Connect with us

Covid19

റോഡുകളിലും മാര്‍ക്കറ്റുകളിലും വലിയ തിരക്ക്; പോലീസും ജില്ലാ ഭരണകൂടവും ഇടപെടണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | രണ്ട് ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്നും ഇവിടങ്ങളില്‍ ശാരീരിക അകലം പാലിക്കപ്പെടാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പോലീസും ജില്ലാ ഭരണകൂടവും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ പലപ്പോഴും അലംഭാവം കാണാനുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. അതില്‍ വലിയ അലംഭാവം കാണുന്നു. ഇനിയുള്ള നാളുകളില്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്‌ക് ഉപയോഗം വരും. സ്‌കൂളുകളില്‍, യാത്രകളില്‍, ആള്‍ക്കാര്‍ കൂടുന്ന ഇടങ്ങളില്‍ ഒക്കെ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ വേണം. ചിലയിടത്തെങ്കിലും മാലിന്യങ്ങള്‍ കുമിഞ്ഞുകിടക്കുന്നുണ്ട്. അത് നിര്‍മാര്‍ജനം ചെയ്യുന്നത് പ്രധാനമാണ്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തദ്ദേശ സ്ഥാപനങ്ങല്‍ സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരെ മാത്രം ഉപയോഗിട്ട് ഇത് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികളെ അടക്കം ഉപോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.