയാണിത്.

ദൗലത്ത് ബാഗ് ഓള്‍ഡിയിലെ (ഡി ബി ഒ) ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റര്‍മാത്രം അകലെയാണ് ഗാല്‍വന്‍ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷന്‍. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിനും ഡി ബി ഒ വ്യോമത്താവളത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇവിടെ ചൈന തുറന്ന പോര്‍മുഖത്തുനിന്ന് ഗാല്‍വന്‍ നദിക്കരയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാന്‍ കഴിയും. വൈ ജംഗ് ഷനിലെ ചൈനയുടെ നിര്‍മാണപ്രവര്‍ത്തനം ഇന്ത്യയുടെ പ്രദേശത്തുതന്നെയാണെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

സംഘര്‍ഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചെരിവുകളിലെ എട്ടുമലനിരകളില്‍ (ഫിംഗറുകള്‍) ഫിംഗര്‍ നാലുവരെ ചൈനീസ് സൈന്യം നേരത്തേ സാന്നിധ്യമുറപ്പിച്ചിരുന്നു. ഫിംഗര്‍ എട്ടാണ് ഇവിടെ അതിര്‍ത്തിയായി ഇന്ത്യ കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയില്‍ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോള്‍ നാലുവരെ പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലാണുള്ളത്.

 

---- facebook comment plugin here -----

Latest