National
ഗുജറാത്തിലെ ഈ ഗ്രാമത്തില്‍ റോഡും കുടിവെള്ളവുമെത്തിയത് അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍
വഡോദര | ഗുജറാത്തില്‍ പാഞ്ച്മഹല്‍ ജില്ലയിലെ ടുവ ഗ്രാമത്തില്‍ ഒടുവില്‍ റോഡും അങ്കണ്‍വാടിയും കുടിവെള്ളവുമെത്തി. 46 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗ്രാമത്തിലെ 50 കുടുംബങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിച്ചത്. അര നൂറ്റാണ്ടോളമായി അപേക്ഷകളും നിവേദനങ്ങളുമായി ഇവര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്.
ഒടുവില്‍ ജില്ലാ പഞ്ചായത്ത് പ്രമേയവും പാസ്സാക്കി. പാണം അണക്കെട്ട് നിര്‍മാണത്തിനിടെ ഭൂമി നഷ്ടപ്പെട്ട 50 കുടുംബങ്ങളെയാണ് 1974ല്‍ മഹിഷഗറില്‍ നിന്ന് ടുവ ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചത്. വസന്തകാലത്തും ചൂടുവെള്ളം ലഭിക്കുന്ന മധ്യ ഗുജറാത്തിലെ ഏക സ്ഥലം കൂടിയാണ് ടുവ. അന്ന് വെള്ളത്തിന്റെ ചൂട് 54 മുതല്‍ 65 ഡിഗ്രി വരെയാണ്. പ്രകൃതിയില്‍ ഉയര്‍ന്ന തോതിലുള്ള ക്ഷാരവും ലവണവുമാണ് ചൂടുവെള്ളത്തിന് കാരണം.
ഇതുകാരണം കുടിവെള്ളത്തിനായി അയല്‍ ഗ്രാമങ്ങളെയാണ് ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നത്. പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്റര്‍ റോഡാണ് ഗ്രാമത്തിലേക്ക് നിര്‍മിക്കുന്നത്. തീര്‍ഥാടന കേന്ദ്രം കൂടി ആയി ഗ്രാമത്തെ കാണുന്നുണ്ട്. പക്ഷേ റോഡ് സൗകര്യമില്ലാത്തത് ഏറെ ക്ലേശം സൃഷ്ടിച്ചിരുന്നു.