Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ്; 15 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലക്കാരാണ് മൂന്നുപേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. 15 പേര്‍ രോഗമുക്തി നേടി. കാസര്‍കോട് അഞ്ച്, പത്തനംതിട്ട മൂന്ന്, മലപ്പുറം മൂന്ന് കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ഒന്നു വീതം എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ആകെ 453 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 116 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

21,725 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണുള്ളത്. ഇന്നു മാത്രം 1,44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനക്കയച്ച 21,941 സാമ്പിളുകളില്‍ 20,830 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള കണ്ണൂരില്‍ 56 പേരും കാസര്‍കോട്ട് 18 പേരും ചികിത്സയിലുണ്ട്. തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരു ചികിത്സയിലില്ല, കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കാട്ടിലൂടെ അതിര്‍ത്തി കടന്നുവന്ന എട്ടുപേരെ കൊറോണ കെയര്‍ സെന്ററിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ച കുഞ്ഞുങ്ങളെ വരെ ചികിത്സിച്ചു ഭേദമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു വയസ്സും പത്തുമാസവും പ്രായമുള്ള കുഞ്ഞിനെയും രണ്ടു വയസ്സുകാരനെയും ഇത്തരത്തില്‍ സുഖപ്പെടുത്തി. എന്നാല്‍, കോഴിക്കോട് ജില്ലയില്‍ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ഹൃദയസംബന്ധമായ അസുഖമുള്ള കുഞ്ഞിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഡോക്ടര്‍മാരും ആരോഗ്യ ജീവനക്കാരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമായി.

കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കാട്ടിലൂടെ ഇന്ന് എട്ടുപേര്‍ അതിര്‍ത്തി കടന്നെത്തിയെന്നും ഇവരെ കൊറോണ കെയര്‍ സെന്ററിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 57 പേരാണ് ഇത്തരത്തില്‍ നടന്ന് അതിര്‍ത്തി കടന്നെത്തിയത്. ഇവരെയെല്ലാം ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററുകളിലായി പാര്‍പ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest