Connect with us

Covid19

കൊവിഡ് പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതി; കാര്‍ഷിക മേഖലക്കായി പ്രത്യേക പദ്ധതി

Published

|

Last Updated

തിരുവനന്തപുരം | കാര്‍ഷിക മേഖലക്കായി പ്രത്യേക കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യ-മൃഗസംരക്ഷണ മേഖലയിലും കര്‍മ പദ്ധതി വ്യാപിപ്പിക്കും. പദ്ധതിക്ക് അടുത്താഴ്ച രൂപം നല്‍കും. ഇതുസംബന്ധിച്ച് വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും യോഗം ചേര്‍ന്നു. കര്‍മ പദ്ധതിയുടെ ഭാഗമായി കൃഷിക്കായി തരിശിട്ട നിലങ്ങള്‍ കണ്ടെത്തും. തരിശുനിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുകയാണ് ഉദ്ദേശ്യം. ഭൂമിയുടെ ഉടമകളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ കൃഷിയിറക്കാനാണ് ആലോചിക്കുന്നത്. അതിനാല്‍, ഭൂവുടമകള്‍ ആശങ്കപ്പെടേണ്ടതില്ല.

ഒരു വീട്ടില്‍ ഒന്നോ രണ്ടോ പശു പദ്ധതി നടപ്പാക്കും. മുട്ട-മാംസ ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാന്‍ നടപടിയുണ്ടാകും. സംസ്ഥാനത്തു മിച്ചംവരുന്ന പാല്‍ പാല്‍പ്പൊടിയാക്കി സൂക്ഷിക്കാന്‍ ആധുനിക സൗകര്യങ്ങളുള്ള പാല്‍പ്പൊടി പ്ലാന്റ് സ്ഥാപിക്കും. മത്സ്യമേഖലക്ക് സമഗ്രമായ സാമ്പത്തിക പാക്കേജ് കേന്ദ്രം പരിഗണിക്കണം. സംസ്ഥാനത്തെ വലിയ ജലാശയങ്ങള്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കീഴില്‍ കൊണ്ടുവരും. കടല്‍ മത്സ്യകൃഷി, അലങ്കാര മത്സ്യമേഖലയിലെ സാധ്യത എന്നിവ പരിശോധിക്കും. കര്‍ഷകര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വായ്പ ലഭ്യമാക്കാന്‍ വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനു നബാര്‍ഡിന്റെ സഹായം തേടും. കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളിലൂടെ ആളുകള്‍ കടക്കുന്നത് കര്‍ശനമായി തടയും. ഇതിനായി ഡി വൈ എസ് പിമാരെ നിയോഗിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബൈക്ക് പട്രോളിംഗുമുണ്ടാകും. ചരക്കു വാഹനങ്ങള്‍ പരിശോധിക്കും. നിശ്ചിത പ്രവേശന മാര്‍ഗങ്ങളിലൂടെ മാത്രമെ
പ്രവേശനം അനുവദിക്കൂ. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. മുംബൈയിലെ ജസ്ലോക്ക് ആശുപത്രിയിലും മറ്റും മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഷയം മഹാരാഷ്ട്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

Latest