Connect with us

Kerala

ജമാഅത്തുമായി സഖ്യത്തിന് യു ഡി എഫ് കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ പച്ചക്കൊടി

Published

|

Last Updated

കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യു ഡി എഫ് ജില്ലാ കൺവെൻഷൻ മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് | പ്രാദേശിക എതിർപ്പുകൾ അവഗണിച്ച് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിന് യു ഡി എഫ് കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ പച്ചക്കൊടി. ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ജില്ലാ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻമാരുടെയും കൺവീനർമാരുടെയും ജില്ലാ നേതാക്കളുടെയും നേതൃസമ്മേളനത്തിലാണ് ധാരണ.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആർ എസ് എസ്, സി പി എം കക്ഷികളുമായി ഒരു ഐക്യത്തിനും വിട്ടുവീഴ്ചക്കുമില്ലെന്നും ഈ കക്ഷികളൊഴികെയുള്ള വിശാല ഐക്യത്തിന് യു ഡി എഫ് തയ്യാറാണെന്നുമാണ് നേതൃസമ്മേളനത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ വാർത്താകുറിപ്പിൽ യു ഡി എഫ് വ്യക്തമാക്കിയത്.

സി പി എം, ആർ എസ് എസ് കക്ഷികളോട് മാത്രമേ അകൽച്ച പാലിക്കേണ്ടതുള്ളൂവെന്ന തീരുമാനത്തിൽ നിന്ന് വെൽഫയർ പാർട്ടിയോടുള്ള അനുകൂല നിലപാട് നിങ്ങൾക്ക് വ്യക്തമാകുന്നില്ലേയെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത പ്രമുഖ യു ഡി എഫ് നേതാവ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. എന്നാൽ, ചില മുസ്‌ലിം ലീഗ് നേതാക്കൾ ഇത്തരത്തിലുള്ളൊരു നീക്കുപോക്ക് ഇപ്പോൾ തീരെ പുറത്തറിയേണ്ടതില്ലെന്ന നിലപാടിലാണുള്ളത്.
അതേസമയം, പേരാമ്പ്രയിലെ ചില ഭാഗങ്ങളിൽ യു ഡി എഫ് നേതാക്കളും ജമാഅത്ത് പ്രതിനിധികളുമായി നടത്താനിരുന്ന ചർച്ച ചില കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെത്തുടർന്ന് മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലെ തീരുമാനത്തിന് ശേഷം മാത്രമേ ഇത്തരത്തിലൊരു ചർച്ച വേണ്ടതുള്ളൂവെന്നാണ് അവരുടെ പക്ഷം.

എന്നാൽ, ജില്ലയിൽ ജമാഅത്തുമായുള്ള ചർച്ചകളും നീക്കുപോക്കുകളും മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ മുന്നോട്ട് പോയതായാണ് വിവരം. യു ഡി എഫിലെ പ്രമുഖനും വെൽഫയർ പാർട്ടിയുടെ സംസ്ഥാന നേതാവും തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞു. അടുത്ത ദിവസങ്ങളിലും ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുമെന്നാണ് യു ഡി എഫ് പക്ഷത്തു നിന്നുള്ള വിവരം.
എന്നാൽ, ലീഗ്- ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിനെതിരെ മുജാഹിദ് മർകസുദ്ദഅ്‌വ വിഭാഗം രംഗത്ത് വന്നത് തിരിച്ചടിയായിട്ടുണ്ട്. ഇത്തരത്തിൽ യു ഡി എഫിനെ കാലാകാലങ്ങളായി പിന്തുണക്കുന്ന ജമാഅത്തുമായി കടുത്ത ആശയ ഭിന്നതയുള്ളവരുടെ എതിർപ്പിനെ എങ്ങനെ മറികടക്കുമെന്ന ചോദ്യങ്ങളും യു ഡി എഫിന്റെ പ്രാദേശിക ഘടകങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

ഇന്നലെ ചേർന്ന യു ഡി എഫ് യോഗത്തിൽ ജില്ലാ ചെയർമാൻ ബാലനാരായണൻ അധ്യക്ഷത വഹിച്ചു. ജൂലൈ ആദ്യവാരം വാർഡ് യു ഡി എഫ് കമ്മിറ്റിയും ജൂലൈ 10നകം നിയോജക മണ്ഡലം നേതാക്കളുടെ യോഗവും നടത്താൻ തീരുമാനിച്ചു.

Latest